ചരിത്ര പൈതൃക സ്മാരകങ്ങള്‍ക്കു സര്‍ക്കാര്‍ സംരക്ഷണമൊരുക്കും
കൈതപ്രം ഗ്രാമത്തിലെ നാലുകെട്ടുകളും
എട്ടുകെട്ടുകളും മനകളും അധികൃതര്‍ സന്ദര്‍ശിച്ചു
തളിപ്പറമ്പ് : കൈതപ്രം ഗ്രാമത്തിലെ നാലുകെട്ടുകളും എട്ടുകെട്ടുകളും മനകളും വണ്ണാത്തിപ്പുഴയും കണ്ടോന്താറിലെ ബ്രിട്ടീഷ് തടവറയും സംരക്ഷിക്കാന്‍ സംസ്ഥാന പുരാവസ്തു-മ്യൂസിയം വകുപ്പുകള്‍ പ്രത്യേക പരിഗണന നല്‍കി പഠനം നടത്തും.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ നിര്‍ദേശപ്രകാരം പുരാവസ്തു-മ്യൂസിയം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ടി.വി രാജേഷ് എം.എല്‍.എയും ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു. വണ്ണാത്തിപ്പുഴയുടെ സൗന്ദര്യവല്‍ക്കരണത്തിനും കണ്ടോന്താറിലെ ബ്രിട്ടീഷ് തടവറ ചരിത്ര പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് സംരക്ഷിക്കാനുള്ള നടപടികളും പൂര്‍ത്തിയായിക്കഴിഞ്ഞു.
കൈതപ്രം ഗ്രാമത്തിലെ ഇടമനയില്ലം, പുതിയില്ലം, മംഗലത്തില്ലം, കണ്ണാടിയില്ലം എന്നീ പൗരാണിക നാലുകെട്ടുകള്‍ സംരക്ഷിച്ച് കൂടുതല്‍ സൗകര്യങ്ങളും പഠനവും ഏര്‍പ്പെടുത്തുമെന്നും എം.എല്‍.എ പറഞ്ഞു. നാലുകെട്ടുകളുടെ പൂര്‍ണ അവകാശവും അധികാരവും ഉടമസ്ഥരില്‍ തന്നെ നിലനിര്‍ത്തിയാണ് പദ്ധതി ആവിഷ്‌ക്കരിക്കുക.
സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന നാലുകെട്ടുകള്‍ നവീകരിച്ച് പഴമനിലനിര്‍ത്തി അറക്കല്‍, പഴശ്ശി മാതൃകയില്‍ സംരക്ഷിക്കാന്‍ സംവിധാനമൊരുക്കും. കല്യാശ്ശേരി മണ്ഡലത്തിലെ പഠനാര്‍ഹങ്ങളായ നാലുകെട്ട്, എട്ടുകെട്ട് എന്നിവ സംരക്ഷിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."