ചുമ്മാ കുറെ വ്യാജ ചാണക്യന്മാര്‍
ഓര്‍ക്കാപ്പുറത്ത് ഇരുട്ടടി കിട്ടിയ മഹാരാഷ്ട്രയിലെ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ക്ക് ഇനിയും ബോധം തെളിഞ്ഞതിന്റെ ലക്ഷണമില്ല. കോണ്‍ഗ്രസ് യുഗത്തിലെ അവശേഷിക്കുന്ന വൃദ്ധചാണക്യനാണ് ശരത് പവാര്‍. മുഖ്യമന്ത്രിയാകാന്‍ 38ാം വയസില്‍ കോണ്‍ഗ്രസിനെ കാലുവാരിയ ആളാണ്. ഇദ്ദേഹത്തിനും ചുമ്മാ നടക്കുന്ന ബി.ജെ.പി വിരുദ്ധ ചാണക്യന്മാര്‍ക്കും ഒരു കാര്യം മനസിലായിക്കാണണം. ബി.ജെ.പിയില്‍ ഒരു ചാണക്യനൊന്നുമല്ല ഉള്ളത്. ഏതാണ്ട് എല്ലാവരും പുതിയ ഇനം ചാണക്യന്മാരാണ്.
ബി.ജെ.പിയെ തോല്‍പ്പിച്ച് മന്ത്രിസഭയും മറ്റും ഉണ്ടാക്കണമെങ്കില്‍ വെറുതെ ചാണക്യന്‍ എന്നും മറ്റും പറഞ്ഞുനടന്നിട്ട് ഒരു കാര്യവുമില്ല. മൗര്യസാമ്രാജ്യകാലത്തിലെങ്ങാനും ഉണ്ടായിരുന്ന കക്ഷിയാണ് ചാണക്യന്‍. എതിരിടാന്‍ വേറെ ചാണക്യന്മാരൊന്നും ഇല്ലാത്തതുകൊണ്ട് വച്ചതു വേലയായി കുറെക്കാലം തിളങ്ങിയിരിക്കാം. പോരാത്തതിന് അന്നു വോട്ടും പാര്‍ട്ടിയുമൊന്നും ഉണ്ടായിരുന്നില്ലല്ലോ. ഇവിടെയിപ്പോള്‍ പഞ്ചായത്ത്-വാര്‍ഡ് തലംമുതല്‍ കുതന്ത്രം പയറ്റി വളര്‍ന്നു വികസിച്ച് രാജ്യം ഭരിക്കുന്നവരോട് കളിക്കാന്‍ പഴഞ്ചന്‍ ചാണക്യസൂത്രം ഉരുവിട്ടിട്ടൊന്നും കാര്യമില്ല.
ബുദ്ധിയും കൗശലവുമാണ് ജയത്തിന് ആധാരമെന്നത് വെറും തെറ്റിദ്ധാരണയാണ്. സത്യം, ശരി, നിയമം, ഭരണഘടന തുടങ്ങിയവയെ ഒന്നും ഒട്ടും വിലവയ്ക്കരുത്. കാര്യം നേടാന്‍ ചെയ്യേണ്ടതെന്തും ചെയ്യണം. നിയമമോ തത്ത്വമോ ഭരണഘടനയോ മറ്റോ എതിരു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ കുറുക്കുവഴി തേടാം. പണം കൊടുക്കണമെങ്കില്‍ കൊടുക്കാം. തല്ലണമെങ്കില്‍ തല്ലാം, കൊല്ലണമെങ്കില്‍ കൊല്ലാം. 70,000 കോടി കട്ടതിന് ജയിലില്‍ ഇടും എന്നു പറഞ്ഞുപോയല്ലോ എന്നൊന്നും ചിന്തിക്കരുത്. ആ കട്ടവനെ ഉപമുഖ്യമന്ത്രിയാക്കാം. അത്രയേ ഉള്ളൂ. ഇതിനു ചുമ്മാ ചാണക്യനെയും ചാര്‍വാകനെയും കണാദനെയും ഒന്നും കൂട്ടുപിടിക്കേണ്ട കാര്യമില്ല.
കോണ്‍ഗ്രസുകാര്‍ക്ക് എന്തുചെയ്യാനും ശങ്കയാണ്, പണ്ടേ. അടിസ്ഥാനപരമായി എന്‍.സി.പിയും കോണ്‍ഗ്രസ് തന്നെയാണല്ലോ. ഇവര്‍ക്കും ശങ്ക വിട്ട നേരമില്ല. ചെയ്യുന്നത് ശരിയോ, അതു പ്രയോജനപ്പെടുമോ, തിരിച്ചടി ഉണ്ടാകുമോ, ജനങ്ങള്‍ തെറ്റിദ്ധരിക്കുമോ, ചീത്തപ്പേരാവുമോ തുടങ്ങിയ ചിന്തകള്‍ ഇവരുടെ നട്ടെല്ലിനു കുത്തും. അതുവളഞ്ഞുവരും. ശങ്കയാണ് കുഴപ്പം. നല്ലതു ചെയ്യാനും ശങ്കയാണ്, മോശം ചെയ്യാനും ശങ്കയാണ്. അതു കൊണ്ട് രണ്ടും കാര്യമായൊന്നും ചെയ്യാറില്ല. അങ്ങനെയല്ലാത്ത കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമായിരുന്നു. ശങ്കയില്ലാതെ കുറച്ചു നല്ല കാര്യങ്ങളും കുറെ ചീത്തക്കാര്യങ്ങളും ചെയ്തു. ചീത്തക്കാര്യങ്ങളാണ് ചിലര്‍ക്കു ചരിത്രത്തില്‍ സ്ഥാനം നേടിക്കൊടുക്കുക എന്നും നമ്മളറിയണം.
വൃദ്ധചാണക്യന്‍ പവാറും അനുയായികളും എത്രയോ വിലപ്പെട്ട സമയമാണ് പാഴാക്കിയത്. ശിവസേനയുമായി കൂട്ടുകൂടുന്നത് തത്ത്വങ്ങള്‍ക്കെതിരാവുമോ എന്നായിരുന്നു ആദ്യത്തെ ശങ്ക. അതു തീര്‍ക്കാന്‍ കുറെ സമയം കൊന്നു. ഇക്കാലത്ത് ഏതു രാഷ്ട്രീയ മന്ദബുദ്ധിജീവിയാണ് അങ്ങനെയൊരു വിഷയത്തെക്കുറിച്ച് ആലോചിച്ച് സമയം പാഴാക്കുക! ബന്ധം ആവാം. വെറുതെയങ്ങ് ബന്ധപ്പെടാന്‍ പറ്റില്ല. മിനിമം പരിപാടി ഉണ്ടാക്കണം. മിനിമം പരിപാടിയേ! കുറെ ബുദ്ധിജീവികളെയും മറ്റും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്ത് രേഖയാക്കിവച്ചു. പ്രകടനപത്രിക പോലെയാണ് ഇതും. സത്യപ്രതിജ്ഞ കഴിഞ്ഞ ഉടന്‍ മറക്കേണ്ട സംഗതികളാണ്. ശിവസേനശിശുക്കള്‍ക്ക് ഇതൊന്നും അത്ര പരിചയമുള്ളതല്ല. മീശ പിരിച്ചങ്ങനെ നടക്കുകയായിരുന്നു. അവര്‍ ആകെ ഒരു വട്ടമേ ശരിക്കു മഹാരാഷ്ട്ര ഭരിച്ചിട്ടുള്ളൂ. ബി.ജെ.പിയായിരുന്നു അന്നും കൂട്ട്.
വ്യാഴാഴ്ച രാത്രി മന്ത്രിസ്ഥാനവും ഭരണവുമെല്ലാം സ്വപ്നം കണ്ട് ശിശുക്കള്‍ ഉറങ്ങുന്ന നേരത്താണ് ആര്‍ഷഭാരതസംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നവര്‍ വടിവാള്‍ വീശിയത്. രാഷ്ട്രപതി ഭരണം റദ്ദാക്കി. രാഷ്ട്രപതിയല്ല, പ്രധാനമന്ത്രിയാണ് അതു ചെയ്തത്. അത്യാവശ്യം വന്നാല്‍ അങ്ങനെ ചെയ്യാന്‍ ഭരണഘടനയില്‍ വകുപ്പുണ്ട്. ഭരണം പിടിക്കുന്നതിലും വലിയ അത്യാവശ്യകാര്യം വേറെ എന്തുണ്ട്? ഭൂരിപക്ഷമുണ്ടോ എന്നൊന്നും നോക്കിയില്ല. ഒരുത്തനെ കാലുമാറ്റാന്‍ കഴിഞ്ഞുവെന്ന വിവരം കിട്ടിയ ഉടനെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. സത്യപ്രതിജ്ഞ ആദ്യം, ഭൂരിപക്ഷം പിന്നീട് എന്നതാണ് ലൈന്‍. നവംബര്‍ 30ന് ഉള്ളില്‍ ഭൂരിപക്ഷം തെളിയിച്ചാല്‍ മതി എന്ന് വിശ്വസ്ത ഗവര്‍ണര്‍ ഉറപ്പുകൊടുത്തിട്ടുണ്ട്. ഈ ജാതി ഏര്‍പ്പാടുകളൊന്നും യഥാര്‍ഥ ചാണക്യന്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തതാണ്. നമ്മള്‍ വെറുതെ ചാണക്യന്‍ എന്നു പറയുന്നുവെന്നേ ഉള്ളൂ.
അറുപത് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിനു ചെയ്യാന്‍ കഴിയാത്തതാണ് തങ്ങള്‍ അറുപതു മാസം കൊണ്ട് ചെയ്തതെന്നു മോദിജി പറഞ്ഞതിന്റെ പൊരുളിപ്പോഴേ ജനത്തിനു ശരിക്കും മനസിലായിള്ളൂ. ഇനി സുപ്രിംകോടതിയേ ഉള്ളൂ ശരണം. സുപ്രിംകോടതിക്ക് മുമ്പ് കര്‍ണാടകയില്‍ കണ്ട വീറൊന്നും എന്തോ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ കാണുന്നേയില്ല. അവിടെയും ശങ്ക തുടങ്ങിക്കാണണം. കാത്തിരുന്നു കാണാം.
സംസ്‌കൃത അസംസ്‌കൃതര്‍
സംസ്‌കൃതം ഒരു മതഭാഷയാണ് എന്ന് ധരിച്ചുവച്ചിട്ടുള്ളവര്‍ പരക്കെ ഉണ്ട്. മതങ്ങള്‍ പുതിയ ഭാഷയൊന്നും ഉണ്ടാക്കുക പതിവില്ല. ഉള്ള ഭാഷ ഉപയോഗിച്ചല്ലേ മതത്തിന് ജനങ്ങളിലെത്താന്‍ കഴിയൂ. പൗരാണിക ഭാരതത്തിലെ മൂലഭാഷ എന്നാണ് സംസ്‌കൃതത്തിന്റെ ശബ്ദതാരാവലി അര്‍ഥം.
സംസ്‌കൃതന്‍ എന്നൊരു വാക്കുമുണ്ട്. പരിഷ്‌കൃതമാനവന്‍ എന്നും പണ്ഡിതന്‍ എന്നും ഈ വാക്കിന് അര്‍ഥമുണ്ട്. ഇത്രയും ആയാല്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാവും. അപ്പോള്‍ സംസ്‌കൃതത്തിനു വേണ്ടി വാദിക്കുന്നവരായും സംസ്‌കൃതപ്രേമികളായും നടിക്കുന്ന ആളുകള്‍ സംസ്‌കൃതര്‍ ആവണമെന്നില്ലേ എന്നതാണ് പ്രശ്‌നം. ഇല്ല. സംസ്‌കൃതം പഠിച്ച് പണ്ഡിതനായ ഒരാള്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ എത്തുമ്പോള്‍ അവന്റെ ജാതിയും മതവും നോക്കുന്നവര്‍ സംസ്‌കൃതമാനവന്‍ ആവില്ല. അവര്‍ പരിഷ്‌കൃതമാനവനോ സംസ്‌കാരമുള്ളവന്‍ പോലുമോ അല്ല എന്നാണ് ഉത്തരം.
സംസ്‌കൃതത്തോട് അത്യധികം സ്‌നേഹബഹുമാനങ്ങളുള്ളവരാണ് സംസ്‌കൃതം സ്വമേധയാ പഠിക്കുന്നത്. അതൊരു മുസ്‌ലിം ആണെങ്കില്‍ സ്‌നേഹവും ബഹുമാനവും കൂടുകയേ ഉള്ളൂ സംസ്‌കൃതമാനവന്. ആദ്യം കത്തിപ്പിടിച്ചെങ്കിലും, മുസ്‌ലിം സംസ്‌കൃതാധ്യാപകന് എതിരായ സമരം പൊളിഞ്ഞുപോയി. കാരണം, ആര്‍.എസ്.എസ് അതിനെ പിന്താങ്ങില്ല എന്ന് അറിയിച്ചതാണ് കാരണം. അത് ഏതായാലും നന്നായി. വര്‍ഗീയതയ്ക്കും വിവരദോഷത്തിനും വിദ്വേഷചിന്തയ്ക്കും പോലും വേണം പരിധി എന്നവര്‍ക്കു തോന്നിക്കാണണം. അത്രയും നല്ലത്.
മൊഴിയമ്പ്
ഗോധ്ര തീവയ്പ് ആസൂത്രണം ചെയ്തത് കോണ്‍ഗ്രസുകാരാണ് എന്ന് ഗുജറാത്ത് സര്‍ക്കാര്‍ ബോര്‍ഡ് പ്രസിദ്ധീകരിച്ച പുസ്തകത്തില്‍ പരാമര്‍ശം.
സാരമില്ല. മഹാത്മാഗാന്ധിയെ കൊന്നതു കോണ്‍ഗ്രസുകാരാണ് എന്ന് സ്ഥാപിക്കുന്ന പുസ്തകം അതേ ബോര്‍ഡില്‍നിന്ന് ഉടനെ പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."