മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടുപോകരുത്: ഗവര്‍ണര്‍
നിലമ്പൂര്‍: വിദ്യാര്‍ഥികളുടെ ഭാവിയെ വരെ ബാധിക്കുന്ന വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നവര്‍ നിയമാനുസൃതമായ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പറഞ്ഞു. എം.ഇ.എസ് മമ്പാട് കോളജ് ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നേരിട്ടെത്തി ആവശ്യപ്പെട്ടതിനനുസരിച്ചാണ് താന്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. നിയമസഭ ഓര്‍ഡിനന്‍സ് പാസാക്കി നിയമമാക്കിയപ്പോള്‍ സുപ്രീം കോടതി ഇത് തള്ളിക്കളയുകയാണ് ചെയ്തത്. ഇതോടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായി. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മുടെ ഗവേഷകര്‍ക്കും കഴിയണം. താന്‍ ഗവര്‍ണര്‍ ആയി ചുമതലയേറ്റ ശേഷം സര്‍വകലാശാലകളുടെ ഇത്തരം രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന നടപടികള്‍ എടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നന്നായി പഠിക്കണമെന്നും നല്ല സുഹൃത്തുക്കളെ നേടണമെന്നും ഗവര്‍ണര്‍ വിദ്യാര്‍ഥികളേയും ഉപദേശിച്ചു. ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വഹിച്ചു.
എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്‍ ഗഫൂര്‍ അധ്യക്ഷനായി. ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ.ഖാദര്‍ മങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.എസ് സെക്രട്ടറി പ്രൊഫ. പി.ഒ.ജെ ലബ്ബ, എം.ഇ.എസ് സെന്‍ട്രല്‍ കോളജ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് മുഹമ്മദ്, ഇ.പി മോയിന്‍കുട്ടി, ഒ.പി അബ്ദുറഹ്മാന്‍, കോളജ് മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ.കടവനാട് മുഹമ്മദ്, പ്രിന്‍സിപ്പല്‍ ഡോ.പി.കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."