മഹാരാഷ്ട്ര മോഡല്‍ മഹാസഖ്യം
അഞ്ചു വര്‍ഷമായി മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിപക്ഷത്ത് വീണുകിടപ്പായിരുന്നു. എങ്കിലും ആദര്‍ശം വിട്ടൊരു കളിയും കളിച്ചിട്ടില്ല. പാര്‍ട്ടിയുടെ സര്‍വസ്വവുമായിരുന്ന ശരത് പവാര്‍ പോയിട്ടും കാറ്റുപോകാത്ത പാര്‍ട്ടിയാണത്. വര്‍ഗീയവിരുദ്ധ നിലപാട് കൈവിട്ടില്ല. അങ്ങനെ എല്ലാ കാലവും നില്‍ക്കാന്‍ കഴിയുമോ സഹോദരന്മാരേ... അഞ്ചു കൊല്ലം കൊണ്ടുതന്നെ ക്ഷമ നശിച്ചിരിക്കുന്നു. വല്ല വിധേനയും ഭരണത്തില്‍ കേറുക തന്നെ. ഇനി വിട്ടുവീഴ്ച ചെയ്തില്ലെങ്കില്‍ വീഴ്ചയാണ് ഫലം എന്നു ബോധ്യമായിരിക്കുന്നു. അല്ലെങ്കിലും ചുമ്മാ പ്രതിപക്ഷത്തിരിക്കുമ്പോള്‍ പാര്‍ട്ടികളുടെ ആദര്‍ശത്തിന്റെ രോമത്തിനുപോലും ഒരു കേടും സംഭവിക്കില്ല. അധികാരത്തിന്റെ നാലയലത്തെങ്കിലും എത്താന്‍ വിദൂരസാധ്യതയെങ്കിലും ഉണ്ടെന്നു വന്നാലാണ് കളി മാറുക. ഇതാ മാറിയിരിക്കുന്നു.
ബി.ജെ.പി വര്‍ഗീയപാര്‍ട്ടിയാണോ എന്ന കാര്യത്തില്‍ സംശയം പണ്ടേയില്ല, ഇപ്പോഴുമില്ല. ശിവസേനയോ, സംശയം പണ്ടില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതു വരെ ഇല്ലായിരുന്നു. ബി.ജെ.പിയേക്കാള്‍ വര്‍ഗീയവിഷം ചൊരിയാറുള്ളത് സേനയല്ലേ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയാനാവില്ല. മുംബൈ കത്തിക്കുന്നതിനുള്ള തീപ്പെട്ടിയും കൊണ്ടായിരുന്നു അവരുടെ നടപ്പുതന്നെ. പലവട്ടം കത്തിച്ചിട്ടുമുണ്ട്. ആ വര്‍ഗീയതയെക്കുറിച്ചാണ് ഇപ്പോള്‍ ലേശം സംശയം ഉണ്ടായിരിക്കുന്നത്. ഹിന്ദു പാര്‍ട്ടിയാണ് തങ്ങളുടേതെന്നു തന്നെയേ അവര്‍ പറയാറുള്ളൂ. സ്ഥാപകന്‍ ബാല്‍ താക്കറെയെ തോല്‍പ്പിക്കുന്ന ഒരു ഹിന്ദുത്വവാദി ബി.ജെ.പിയിലോ ആര്‍.എസ്.എസിലോ ഒരുകാലത്തും ഉണ്ടായിരുന്നിട്ടില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് അവര്‍ കഴിഞ്ഞുകൂടുന്നത്. അതുകൊണ്ടാണ് അവര്‍ ബാല്‍ താക്കറെയ ഹിന്ദു സാമ്രാജ്യാധിപന്‍ എന്ന് ഇപ്പോഴും വിളിക്കുന്നത്. എന്നാലും സാരമില്ല. അതൊരു പ്രാദേശിക വിപത്ത് മാത്രമാണ്. മറ്റേത് ദേശീയവിപത്താണ്. ദേശീയവിപത്തിനെ നേരിടാന്‍ പ്രാദേശിക വിപത്തുമായി വിട്ടുവീഴ്ചയാവാം!.
സോണിയാജി മുംബൈയിലേക്ക് ദിവസവും പാഞ്ഞുചെല്ലുന്നില്ല എന്നേ ഉള്ളൂ. ശിവസേന കാര്യത്തില്‍ ചരടുവലിക്കാന്‍ പറ്റിയ കിങ്കരന്മാരെ അയക്കുന്നുണ്ട്. പഴയ വിരോധമൊന്നും മാഡം സോണിയയ്ക്ക് പവാര്‍ജിയോട് ഇപ്പോഴില്ല കേട്ടോ. സോണിയാജിയുടെ അഭിപ്രായം ചോദിക്കാതെ പവാര്‍ജി ഒന്നും ചെയ്യില്ല. ഇല്ല, പഴയതെല്ലാം മറന്നതുകൊണ്ടല്ല. 1999ല്‍ സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ എതിര്‍ത്താണ് പവാര്‍ പാര്‍ട്ടി വിട്ടത്. വിദേശി വേണ്ട, നല്ല നാടന്‍ നേതാവ് തന്നെ വേണം എന്നതായിരുന്നു ഡിമാന്‍ഡ്. പക്ഷേ, അഞ്ചു കൊല്ലം കഴിഞ്ഞ് 2004ല്‍ സോണിയ മാറിനിന്ന് ഡോ. മന്‍മോഹന്‍ സിങ് വന്നപ്പോള്‍തന്നെ പവാറിന്റെ വിരോധങ്ങളെല്ലാം അലിഞ്ഞില്ലാതായിരുന്നു. അദ്ദേഹം എന്‍.ഡി.എ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയുമായി. 38ാം വയസില്‍ കോണ്‍ഗ്രസ് വിട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിയായതാണ് പവാര്‍. കൊല്ലം കുറെയായി. എന്നെങ്കിലും പ്രധാനമന്ത്രിയാകണം എന്ന മോഹം ഇനി നടക്കുമെന്നു തോന്നുന്നില്ല.
അതുപോകട്ടെ, ശിവസേനയുടെ കാര്യം ആലോചിക്കാം. ബി.ജെ.പിക്ക് ഒപ്പം തന്നെയെങ്കിലും ഇടയ്ക്കിടെ അവരെയൊന്ന് കുത്താതെ ഉറക്കംവരില്ല ശിവസൈനികര്‍ക്ക്. കേരളത്തില്‍ സി.പി.എമ്മിനെ സി.പി.ഐ കുത്തുന്നതിനേക്കാള്‍ കടുപ്പത്തിലാണ് ശിവസൈനികരുടെ കുത്ത്. ഞാനോ നീയോ മൂപ്പന്‍ എന്ന തര്‍ക്കം പണ്ടേ ഉണ്ട് അവര്‍ തമ്മില്‍. ബി.ജെ.പിയുടെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുന്നതിനേക്കാള്‍ 19 വര്‍ഷം മുന്‍പ് ഇതേ ബി.ജെ.പിയുടെ സഹായത്തോടെ ശിവസൈനികന്‍ മനോഹര്‍ ജോഷി മുഖ്യമന്ത്രിയായിട്ടുണ്ട്. എന്തുകൊണ്ട് വീണ്ടും ആയിക്കൂടാ. ബി.ജെ.പി പിന്താങ്ങുന്നില്ലെങ്കില്‍ കോണ്‍ഗ്രസും പവാറും പിന്താങ്ങിയാല്‍ ഒരു താക്കറെ സന്തതിക്ക് മുഖ്യമന്ത്രിയാകാമല്ലോ.
ആകുന്നത് ഒന്നു കാണട്ടെ എന്നാണ് അമിത് ഷായുടെ കടുംപിടുത്തത്തിന്റെ അര്‍ഥം. രാഷ്ട്രപതി ഭരണം എന്നാല്‍ അര്‍ഥം അമിത് ഷാ ഭരണം എന്നാണ്. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ അമിത് ഷാ ഭരണം ആണ്. കോടതിയോ മറ്റോ ഇടപെട്ടാല്‍ ചിലപ്പോള്‍ ശിവസേന-കോണ്‍ഗ്രസ്-എന്‍.സി.പി മന്ത്രിസഭ വന്നേക്കാം. പൊതു മിനിമം പരിപാടി ഉണ്ടാക്കുന്ന കാര്യം ചര്‍ച്ച ചെയ്യുകയാണത്രെ അവര്‍. വെറുതെ പറയുന്നതാണ്. അധികാരം നേടുക എന്നതിനപ്പുറം എന്തു മിനിമം പരിപാടി! എങ്ങനെ സേന എം.എല്‍.എമാരെ അമിത്ഷായുടെ വേട്ടനായ്ക്കളുടെ ദംഷ്ട്രങ്ങളില്‍നിന്ന് രക്ഷിക്കാം എന്നു ചര്‍ച്ച ചെയ്യാനുണ്ട്. ഇല്ലെങ്കില്‍ കര്‍ണാടക ആവര്‍ത്തിക്കും.
കൂടുതല്‍ സീറ്റ് നേടിയ ഒന്നാംകക്ഷിയെ മൂന്നും നാലും ദുര്‍ബലര്‍ ചേര്‍ന്ന് തള്ളിത്താഴെയിട്ട് അധികാരം പിടിക്കുന്നത് നല്ല ഏര്‍പ്പാടല്ല. ബി.ജെ.പിക്കു പക്ഷേ ഒന്നും മിണ്ടാനൊക്കില്ല. അതു മിനിമം പരിപാടിയാക്കിയത് അവരാണ്. തെരഞ്ഞെടുപ്പിനു ശേഷം എം.എല്‍.എമാര്‍ കൂറുമാറുന്നതു മാത്രമേ കൂറുമാറ്റ നിയമത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. വോട്ട് ചെയ്ത ജനങ്ങളെ മണ്ടന്മാരാക്കി പാര്‍ട്ടികള്‍ക്കു കൂറുമാറാം. ഏതു ചെകുത്താനുമായും കൂട്ടുകൂടാം. നടക്കട്ടെ.
ഊരാളുങ്കല്‍
സൂക്ഷിച്ചില്ലെങ്കില്‍ പേരു ചീത്തയാകാന്‍ അധികം സമയം വേണ്ട. ദീര്‍ഘകാലം ഒന്നാംകിട റോഡും പാലവും ഉണ്ടാക്കി പേരെടുത്ത സ്ഥാപനമാണ് ഊരാളുങ്കല്‍ എന്ന സ്ഥലനാമം പേറുന്ന, സഹകരണ മേഖലയിലെ ലേബര്‍ കോണ്‍ട്രാക്ട് സഹസംഘം. മഹാനായ വാഗ്ഭടാനന്ദഗുരു 1925ല്‍ സ്ഥാപിച്ച സംഘം പല മേഖലകളില്‍ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുണ്ട്. സംസര്‍ഗദോഷം ആണോ എന്നറിയില്ല. കേരള പൊലിസിന്റെ ഒരു ഡിജിറ്റല്‍ പണിയേറ്റത് ഊരാക്കുടുക്കായി.
യു.ഡി.എഫ് കാലത്തും സര്‍ക്കാര്‍ പല പണികള്‍ ഊരാളുങ്കലിനെ ഏല്‍പ്പിച്ചിട്ടില്ലേ, പിന്നെ ഇപ്പോള്‍ എന്തിനു ബഹളംവയ്ക്കുന്നുവെന്ന് പാര്‍ട്ടിക്കാര്‍ ചോദിക്കുന്നുണ്ട്. പ്രതിഭാഗം വാദം വിചിത്രം. യു.ഡി.എഫ് കാലത്ത് ഏല്‍പ്പിച്ചത് സിമന്റിന്റെയും കുമ്മായത്തിന്റെയും പണിയാണ്. ഇത് പണി വേറെ. ഈ പണി ഡിജിറ്റല്‍ പണിയാണ്. ഈ പണിയും ടെന്‍ഡര്‍ വിളിക്കാതെ സഹകരണ സ്ഥാപനത്തിനു കൊടുക്കാം. പക്ഷേ, പൊലിസ് ഡാറ്റ മുഴുവന്‍ മറ്റൊരു സ്ഥാപനത്തെ ഏല്‍പ്പിക്കുന്നത് കൈവിട്ട കളിയാണ്.
ലോകത്ത് മുഴുവന്‍ ഡാറ്റക്കച്ചവടമാണ് ഇന്നത്തെ വലിയ കച്ചവടം. കേരളത്തിലെ പൊലിസിനെ സംബന്ധിക്കുന്ന സകല വിവരങ്ങളും ഊരാളുങ്കല്‍ അല്ല, ഏതു തമ്പുരാന്‍ ഏറ്റെടുക്കുന്നതും അപകടമാണ്. പൊലിസ് രേഖ അതിലൂടെ ചോര്‍ത്തിയെടുക്കാന്‍ കാത്തുനില്‍ക്കുന്നത് പാര്‍ട്ടിയാണോ, ഏതെങ്കിലും ഗൂഢസംഘടനയാണോ വിദേശ ഏജന്‍സിയാണോ എന്നൊന്നും പറയാനൊക്കില്ല സഖാവേ.. കളി അപകടമാണ്. സംശയം വേണ്ട.
മുനയമ്പ്
ബിവറേജസ് കോര്‍പറേഷന്‍ വഴിയുള്ള വരുമാനത്തിന്റെ അഞ്ചു ശതമാനം ഉപയോഗിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണം നടത്തുന്നതില്‍ വിരോധാഭാസം ഉണ്ടെങ്കിലും സര്‍ക്കാര്‍ ഇതുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി എ.കെ ബാലന്‍.
ഒട്ടും വേവലാതി വേണ്ട. സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതു തന്നെ മദ്യംവിറ്റിട്ടാണ്. പോരാത്തതിനു ശബരിമല, യു.എ.പി.എ നയങ്ങളിലെ വിരോധാഭാസത്തിന്റെ നാലയലത്തു വരില്ല, മദ്യംവിറ്റുള്ള ബോധവല്‍ക്കരണ വിരോധാഭാസം. തിരിഞ്ഞുനോക്കേണ്ട, മാര്‍ച്ച്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."