പ്രവാചകാനുരാഗത്തിന്റെ ഇശല്‍ പെയ്തിറങ്ങി മദീന പാഷന്‍
എരുമപ്പെട്ടി (തൃശൂര്‍): പ്രവാചകാനുരാഗത്തിന്റെ വെളിച്ചത്തില്‍ മെയ്യും മനസുമൊന്നിച്ച് ചേര്‍ന്നിരുന്നപ്പോള്‍ മദീന പാഷന്‍ പ്രവാചക പ്രേമികള്‍ക്ക് അവിസ്മരണീയ അനുഭവമായി മാറി. തിരുനബിചര്യകള്‍ പകര്‍ന്നുനല്‍കി പ്രവാചക പ്രണയത്തിന്റെ പൂര്‍ണനിലാവ് മദീന മാതൃകയില്‍ തയാറാക്കിയ മജ്‌ലിസില്‍ നിറഞ്ഞൊഴുകുകയായിരുന്നു.
കരുണയാണ് തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനവ്യാപകമായി നടത്തിവന്നിരുന്ന റബീഅ് കാംപയിനിന്റെ ഭാഗമായുള്ള മദീന പാഷന്‍ വിശ്വാസികളുടെ ഹൃദയങ്ങളില്‍ ആത്മീയാനുഭൂതി പകര്‍ന്നു. വെള്ളറക്കാട് ഇയ്യലക്കാട് ഖദീജ ബിന്‍ത് ബുഖാരി വഫിയ്യ കാംപസിലാണ് പരിപാടി നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് രണ്ടായിരത്തോളം പ്രവാചക സ്‌നേഹികള്‍ പങ്കെടുത്തു. മദീനപാഷനിലേക്ക് വരുന്നവരെ സുഗന്ധം പൂശിയും സംസം വെള്ളവും ഈത്തപ്പഴവും നല്‍കിയുമാണ് സ്വീകരിച്ചത്. മൗലിദ് സദസ്, ബുര്‍ദ, സ്വലാത്ത്, ഗാനാലാപനം, ഇശ്ഖ് മജ്‌ലിസ് തുടങ്ങിയ പരിപാടികളും മദീന പാഷനെ ശ്രദ്ധേയമാക്കി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ആത്മീയ സംഗമം ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. മുശാവറ അംഗം എന്‍.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. അബ്ദുസ്സലാം ബാഖവി ദുബൈ, റഹ്മത്തുല്ല ഖാസിമി മൂത്തേടം, അബ്ദുല്‍ സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സ്വാലിഹ് അന്‍വരി ചേകന്നൂര്‍, ബഷീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. സമസ്ത ജില്ലാ പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, സാബിഖലി ശിഹാബ് തങ്ങള്‍, മുസ്തഫ ഉസ്മാന്‍, ഡോ. അന്‍വര്‍ അമീന്‍, മുഹമ്മദ് നൂര്‍ ഫൈസി, എ.വി അബൂബക്കര്‍ ഖാസിമി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, കരീം ഫൈസി പൈങ്കണ്ണിയൂര്‍, അലവി മാസ്റ്റര്‍, അമീന്‍ കൊരട്ടിക്കര, അബ്ദുറഹ്മാന്‍ ചെറമനേങ്ങാട്, ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍, പി.എം റഫീഖ് അഹ്മദ്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, മഅ്‌റൂഫ് വാഫി, ഹാഫിള് അബൂബക്കര്‍ സംബന്ധിച്ചു. ജന. സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും ശഹീര്‍ ദേശമംഗലം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."