ശബരിമല ദര്‍ശനം രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി പൊലിസിന്റെ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തത് 319 യുവതികള്‍.
രജിസ്റ്റര്‍ ചെയ്തവര്‍ കേരളത്തില്‍ നിന്നുള്ളവരല്ല. ആന്ധ്രയില്‍ നിന്നുള്ളവരാണ് കൂടുതല്‍(160 പേര്‍). തൊട്ടുപിന്നില്‍ തമിഴ്‌നാടാണ് (139). കര്‍ണാടകയില്‍ നിന്ന് ഒന്‍പതുപേരും തെലങ്കാനയില്‍ നിന്ന് എട്ടുപേരും ഒഡിഷയില്‍ നിന്ന് മൂന്നുപേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ അഡ്രസ് കണ്ടെത്തി അവിടെ വച്ചുതന്നെ തടയാനാണ് പൊലിസ് തീരുമാനം. കൂടാതെ മഹാരാഷ്ട്രയിലെ ഭൂമാതാ നേതാവ് തൃപ്തി ദേശായിയുടെ നേതൃത്വത്തിലുള്ള സംഘവും തമിഴ്‌നാട്ടില്‍ നിന്നുള്ള മനീതി സംഘവും നവോത്ഥാനം ശബരിമലയ്ക്ക് എന്ന സംഘടനയുടെ നേതൃത്വത്തിലുള്ളവരും ദര്‍ശനത്തിനായി മലകയറാനെത്തുമെന്നാണ് വിവരം. ശബരിമല സ്റ്റേ ഇല്ലെങ്കിലും പുനഃപരിശോധന ഹരജിയില്‍ അന്തിമ വിധി വരുംവരെ യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. പമ്പയില്‍ യുവതികളെ തടയണമെന്ന് മുഖ്യമന്ത്രി പൊലിസിന് കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഈ സീസണില്‍ എട്ടുലക്ഷത്തോളം ഭക്തരാണ് ദര്‍ശനത്തിനായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 11 സ്ലോട്ടുകളിലായാണ് സൗകര്യം ഒരുക്കുന്നത്. രാവിലെ 8 മുതല്‍ രാത്രി 10 വരെ വിവിധ സമയങ്ങളാണ് ദര്‍ശനത്തിന് നല്‍കിയിരിക്കുന്നത്. ഉച്ചയ്ക്ക് 1 മുതല്‍ 4 വരെ മൂന്നുമണിക്കൂര്‍ ഇടവേളയുണ്ട്. പൊലിസിന്റെ കണക്കനുസരിച്ച് അവധി ദിവസങ്ങളില്‍ 1,00,000 മുതല്‍ 1,20,000 വരെയും അല്ലാത്ത ദിവസങ്ങളില്‍ 40,000 പേരും വെര്‍ച്വല്‍ ക്യൂ സിസ്റ്റം വഴി ദര്‍ശനത്തിനായി സ്ലോട്ടുകള്‍ ബുക്ക് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."