ആശ്രയ കോളനിയുടെ ആവശ്യങ്ങളുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ മന്ത്രിയെ കണ്ടു
തവനൂര്‍: നാലുപുറവും മുട്ടോളം മലിനജലം കെട്ടി നില്‍ക്കുന്നതിനാല്‍ പുറംലോകത്തേക്കുളള വഴിയടഞ്ഞ അതളൂര്‍ നേഡറ്റ് ആശ്രയ കോളനി നിവാസികളുടെ ദുരിത ജീവിതം മന്ത്രിയുടെ മുന്നിലവതരിപ്പിച്ച് കടകശ്ശേരി ഐഡിയല്‍ കോളജ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍. നാല്‍പതോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനിയില്‍ പകര്‍ച്ചവ്യാധികളടക്കം ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ശൗചാലയം, കുടിവെളളം, വഴിവിളക്ക് തുടങ്ങി പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് കാടുമൂടിയ ചുറ്റുവട്ടത്തെ കൊച്ചുകൂരകളില്‍ കുട്ടികളും രോഗികളുമടക്കമുളള കോളനി നിവാസികള്‍ നരക തുല്യമായ ജീവിതം നയിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയില്‍ പല തവണ ഉന്നയിക്കപ്പെടുകയും ദൃശ്യമാധ്യമങ്ങളിലടക്കം വളരെ ഗൗരവപൂര്‍വ്വം റിപ്പോര്‍ട്ടു ചെയ്യപ്പെടുകയും ചെയ്ത പ്രസ്തുത പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ യാതൊരു പരിഹാരവും ഉണ്ടായില്ലെന്നതിനാലാണ് കോളനിനിവാസികള്‍ മുഴുവന്‍ ഒപ്പിട്ട നിവേദനം സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ഡോ. കെ.ടി ജലീലിനു നേരിട്ടു സമര്‍പ്പിക്കാന്‍ ഐഡിയല്‍ കോളേജ് എന്‍.എസ്.എസ് യൂനിറ്റ് മുന്‍കൈയെടുത്തത്. കോളനി സന്ദര്‍ശിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ ഫോട്ടോ ആല്‍ബവും നിവേദനവും വിശദമായി പരിശോധിച്ച ശേഷം ഉചിതമായ പരിഹാരങ്ങള്‍ ഉടനെ ഉണ്ടാകുമെന്ന് മന്ത്രി വളണ്ടിയര്‍സംഘത്തിന് ഉറപ്പു നല്‍കിയതായി എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ യാക്കൂബ് പൈലിപ്പുറം, ഐഡിയല്‍ മീഡിയ ഇന്‍ചാര്‍ജ് പി.ടി.എം ആനക്കര എന്നിവര്‍ പറഞ്ഞു. വളണ്ടിയര്‍മാരായ നിഹാല്‍ അഹമ്മദ് നൗഷര്‍, ശ്രീഷ്മ പി, സഫീല നസിറിന്‍ വി.വി, ഷബ്‌ന ഷെറിന്‍.പി.വി, അബ്ദുല്‍ ഹഖീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."