പ്രളയം തീര്‍ത്ത മുറിപ്പാടുകള്‍ക്കിടയിലും ആലപ്പുഴ കലോത്സവത്തിന്റെ തിരക്കിലേക്ക്
ആലപ്പുഴ: മഹാപ്രളയം ഏറെ മുറിപ്പാടുകള്‍ സൃഷ്ടിച്ച ആലപ്പുഴ ഏല്ലാം മറന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ തിരക്കുകളിലേക്ക്. ഡിസംബര്‍ ഏഴു മുതല്‍ ഒന്‍പതുവരെ ആലപ്പുഴയില്‍ നടക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായ 59 -ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെത്തി. 29 വേദികളിലായി 128 മത്സരങ്ങളാണ് നടക്കുക. ആകെ 15,000 മത്സരാര്‍ഥികള്‍ പങ്കെടുക്കും. പൂര്‍ണമായും ഹരിതചട്ടം പാലിച്ചായിരിക്കും കലോത്സവ നടത്തിപ്പ്. പ്രളയാനന്തര കേരളത്തിന്റെയും പ്രത്യേകിച്ചും ദുരന്തം ഏറെ മുറിപ്പാടുകള്‍ സൃഷ്ടിച്ച ആലപ്പുഴയുടെയും അതിജീവനത്തിന്റെ മത്സരമാണ് നടക്കുകയെന്ന് എ.ഡി.പി.ഐ ജെസി ജോസഫ് പറഞ്ഞു.
ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പരമാവധി ചെലവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഏകദേശം അരക്കോടി രൂപയാണ് മേളയുടെ ചെലവിലേക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തും. കലവറയ്ക്കും വിളമ്പല്‍ കേന്ദ്രത്തിലും മാത്രമാണ് പന്തല്‍ ഒരുക്കിയിട്ടുള്ളത്. മറ്റിടങ്ങളിലെല്ലാം സ്‌കൂളുകളുടെ ഓഡിറ്റോറിയങ്ങളാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."