കല്‍ക്കരി അഴിമതി: മുന്‍ മന്ത്രാലയ സെക്രട്ടറിയടക്കം ആറു പേര് കുറ്റക്കാര്‍
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കല്‍ക്കരി മന്ത്രാലയ മുന്‍ സെക്രട്ടറി എച്ച്.സി ഗുപ്തയുള്‍പ്പെടെ ആറു പേരെ ഡല്‍ഹി കോടതി കുറ്റക്കാരെന്നു കണ്ടെത്തി. ഗുപ്തയെക്കൂടാതെ മന്ത്രാലയ മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ് ക്രോഫ, മുന്‍ ഡയരക്ടര്‍ കെ.സി സമാരിയ, വികാസ് മെറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയരക്ടര്‍ വികാസ് പത്നി, മുഖ്യ അക്കൗണ്ടന്റ് ആനന്ദ് മല്ലിക് തുടങ്ങിയവരെയാണ് ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഭരത് പരശാര്‍ കുറ്റക്കാരെന്നു കണ്ടെത്തിയത്.
ഇവര്‍ക്കുള്ള ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഉത്തരവിനു പിന്നാലെ മുഴുവന്‍ പ്രതികളെയും സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ബംഗാളിലെ കല്‍ക്കരിപ്പാടം ഖനനാനുമതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നുവെന്ന കേസിലാണ് വിധി.
യു.പി.എ സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ അഴിമതികളിലൊന്നായ കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട പല കേസുകളില്‍ നാലാമത്തെ കേസാണിത്. മധ്യപ്രദേശിലെ തെസ്ഗോറ ബി രുദ്രാപുരി കല്‍ക്കരിപ്പാടങ്ങള്‍ കമാല്‍ സ്പോണ്ഗസ് സ്റ്റീല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിയ്ക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന കേസില്‍ കഴിഞ്ഞ വര്‍ഷം എച്ച്.സി ഗുപ്തയുള്‍പ്പെടെ മൂന്ന് ഉന്നത ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷം തടവിനും ഓരോ ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."