നാമനുഭവിക്കുന്ന സന്തോഷം മുന്‍തലമുറയുടെ പോരാട്ടത്തിന്റെ ഫലം: എം. മുകുന്ദന്‍
കണ്ണൂര്‍: മുന്‍തലമുറ വായിച്ചും സമരം ചെയ്തും സത്യത്തിനും സാമൂഹ്യനീതിക്കും വേണ്ടി പൊരുതിയതിന്റെ ഫലമാണ് ഇന്ന് നാമനുഭവിക്കുന്ന സന്തോഷമെന്ന് സാഹിത്യകാരന്‍ എം. മുകുന്ദന്‍. കണ്ണു കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും വായിക്കുമ്പോഴേ ഓരോ വ്യക്തിയും യഥാര്‍ഥ മനുഷ്യനാകുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്ക് കത്തെഴുതാം പരിപാടിയില്‍ മികച്ച കത്തെഴുതിയ വിദ്യാര്‍ഥികളെയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും പങ്കെടുപ്പിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ വിദ്യാര്‍ഥികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
അച്ഛനമ്മമാര്‍ വായിച്ചാല്‍ സ്വാഭാവികമായി കുട്ടികളിലും വായനാശീലമുണ്ടാകും. കുഞ്ഞുങ്ങള്‍ പുസ്തകങ്ങള്‍ കണ്ട് വളരുന്നത് തന്നെ പുസ്തകങ്ങളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കും. ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഓട്ടപന്തയത്തിലാണ് നാമിന്ന്.
കുട്ടികള്‍ വളരുന്നത് സ്‌നേഹ ബന്ധങ്ങളും സമാധാനവും ഇല്ലാതാകുന്ന ഒരു സമൂഹത്തിലാകരുത്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കാത്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ സമ്പന്നമാണ് നമ്മുടെ നാട്.
മുന്നേ പോയവര്‍ ചെയ്ത ത്യാഗത്തിന്റെ ഫലമാണ് മലയാളികള്‍ ഇന്ന് അനുഭവിക്കുന്ന ഓരോ നേട്ടവും. അത് എന്നും കാത്തുസൂക്ഷിക്കാന്‍ നമുക്ക് ബാധ്യതയുണ്ടെന്നും പ്രകൃതിയേക്കുറിച്ചും സമൂഹത്തെക്കുറിച്ചും ബോധ്യമുള്ള ഇന്നത്തെ കുട്ടികളെക്കുറിച്ച് അഭിമാനമുണ്ടെന്നും എം. മുകുന്ദന്‍ പറഞ്ഞു. വായനാപക്ഷാചരണത്തിന്റെ ജില്ലാതല ക്വിസ് മത്സരത്തില്‍ വിജയിച്ചവര്‍ക്ക് കാഷ് പ്രൈസും അനുമോദന പത്രവും പുസ്തകവുമാണ് സമ്മാനമായി നല്‍കിയത്. മുഖ്യമന്ത്രിക്ക് കത്തെഴുതിയ കുട്ടികള്‍ക്ക് ജില്ലാതല വിജയികള്‍ക്കും ഉപജില്ലാതല വിജയികള്‍ക്കും പുസ്തകവും മുഖ്യമന്ത്രി ഒപ്പിട്ട ആശംസാപത്രവും നല്‍കി. വായനാ മല്‍സര വിജയികള്‍ക്ക് പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുമാണ് നല്‍കിയത്. വിദ്യാഭ്യാസ വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ ബൈജു അധ്യക്ഷനായി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, ഡി.ഡി.ഇ എം. ബാബുരാജന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി.വി പുരുഷോത്തമന്‍, എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസറും കഥാകൃത്തുമായ ടി.പി വേണുഗോപാലന്‍, കാരയില്‍ സുകുമാരന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.കെ പത്മനാഭന്‍, അസി. എഡിറ്റര്‍ സി.പി അബ്ദുല്‍ കരീം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."