മഞ്ചേരിയിലെ ടൗണ്‍ ഹാള്‍ നടത്തിപ്പിന് കൊടുത്തതില്‍ അഴിമതിയെന്ന് പ്രതിപക്ഷം
മഞ്ചേരി: കൗണ്‍സില്‍ അനുമിതിയില്ലാതെ നഗരസഭാ ടൗണ്‍ഹാള്‍ നടത്തിപ്പിനായി കരാര്‍ ഉറപ്പിച്ചതിന് പിന്നില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷം. താല്‍ക്കാലിക നിയമനത്തിലും വന്‍ ക്രമക്കേട് നടന്നതായി ആരോപണം ഉയര്‍ന്നു. ചട്ടങ്ങള്‍ പാലിക്കാതെ നടത്തിയ കരാറും നിയമനങ്ങളും അംഗീകരിക്കാനാകിലെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പും നല്‍കി. കൗണ്‍സിലില്‍ അജണ്ടവെക്കാതെയും ലേലം നടത്താതെയുമാണ് ടൗണ്‍ഹാള്‍ നടത്തിപ്പിനായി ടെന്‍ഡര്‍ വിളിച്ചാണ് നടത്തിപ്പ് അവകാശം നല്‍കിയതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.
11.65 ലക്ഷം രൂപക്കാണ് സ്വകാര്യ വ്യക്തിക്ക് നടത്തിപ്പ് കരാര്‍ നല്‍കിയത്. കഴിഞ്ഞ ഏപ്രിലില്‍ 30 ലക്ഷം രൂപയ്ക്കാണ് ടൗണ്‍ഹാള്‍ നടത്തിപ്പ് കരാര്‍ നല്‍കിയത്. തുടര്‍ന്നു നടത്താന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞ് കരാറുകാരന്‍ കൗണ്‍സിലിനെ സമീപിച്ചതോടെ നഗരസഭ കരാര്‍ റദ്ദുചെയ്തു. പിന്നീട് ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നഗരസഭ നേരിട്ട് ടൗണ്‍ഹാള്‍ നടത്തിയതോടെ 3.88 ലക്ഷം രൂപയും രണ്ടുമാസത്തില്‍ വരുമാനമുണ്ടായി.
സെപ്റ്റംബര്‍ ഒന്നു മുതലാണ് ഭരണസമിതി അറിയാതെ ചെയര്‍പേഴ്‌സണ്‍ നേരിട്ട് സ്വകാര്യ വ്യക്തിക്ക് നടത്തിപ്പിനായി നല്‍കിയത്. തുടര്‍ന്ന് നടന്ന കൗണ്‍സില്‍ യോഗങ്ങളിലും ഇക്കാര്യം ചെയര്‍പേഴ്‌സണ്‍ മറച്ചു വച്ചു. ഇതില്‍ ദുരൂഹതയുണ്ടെന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു.
വസ്തു നികുതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട താല്‍ക്കാലിക നിയമനത്തിലും ക്രമക്കേട് നടന്നതായും ആക്ഷേപമുണ്ട്.
താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുമ്പോള്‍ പാലിക്കേണ്ട യാതൊരു ചട്ടവും അധികൃതര്‍ പാലിച്ചില്ല. സ്വകാര്യ ഏജന്‍സിയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതെന്നും ഇത് നഗരസഭാ പരിധിക്കുള്ളിലുള്ളവര്‍ക്ക് ലഭിക്കേണ്ട നിയമനം അട്ടിമറിച്ചതായും പ്രതിപക്ഷം ആരോപിച്ചു. 10 പേരെയാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിച്ചത്. ഇവരില്‍ എട്ടുപേരും നഗരസഭ പരിധിക്ക് പുറത്തുന്ന് നിന്നുള്ളവരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."