ജസ്റ്റിസ് ലോയയുടെ മരണം: കേസ് കേള്‍ക്കാന്‍ തങ്ങളില്ലെന്നു മൂന്നു ജഡ്ജിമാര്‍
ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ പ്രതിചേര്‍ക്കപ്പെട്ടിരുന്ന സുഹ്‌റബുദ്ദീന്‍ ശൈഖ് വ്യാജഏറ്റുമുട്ടല്‍ കേസിന്റെ വിചാരണയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ജസ്റ്റിസ് ബി.എച്ച് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുള്ള ഹരജിയില്‍ വാദംകേള്‍ക്കാന്‍ വിസമ്മതിച്ച് ബോംബെ ഹൈക്കോടതിയിലെ ജഡ്ജിമാര്‍. ലോയയെ റേഡിയേഷന്‍ വഴി വിഷം നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉദ്യോഗസ്ഥര്‍ നശിപ്പിച്ചെന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തും അഭിഭാഷകനുമായ സതീഷ് ഉക്കെ നല്‍കിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ബോംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനു മുന്‍പാകെ ഈ മാസം 22നാണ് ഹരജി എത്തിയത്. എന്നാല്‍, കേസില്‍ വാദംകേള്‍ക്കാന്‍ താല്‍പ്പര്യമില്ലെന്ന് ജഡ്ജിമാരായ സ്വപ്‌ന ജോഷി, എസ്.ബി ഷൂക്കറെ, എസ്.എം മോദക് എന്നിവര്‍ ചീഫ്ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു.
ജഡ്ജിമാരായ എസ്.ബി ഷൂക്കറെ, എസ്.എം മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച കേസ് പരിഗണിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വാദം കേള്‍ക്കുന്ന ദിവസം പൊടുന്നനെ ഇവര്‍ കേസില്‍ നിന്ന് പിന്‍വാങ്ങുകയാണെന്ന് അറിയിച്ചു. പ്രത്യേകിച്ച് യാതൊരു കാരണവും വ്യക്തമാക്കാതെയാണ് ഇരുവരുടെയും നടപടി. 'ഞങ്ങളുടെ മുന്‍പില്‍ വേണ്ട' എന്നു മാത്രമായിരുന്നു ഇക്കാര്യത്തില്‍ ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. ഇതോടെ ജഡ്ജിമാരായ സ്വപ്‌ന ജോഷി, പി.എന്‍ ദേശ്മുഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് മുന്‍പാകെ ഹരജിയെത്തി.
ഇതിനു പിന്നാലെ കേസ് പരിഗണിക്കാന്‍ താല്‍പ്പര്യമില്ലെന്ന് സ്വപ്‌ന ജോഷിയും അറിയിച്ചതോടെ കേസില്‍ വാദം കേള്‍ക്കുന്നത് വീണ്ടും നീണ്ടുപോവുകയായിരുന്നു. 2014 നവംബര്‍ 30നാണ് സി.ബി.ഐ ജഡ്ജിയായിരിക്കെ ബി.എച്ച് ലോയ മരിച്ചത്. മരിക്കുന്നതിനു തലേദിവസം രാത്രി ലോയ പങ്കെടുത്ത വിവാഹസല്‍ക്കാരത്തില്‍ സംബന്ധിച്ചവരാണ് ഈ മൂന്നുജഡ്ജിമാരും.
തന്റെ ജീവന്‍ അപകടത്തിലാണെന്നും 209 പേജുകളുള്ള ക്രിമിനല്‍ റിട്ട് ഹരജിയില്‍ സതീഷ് ഉക്കെ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോയയുടേത് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്ന ജഡ്ജി പ്രകാശ് തോംബ്രെ, ഹൈക്കോടതി അഭിഭാഷകന്‍ ശ്രീകാന്ത് ഖണ്ഡാല്‍ക്കര്‍ എന്നിവരുടെ ദുരൂഹമരണങ്ങളും ഹരജിയില്‍ പരാമര്‍ശിക്കുന്നുണ്ട്. ലോയയുടെ മരണവുമായി ബന്ധപ്പെട്ട രേഖകള്‍ ഉദ്യോഗസ്ഥര്‍ നശിപ്പിക്കുകയായിരുന്നു. ലോയയുടേത് കൊലപാതകമാണെന്നതിന് തെളിവുകള്‍ കയ്യിലുണ്ടെന്നും ജീവനോടെയുണ്ടെങ്കില്‍ അത് കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം ഹരജിയില്‍ അറിയിച്ചിരുന്നു. ലോയാ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹരജി നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."