മഞ്ചേരിയില്‍ രണ്ടായിരത്തോളം പേരുടെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് അംഗീകാരം
മഞ്ചേരി: രണ്ടായിരത്തോളം പേര്‍ക്ക് വിവിധ മേഖലയില്‍ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്ക് മഞ്ചേരി നഗരസഭാ കൗണ്‍സില്‍ യോഗം അംഗീകാരം നല്‍കി. വീട് റിപ്പയര്‍, വൃദ്ധന്‍മാര്‍ക്ക് കട്ടില്‍ നല്‍കല്‍, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, എസ്.സി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് നല്‍കല്‍, കാര്‍ഷിക മേഖലയിലെ വിവിധ ആനുകൂല്യങ്ങള്‍ എന്നീ മേഖലയിലാണ് വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചത്.
15 ാം വാര്‍ഡ് കൗണ്‍സിലര്‍ അജ്മല്‍ സുഹീദ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഫ്‌ലക്‌സോഗ്രാഫിക് പ്രിന്റിങ് യൂനിറ്റ് എന്ന സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടം വ്യാവസായിക്കാവശ്യത്തിനുള്ള കെട്ടിടമായി തരം തിരിച്ചു നല്‍കിയ നഗരസഭാ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നടപടി കൗണ്‍സില്‍ യോഗം റദ്ദാക്കി. സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കാരണം അസഹ്യമായ ഗന്ധവും, ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ തീരുമാനം.
നിലവില്‍ ഇന്റസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിച്ചു വരുന്ന മീഡിയം ഡെന്‍സിറ്റി ഫൈബര്‍ ബോര്‍ഡ്(എം.ഡി.എഫ്) നിര്‍മിക്കുന്ന കമ്പനി 40ാം വാര്‍ഡിലെ വട്ടപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് കെട്ടിടം നിര്‍മിച്ചു വരികയാണ്. എന്നാല്‍ കമ്പനി വട്ടപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനെതിരേ വട്ടപ്പാറ ആക്ഷന്‍ കമ്മിറ്റി നഗരസഭക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ വട്ടപ്പാറയിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കമ്പനിക്ക് അനുമതി നല്‍കേണ്ടെന്നും കൗണ്‍സില്‍ തീരുമാനിച്ചു.
ചെറുകിട ജലസേചന വിഭാഗം ഹരിത കേരള മിഷനുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നഗരസഭയുടെ നീര്‍ത്തട മാസ്റ്റര്‍ പ്ലാനിങ് കൗണ്‍സില്‍ അംഗീകരിച്ചു. വാര്‍ഡ് 19, 27ലെ പിലാക്കല്‍ ജങ്ഷന്‍, വാര്‍ഡ് എട്ടിലെ മൊയതീന്‍ വളപ്പ്, വാര്‍ഡ് 36ലെ വാക്കത്തൊടി എന്നിവടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും.
ഇതിന് വേണ്ടി 6,30,400 രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചു. 10 വാര്‍ഡുകളില്‍ എല്‍.ഇ.ഡി സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് 28,21,400 രൂപയുടെ എസ്റ്റിമേറ്റും അംഗീകരിച്ചു. പഴയ സ്റ്റാന്റിലും, പുതിയ സ്റ്റാന്റിലും കുഴി നികത്തി ഗതാഗതയോഗ്യമാക്കിമാറ്റുന്നതിന് 4.5 ലക്ഷം രൂപ അനുവദിച്ചു.യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ വി.എം സുബൈദ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ വി.പി ഫിറോസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ വല്ലാഞ്ചിറ മുഹമ്മദാലി, പി.പി കബീര്‍, കൗണ്‍സിലര്‍മാരായ മരുന്നന്‍ മുഹമ്മദ്, യാഷിക് മേച്ചേരി, അജ്മല്‍ സുഹീദ്, കൊളക്കാടന്‍ അസൈന്‍, കെ.കെ.ബി മുഹമ്മദാലി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."