ഓച്ചിറയില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
കരുനാഗപ്പള്ളി (കൊല്ലം): ഓച്ചിറയില്‍ റെയില്‍പാളത്തില്‍ കല്ല്് നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. സംഭവത്തില്‍ ഒരാളെ പിടികൂടുകയും രണ്ടുപേര്‍ രക്ഷപ്പെടുകയും ചെയ്തു. ഇന്നലെ രാവിലെ 6.20ന് ഓച്ചിറയ്ക്കും കരുനാഗപ്പള്ളിക്കുമിടയില്‍ ചങ്ങന്‍കുളങ്ങരയിലെ ബിസ്‌ക്കറ്റ് ഫാക്ടറിക്കു മുന്നിലായിരുന്നു സംഭവം. ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്ന ചെന്നൈ മെയിലാണ് അട്ടിമറിക്കാന്‍ ശ്രമം നടന്നത്. ട്രാക്കില്‍ പാറക്കഷണമാണു വച്ചിരുന്നത്. ഇതിന് 10 മീറ്റര്‍ അപ്പുറത്തായി ട്രാക്കില്‍ മെറ്റല്‍കൂനയും കൂട്ടിയിട്ടിരുന്നു. കല്ലുവച്ച സ്ഥലത്തുനിന്ന് ഏകദേശം 100 മീറ്റര്‍ അകലെ ട്രാക്കില്‍ അസ്വാഭാവികമായി എന്തോ കണ്ട് ലോക്കോ പൈലറ്റ് വണ്ടി നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. തുടര്‍ന്ന് തടസം നീക്കി 20 മിനുട്ടിനുശേഷമാണ് ചെന്നൈ മെയില്‍ യാത്ര തുടര്‍ന്നത്. ലോക്കോ പൈലറ്റും ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റെയില്‍വേ പൊലിസും പരിസരത്ത് അസ്വാഭാവിക സാഹചര്യത്തില്‍ കണ്ട മൂന്നു യുവാക്കളെ ചോദ്യം ചെയ്തതില്‍നിന്നാണ് ഒരാളെ പിടികൂടിയത്.കരുനാഗപ്പള്ളി കറുത്തേരിമുക്കില്‍ അനന്ത കൃഷ്ണാലയത്തില്‍ അനന്തകൃഷ്ണന്‍ (19) ആണ് അറസ്റ്റിലായത്. കൂടെയുണ്ടായിരുന്ന കണ്ണന്‍, അനന്തു എന്നിവര്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കൊല്ലം റെയില്‍വേ എസ്.ഐ വിനോദ് പ്രഭാകരന്‍ പറഞ്ഞു. ഓച്ചിറയില്‍ പന്ത്രണ്ട് വിളക്ക് മഹോത്സത്തിനുപോയ ശേഷം രാവിലെ മടങ്ങവെയായിരുന്നു യുവാക്കള്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ പദ്ധതിയിട്ടത്. തമാശയ്ക്ക് ചെയ്തതെന്നാണു ചോദ്യംചെയ്യലില്‍ യുവാവ് പൊലിസിനോടു പറഞ്ഞത്.
കൊല്ലം റെയില്‍വേ പൊലിസ് സ്റ്റേഷനിലെത്തിച്ചാണ് അനന്തകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. തുടരന്വേഷണത്തിനായി പ്രതിയെ ആര്‍.പി.എഫിന് (റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്) കൈമാറുമെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."