നാട്ടില്‍ വിലസി വാനരന്മാര്‍, പൊറുതിമുട്ടി നാട്ടുകാര്‍
എരുമപ്പെട്ടി: കാട് വിട്ടിറങ്ങിയ വാനരന്‍മാര്‍ നാട്ടുകാരെ വലയ്ക്കുന്നു. കടങ്ങോട് മണ്ടംപറമ്പിലാണ് കുരങ്ങന്‍മാരുടെ ശല്യം രൂക്ഷമായിരിക്കുന്നത്.
ഒരാഴ്ച മുന്‍പാണ് മണ്ടംപറമ്പ് കോളനിയില്‍ കുട്ടി കുരങ്ങന്‍മാര്‍ ഉള്‍പ്പടെയുള്ള വാനര സംഘമെത്തിയത്. കടങ്ങോട് വനത്തില്‍ നിന്ന് ഇറങ്ങിയ കുരങ്ങന്‍മാര്‍ ആദ്യം കൗതുക കാഴ്ചയായെങ്കിലും ഇപ്പോള്‍ നാട്ടുകാര്‍ക്ക് വലിയ ശല്യമായി മാറിയിരിക്കുകയാണ്. വീടുകള്‍ക്കുള്ളില്‍ കയറുന്ന കുരങ്ങന്‍മാര്‍ ചോറും കറികളും ഉള്‍പ്പടെയുള്ള ഭക്ഷണങ്ങള്‍ കഴിക്കുകയും വാരി വലിച്ചിട്ട് നശിപ്പിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. കുട്ടികള്‍ക്കുണ്ടാക്കുന്ന പലഹാരങ്ങളും ബിസ്‌കറ്റും വാനര സംഘം എടുത്തു കൊണ്ട് പോവുകയാണ്. അരിയും പച്ചക്കറിയും പലവ്യഞ്ജനങ്ങളും നശിപ്പിക്കുന്നതും പതിവാണ്. ഇതിന് പുറമെ വീടിനുള്ളില്‍ വിസര്‍ജ്ജനം നടത്തി വൃത്തികേടാക്കിയും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.
വാതിലുകളും ജനലുകളും അടച്ചിട്ടാല്‍ ഓട് പൊളിച്ചാണ് കുരങ്ങന്‍മാര്‍ അകത്തു കയറുന്നത്. വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതും നിര്‍ധനരായ കോളനി നിവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. പറമ്പില്‍ ഇറങ്ങി ഫല വൃക്ഷങ്ങളില്‍ കയറി തേങ്ങയും, ഇളനീരും, അടക്കയും, ചക്കയും വന്‍തോതില്‍ നശിപ്പിക്കുന്നുണ്ട്. കുരങ്ങുകള്‍ക്ക് പുറമെ കാട്ടുപന്നികളും, മയിലുകളും മേഖലയില്‍ വ്യാപകമായി കൃഷിനാശം വരുത്തുന്നുണ്ട്. വനങ്ങളിലെ കായ് വൃക്ഷങ്ങള്‍ ഉള്‍പ്പടെയുള്ള സ്വാഭാവിക വനം ഇല്ലാതാക്കി ജലക്ഷാമമുണ്ടാക്കുന്ന അക്കേഷ്യ, യൂക്കാലി മരങ്ങള്‍ വച്ച് പിടിപ്പിച്ചതാണ് വന്യമൃഗങ്ങള്‍ കാട് വിട്ടിറങ്ങാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വനത്തില്‍ ഫലവൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുക, ചെറുകുളങ്ങള്‍ നിര്‍മിക്കുക, കര്‍ഷകര്‍ ഉള്‍പ്പടെയുള്ള ജനങ്ങളെ കാട്ടുമൃഗങ്ങളുടെ ശല്യത്തില്‍ നിന്നും സംരക്ഷിക്കാന്‍ നടപടി കൈകൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.പി.ഐ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."