നാമജപത്തിന് മറുപടിയായി സര്‍ക്കാരിന്റെ 'വനിതാമതില്‍'
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നാമജപവുമായി വനിതകളെ തെരുവിലിറക്കിയ ബി.ജെ.പിക്കും എന്‍.എസ്.എസിനും ശക്തമായ മറുപടിയുമായി സര്‍ക്കാര്‍.
എസ്.എന്‍.ഡി.പിയെയും മറ്റു സമുദായ സംഘടനകളെയും ഒപ്പംനിര്‍ത്തി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് 'വനിതാമതില്‍' നിര്‍മിച്ചാണ് തിരിച്ചടിക്ക് തീരുമാനിച്ചിരിക്കുന്നത്. കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കരുതെന്ന മുദ്രാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാമതില്‍ നിര്‍മിക്കുകയെന്ന് സമുദായ സംഘടനാ പ്രതിനിധികളുടെ യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ഇതിനായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചെയര്‍മാനും കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ കണ്‍വീനറുമായുള്ള സമിതിക്കും രൂപംനല്‍കി. ശബരിമല വിഷയത്തില്‍ അക്രമസമരത്തിലേക്കുപോയ ബി.ജെ.പി, സമരത്തില്‍നിന്ന് പിന്മാറിയ സാഹചര്യത്തിലാണ് ബദല്‍ ആശയവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. എസ്.എന്‍.ഡി.പി, കെ.പി.എം.എസ് തുടങ്ങി യോഗത്തില്‍ പങ്കെടുത്ത 170 സംഘടനകളെ ഒപ്പംനിര്‍ത്തി ശബരിമലയിലേറ്റ തിരിച്ചടിയില്‍നിന്നു പുറത്തുകടക്കുകയാണ് വനിതാമതിലെന്ന ആശയത്തിലൂടെ സര്‍ക്കാരും സി.പി.എമ്മും ലക്ഷ്യമിടുന്നത്. ഇക്കാര്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി എ.കെ.ജി സെന്ററില്‍ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചര്‍ച്ച ചെയ്തിരുന്നു. വെള്ളാപ്പള്ളിയുമായും ഇക്കാര്യം നേരത്തേ ചര്‍ച്ച ചെയ്തതായി പറയപ്പെടുന്നു.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നതിനാലാണ് നവോത്ഥാന ഘട്ടത്തില്‍ പ്രവര്‍ത്തിച്ച സംഘടനകളുടെ പിന്തുടര്‍ച്ചക്കാരായവരുടെ യോഗം വിളിച്ചതെന്നും യോഗത്തിലുയര്‍ന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് വനിതാമതില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കും മറ്റു സംഘടനാ നേതാക്കള്‍ക്കും പുറമെ മന്ത്രിമാരായ ഇ.പി ജയരാജന്‍, എ.കെ ബാലന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."