കലക്ടറുടെ റിപ്പോര്‍ട്ടിനെതിരേ സി.പി.ഐ സമരത്തിലേക്ക്
മുക്കം: പ്രളയം സംബന്ധിച്ച് മുന്‍ ജില്ലാ കലക്ടര്‍ യു.വി ജോസ് റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെതിരേ സി.പി.ഐ കാരശ്ശേരി ലോക്കല്‍ കമ്മിറ്റി രംഗത്ത്.
റിപ്പോര്‍ട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളുടെ പട്ടികയില്‍ നിന്ന് കുമാരനെല്ലൂര്‍, കക്കാട് വില്ലേജുകള്‍ ഉള്‍ക്കൊള്ളുന്ന കാരശ്ശേരി പഞ്ചായത്തിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചും ഈ പ്രദേശങ്ങളെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും ഉണ്ടായ ആഗസ്റ്റില്‍ കോഴിക്കോട് ജില്ല കലക്ടര്‍ റവന്യു വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ കാരശേരി പഞ്ചായത്തിനെ ഒഴിവാക്കിയ വിവരം ഈയിടെയാണ് പുറത്തുവന്നത്. ജനവാസ മേഖലയിലടക്കം 25 ഇടങ്ങളില്‍ ഉള്‍പൊട്ടലുണ്ടായ കാരശേരി പഞ്ചായത്ത് ജില്ല കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിനു പുറത്തായതിനാല്‍ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതത്തിലകപ്പെട്ടവര്‍ക്ക് ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കുന്നതിനുള്ള മൊറോട്ടോറിയം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസം നേരിടുകയാണ്.
ഈ സാഹചര്യത്തിലാണ് സി.പി.ഐ പ്രതിഷേധമുയര്‍ത്തി പ്രക്ഷോഭ രംഗത്തു വരുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി 10ന് കുമാരനെല്ലൂര്‍ വില്ലേജ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.
മുരിങ്ങംപുറായില്‍ ചേര്‍ന്ന യോഗത്തില്‍ പി.ആര്‍ കുട്ടി അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഷാജികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. മോഹനന്‍, എം.ആര്‍ സുകുമാരന്‍, വല്‍സന്‍ നെല്ലായ്, ലിസി സ്‌കറിയ, ബിന്ദുഷ, കെ. ജോബിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."