ബ്യൂട്ടിഫുള്‍ ടേക്ക് ഓഫ്
സീന്‍ 1
ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്
2011 ഏപ്രില്‍ 1 പുലര്‍ച്ചെ 1.30. എം.ബി.എക്കാരനായ പ്രജിത് എയര്‍സെല്ലിലെ തന്റെ ജോലി ആവശ്യം കഴിഞ്ഞ് തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് കാറില്‍ ഒറ്റക്കുള്ള മടക്കയാത്ര. കാറിന്റെ പിന്നിലെ പൊട്ടാറായ ടയര്‍ മാറ്റണമെന്ന വീട്ടുകാരുടെ ആവശ്യം ഇടയ്ക്കിടെ പ്രജിതിന്റെ ചെവിയില്‍ ആരോ ഓര്‍മിപ്പിച്ചിരുന്നു. വീട്ടിലേക്കുള്ള അവസാന ലാപ്പില്‍ രാമനാട്ടുകര ബൈപ്പാസിലെ പാലാഴിക്കടുത്ത് ക്രാഡില്‍ ആശുപത്രിക്ക് മുന്നിലുള്ള വളവിലായിരുന്നു അത് സംഭവിച്ചത്. റിഫ്‌ളക്ടറില്‍ തട്ടിക്കൊണ്ടിരുന്ന പിന്‍ടയര്‍ പൊടുന്നനെ പൊട്ടി. കാര്‍ രണ്ടു മൂന്നു തവണ ഉരുണ്ട് തലകീഴായ് മറിഞ്ഞു. മുന്നിലുണ്ടായിരുന്ന ആംബുലന്‍സ് ഡ്രൈവറും മറ്റു യാത്രക്കാരും സഹായത്തിനെത്തി. കാര്‍ മറിച്ചിട്ട് അവര്‍ പ്രജിതിനെ പുറത്തെടുത്തു. പിന്നെ അതേ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്. ഇതെല്ലാം കണ്ടിരിക്കാനും കേട്ടിരിക്കാനും മാത്രമേ അയാള്‍ക്ക് സാധിച്ചിരുന്നുള്ളൂ.
സീന്‍ 2
ഹോസ്പിറ്റല്‍ ഡേയ്‌സ്
ആദ്യം കൊണ്ടുപോയത് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക്. തുടര്‍ന്ന് പ്രജിതിന്റെ ആവശ്യപ്രകാരം ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. പിന്നെ 45 ദിവസം ബേബിയില്‍. ശേഷം മെയ് 15ന് വെല്ലൂരിലേക്ക് മാറ്റി. സെപ്റ്റംബര്‍ 11 വരെ വെല്ലൂരില്‍. സ്‌പൈനല്‍ കോഡിന് പരുക്കുണ്ടെന്നും കഴുത്തിന് താഴോട്ട് ഇനി അനങ്ങാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പ്രജിതിനെ ബോധ്യപ്പെടുത്തി. വിശ്വസിക്കാനാവാതെ അയാള്‍ പിച്ചും പേയും പറഞ്ഞു.
സീന്‍ 3
ഒഴിവുദിവസത്തെകളി
മൂന്നുകൊല്ലം സംസാരിച്ചും ചിരിച്ചും അയാള്‍ കിടന്നു. കിടന്ന കിടപ്പില്‍ കിടന്നു. വല്ലപ്പോഴും ഫോണില്‍ വന്ന മെസേജുകള്‍ അമ്മ വായിച്ചുകൊടുത്തു. ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്ന തോന്നലാവണം ഒരു സുപ്രഭാതത്തില്‍ അയാളുടെ കൈകളെ ചലിക്കാന്‍ പേരിപ്പിച്ചത്. അടുത്തുള്ള ഫോണ്‍ എടുത്ത് നിമിഷങ്ങള്‍ക്ക് ശേഷമാണ് അനങ്ങാത്ത തന്റെ കൈ തന്നെയാണ് ഫോണ്‍ എടുത്തതെന്ന ബോധ്യം അയാള്‍ക്ക് വന്നത്. ഉടന്‍ അമ്മയെ വിളിച്ചു. സ്‌നേഹവും സന്തോഷവും കൊണ്ട് അമ്മ അയാളുടെ കൈകളില്‍ തല്ലി. കൂടുതല്‍ ചലിക്കാനുള്ള അമ്മയുടെ പ്രോത്സാഹനം. കൈകള്‍ ഇത്തിരി അനുസരണക്കേടുകള്‍ കാട്ടിയെങ്കിലും ചില കാര്യങ്ങള്‍ക്ക് ഒപ്പം നിന്നു. പഴയ ഫേസ്ബുക്ക് അക്കൗണ്ട് ആക്ടീവാക്കി. ചങ്ങാതിമാര്‍ക്ക് മെസേജ് തുടങ്ങി. അവര്‍ വീട്ടില്‍ നിത്യ സന്ദര്‍ശകരായി. അരഭാഗം വരെ ഒരു വിധം അനക്കാമെന്നായി. പതിയെ പ്രജിത് ഇരിക്കാന്‍ തുടങ്ങി.
സീന്‍ 4
കെ.എല്‍ 13 കണ്ണൂര്‍
അതൊരു ജിന്നായിരുന്നോ...? അപകടത്തിന് തൊട്ടു മുന്‍പ് പ്രജിത് മുന്നിലൊരു ആംബുലന്‍സ് കണ്ടിരുന്നു. മറിഞ്ഞ കാറില്‍ നിന്നും പ്രജിതിനെ പുറത്തെടുത്ത് മെഡിക്കല്‍ കോളജിലേക്കും, ബേബിയിലേക്കും നയാപൈസ വാങ്ങാതെ കൊണ്ടുചെന്നെത്തിച്ചത് ആ ആംബുലന്‍സ് ഡ്രൈവറായിരുന്നു. ഒരു വെള്ളത്താടിക്കാരന്‍. അയാളുടെ മുഖവും കെ.എല്‍ 13 എന്ന രജിസ്‌ട്രേഷന്‍ നമ്പറും പ്രജിതിന്റെ മനസില്‍ ഇപ്പോഴുമുണ്ട്. അനങ്ങിത്തുടങ്ങിയ സമയത്ത് പ്രജിത് ആദ്യം അന്വേഷിച്ചിറങ്ങിയത് ആ വെള്ളത്താടിക്കാരനെ ആയിരുന്നു. മെഡിക്കല്‍ കോളജ്, ബേബി ആശുപത്രികളിലെ സി.സി.ടി.വി പരിശോധിച്ചു. അവിടെയായിരുന്നു ട്വിസ്റ്റ്. രണ്ടിടങ്ങളിലേയും സി.സി.ടി.വി അന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. സാധാരണ രോഗികളുമായി വരുന്നവരുടെ പേര് ആശുപത്രി രജിസ്റ്ററില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ അന്ന് അയാളുടെ മാത്രം പേരെഴുതിവയ്ക്കാനും അധികൃതര്‍ വിട്ടു. ശേഷം കണ്ണൂരിലെ ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ഇടയിലും മറ്റും വെള്ളത്താടിക്കാരന്‍ ജിന്നിനെ പ്രജിതും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും ആളിപ്പോഴും അദൃശ്യനാണ്.
സീന്‍ 5
ടേക്ക് ഓഫ്
ഒരു മാറ്റത്തിനായി ബംഗളൂരിലുള്ള സഹോദരിയുടെ അടുത്ത് പോയപ്പോഴാണ് റോബര്‍ട്ടിനെപ്പറ്റി കേള്‍ക്കാനിടയായത്. നമ്പര്‍ തപ്പി അയാളെ വിളിച്ചു. പ്രജിതിനെ പോലെ സ്‌പൈനല്‍ കോഡിന് പരുക്കേറ്റ റോബര്‍ട്ട് 19 വര്‍ഷമായി സ്വന്തമായി കാറോടിക്കുന്നു. ഉടന്‍ റോബര്‍ട്ടിനെ നേരിട്ടു കണ്ടു. അത് ഒരു ഊര്‍ജ്ജമായിരുന്നു. 'കാര്‍ 'മൂടിയ ജീവിതത്തില്‍ കാര്‍ ഓടിക്കാനുള്ള ഊര്‍ജ്ജം. മലപ്പുറത്തെ പ്രശസ്ത കാര്‍ ഓള്‍ട്ടറേറ്റര്‍ തോരപ്പ മുസ്ഥഫയെക്കണ്ട് കാര്യം പറഞ്ഞു. ഇത്തരത്തില്‍ പരിമിതിയുള്ളവര്‍ ഓടിക്കുന്ന വണ്ടി ട്രയല്‍ ഓടിച്ചു കാണിച്ചു. മുസ്ഥഫക്ക ഫ്‌ലാറ്റ്. പിന്നെ ഓള്‍ട്ടര്‍ ചെയ്ത തന്റെ കാറില്‍ സര്‍ക്കീട്ട് തുടങ്ങി. ആദ്യ യാത്ര കോയമ്പത്തൂരിലേക്ക്. പിന്നെ ഗുരുവായൂര്‍, മംഗളൂരു, മൂകാംബിക....
സീന്‍ 6
ഉയരെ
ഇതിനിടെ സ്‌പൈനല്‍കോഡിന് പരുക്കേറ്റവരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ വയനാട്ടുകാരനായ ചന്ദ്രന്റെ മെസേജ് വന്നു. ആരെങ്കിലും ഒന്ന് റീചാര്‍ജ് ചെയ്ത് തരുമോ? ഈ മെസേജ് പ്രജിതിനെ ചിന്തിപ്പിച്ചു. ഇങ്ങനെയുളളവരുടെ പുനരധിവാസത്തിനായി എന്തെങ്കിലും ചെയ്യണമെന്ന് അയാള്‍ തീരുമാനിച്ചു. അംഗപരിമിതരുടെ പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്ന് 5000 ആക്കാനും, ബില്‍ഡിങ്ങുകളിലെ പാര്‍ക്കിങ്ങും മറ്റു റിസര്‍വേഷനുകളും ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊരു മെയില്‍ അയച്ചു. അതിന് തുടര്‍ച്ചയെന്നോണം എം.പിമാരായ എം.കെ രാഘവനെയും സുരേഷ് ഗോപിയേയും ബന്ധപ്പെട്ട് മോദിയെ നേരില്‍ കാണണമെന്ന ആവശ്യം അറിയിച്ചു. ഡല്‍ഹിയില്‍ അവര്‍ അതിനുള്ള സൗകര്യമൊരുക്കി. ഡല്‍ഹിയിലേക്കുള്ള യാത്രയെപ്പറ്റി ചിന്തിച്ചപ്പോഴാണ് എന്തുകൊണ്ട് സ്വയം ഡ്രൈവ് ചെയ്തു പൊയ്ക്കൂടാ എന്ന ചോദ്യം വന്നത്. പിന്നെ ഒരു യജ്ഞമായിരുന്നു. 'ഡി2ഡി' ഡ്രൈവ് ടു ഡല്‍ഹി. വിവരമറിഞ്ഞ ക്രിസ്ത്യന്‍ കോളജിലെ പഴയ ക്ലാസ്‌മേറ്റുകള്‍ ഇന്ധനത്തിനുള്ള കാശും ജെ.സി.ഐ ഫെറോക്ക് താമസവും വാഗ്ദാനം ചെയ്തു. 2018 ലായിരുന്നു യാത്ര. അപകടം നടന്ന ഏപ്രില്‍ ഒന്നിന് തന്നെ യാത്ര തുടങ്ങി. ഒടുവില്‍ 2474 കിലോമീറ്റര്‍ ഡ്രൈവ് ചെയ്ത് ഏപ്രില്‍ 23ന് ഡല്‍ഹിയിലെത്തി. മെയ് രണ്ടിന് രാവിലെ ഒന്‍പത് മണിക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന് ഒരു ചിത്രം സമ്മാനിച്ചുകൊണ്ട് തന്റെ ആവശ്യോദ്ദേശങ്ങള്‍ അവതരിപ്പിച്ചു. പ്രധാനമന്ത്രിയുടെ സഹായത്തോടെ 2018 ഒക്ടോബറില്‍ അമേരിക്കയില്‍ നടന്ന എബിലിറ്റി എക്‌സിബിഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
സീന്‍ 7
നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി
നടക്കാനിരിക്കുന്ന സംഭവങ്ങളായതിനാല്‍ ക്ലൈമാക്‌സ് ഇത്തിരി ഹെവിയാണ്. ഡിസംബര്‍ മൂന്നിന് പ്രതീപ് ഒരു യാത്ര തുടങ്ങാനൊരുങ്ങുകയാണ്. ഒരു കൊല്ലം നീളുന്ന ഒരു 'ചെറിയ' യാത്ര. എട്ടു രാജ്യങ്ങള്‍, ആറു ഭൂഖണ്ഡങ്ങള്‍, 80,177 കിലോമീറ്ററുകള്‍... യാത്രക്കുള്ള വണ്ടി ടാറ്റാ ഹെക്‌സ സമ്മാനിച്ചത് കെ.വി.ആര്‍ മോട്ടോഴ്‌സ് ആണ്. ജെ.സി.ഐ ഫറോക്ക്, റോട്ടറി ക്ലബ് ഇന്റര്‍നാഷനല്‍ (ബീച്ച്), പിന്നെ കുറച്ച് സുഹൃത്തുക്കളും മറ്റ് സഹായങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. വണ്ടി ഓള്‍ട്ടര്‍ ചെയ്തത് തോരപ്പ മുസ്ഥഫ തന്നെയാണ്. 'ഉ4ഉ', ഡ്രൈവ് ഫോര്‍ ഡിസേബിള്‍ ഡ്രൈവ് ഫോര്‍ ഇന്‍സ്പിരേഷന്‍. വീല്‍ചെയറിലെ ജീവിതത്തില്‍ പ്രജിതിന് ഒരാഗ്രഹം ബാക്കി. പൈലറ്റാവണം. ഈ അവസ്ഥയില്‍ ജോലിക്ക് ശ്രമിച്ചപ്പോള്‍ 'പ്രജിതിനിപ്പോ എന്തു ജോലിയാ...?' എന്നു ചോദിച്ച സാറന്മാര്‍ക്ക് മുകളിലൂടെ പറക്കണം.
ഈ ടേക്ക് ഓഫ് എനിക്കു വേണ്ടിയാണ്, ഞാന്‍ നോര്‍മലാണെന്ന് എനിക്ക് ബോധ്യം വരാനുള്ള ടേക്ക്ഓഫ്. ഇതുകണ്ടു പറക്കാന്‍ എന്നെപോലുള്ള ആരെങ്കിലും ശ്രമിച്ചാല്‍ സന്തോഷം. ഈ യാത്ര മറ്റുള്ളവരെ ഉത്തേജിപ്പിക്കാന്‍ മാത്രമാണോയെന്ന ചോദ്യത്തിന് ഊര്‍ജ്ജംപകരുന്ന മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."