വീടുകള്‍ കുത്തിത്തുറന്നു 22 പവന്‍ കവര്‍ന്ന കേസില്‍ യുവാവ് പിടിയില്‍
കുമ്പള: ബന്തിയോട് പച്ചമ്പളയിലെയും മഞ്ചേശ്വരത്തെയും വീടുകള്‍ കുത്തിത്തുറന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങളും 60,000 രൂപയും കവര്‍ന്ന കേസില്‍ യുവാവിനെ കുമ്പള പൊലിസ് അറസ്റ്റു ചെയ്തു. ബായാര്‍ പദവിലെ മുഹമ്മദ് മുസമ്മിലി(23)നെയാണ് കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
2016 മെയ് 26നു പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീടിന്റെ വാതില്‍പ്പൂട്ട് പട്ടാപ്പകല്‍ പൊളിച്ചാണു കവര്‍ച്ച നടത്തിയത്. അലമാരയില്‍ സൂക്ഷിച്ച 20000 രൂപയും 15 പവന്‍ സ്വര്‍ണാഭരണവും മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന ഖത്തര്‍ റിയാല്‍ വാച്ചും മോഷണം പോയിരുന്നു. അതേ വര്‍ഷം ഒക്‌ടോബറില്‍ മഞ്ചേശ്വരത്തെ ഓമനയുടെ വീട് കുത്തിത്തുറന്ന് ഏഴു പവന്‍ സ്വര്‍ണാഭരണവും 40,000 രൂപയും കവര്‍ന്നിരുന്നു. രണ്ടു കേസുകളിലെയും പ്രതിയാണ് മുസമ്മിലെന്നു പൊലിസ് പറഞ്ഞു.
മുസമ്മിലിനെതിരേ കര്‍ണാടക വിട്‌ള പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കവര്‍ച്ചാ കേസുകളുണ്ട്.
പച്ചമ്പളയില്‍ നിന്നു കവര്‍ന്ന വാച്ചും മൂന്നു ഖത്തര്‍ റിയാലും മുസമ്മലില്‍ നിന്നു കണ്ടെത്തിയതായി പൊലിസ് പറഞ്ഞു. സ്വര്‍ണാഭരണങ്ങള്‍ കൂട്ടുപ്രതിയുടെ കൈവശമാണെന്നാണു പൊലിസ് സംശയിക്കുന്നത്.
കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ ജെ.കെ ജയശങ്കര്‍ അഡീഷണല്‍ എസ്.ഐ ടി.വി ശിവദാസന്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രദീഷ് ഗോപാലന്‍, സതീശന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."