പാക് മണ്ണില്‍ തീവ്രവാദികളുണ്ടാകുന്നത് ആഗ്രഹിക്കുന്നില്ല: ഇമ്രാന്‍ ഖാന്‍
ഇസ്‌ലാമാബാദ്: കഴിഞ്ഞ കാലങ്ങളിലുണ്ടായ വിഷയങ്ങളില്‍ ഉത്തരവാദിത്തമേറ്റെടുക്കാനാവില്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ദാവൂദ് ഇബ്രാഹീമിനെ സംബന്ധിച്ചുള്ള ദേശീയ മാധ്യമപ്രതിനിധിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഴയ കാലങ്ങളില്‍ നമുക്ക് നിലനില്‍ക്കാനാവില്ല. ഇന്ത്യയില്‍ ജീവിക്കുന്ന പിടികിട്ടാപുള്ളികളുടെ ഒരു പട്ടിക ഞങ്ങള്‍ക്കുമുണ്ട്. സ്വന്തം മണ്ണില്‍ തീവ്രവാദികളുണ്ടാവുകയെന്നുള്ളത് പാകിസ്താന്റെ താല്‍പര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ ഹാഫിസ് സഈദിനെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ 'ഇതൊക്കെ കാലങ്ങളായി വന്ന് തന്നിലേക്ക് ചേര്‍ന്നതാണെന്നായിരുന്നു' ഇമ്രാന്‍ ഖാന്റെ പ്രതികരണം. പാര്‍ലമെന്റ് ആക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളിലെയും സൈനികര്‍ നേരെവന്നു. മുംബൈ ആക്രമണത്തിന് ശേഷം സംഘര്‍ഷം രൂക്ഷമായി.
അന്നുമുതല്‍ സമാധാനത്തിനായി ആഗ്രഹിക്കുന്നു. സമാധാനത്തിനായി ഒരു ഭാഗത്തുനിന്നുള്ള ശ്രമങ്ങള്‍ മാത്രം നിലനില്‍ക്കില്ല. ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തണം. ഏത് വിഷയത്തിലും ചര്‍ച്ച നടത്താന്‍ തയാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിലും അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതിലും താന്‍ സന്തോഷവാനാണ്. കശ്മിരില്‍ സൈനിക നടപടി പരിഹാരമല്ല. ഇന്ത്യയിലെ പൊതു തെരഞ്ഞെടുപ്പ് വരെ ഞങ്ങള്‍ കാത്തിരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
1993ല്‍ മുംബൈയിലെ 12 പ്രദേശങ്ങളിലുണ്ടായ സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയത് ദാവൂദ് ഇബ്രാഹീമായിരുന്നു. സംഭവത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. യു.എന്‍ രക്ഷാസമിതി പുറത്തുവിട്ട ആഗോള ഭീകരാവാദികളുടെ പട്ടികയില്‍ ദാവൂദ് ഇബ്രാഹീമിന്റെ പേരുണ്ട്. നിലവില്‍ ഇദ്ദേഹം പാകിസ്താനില്‍ താമസിക്കുന്നെന്നാണ് കരുതുന്നത്. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഹാഫിസ് സഈദിനെ പാകിസ്താന്‍ വീട്ടുതടങ്കലിലാക്കിയെങ്കിലും പീന്നീട് വിട്ടയക്കുകയായിരുന്നു.
കര്‍താപൂര്‍ ഇടനാഴിയുടെ ശിലാസ്ഥാപനുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള മികച്ച ബന്ധത്തിന് താല്‍പര്യം പ്രകടിപ്പിച്ച് ഇമ്രാന്‍ ഖാന്‍ കശ്മിര്‍ മാത്രമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ഏക പ്രശ്‌നമെന്ന് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരേ ഇന്ത്യ ശക്തമായി രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."