ജനശ്രദ്ധ നേടി റെഡ് റിബണ്‍ കാംപയിനും എയ്ഡ്‌സ്ദിന സന്ദേശറാലിയും
കട്ടപ്പന: ലോക എയ്ഡ്‌സ് ദിനാചരണം ജില്ലാതല പരിപാടിയുടെ ഭാഗമായി കട്ടപ്പനയില്‍ നടന്ന സന്ദേശ റാലിയും റെഡ് റിബണ്‍ കാംപയിനും ജനപങ്കാളിത്തവും വ്യത്യസ്തതയും കൊണ്ട് ജനശ്രദ്ധ നേടി. 'നിങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയൂ' എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന മുദ്രാവാക്യം.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ എയ്ഡ്‌സ് ബോധവത്ക്കരണ പ്ലക്കാര്‍ഡുകളേന്തി യൂനിഫോം ധാരികളായ വിദ്യാര്‍ഥികളും കുടുംബശ്രീ, ആരോഗ്യ പ്രവര്‍ത്തകരും അണിനിരന്നത് റാലിക്ക് മികവേകി. പരിപാടിയുടെ ഭാഗമായി കട്ടപ്പന പഴയ ബസ് സ്റ്റാന്‍ഡില്‍ കട്ടപ്പന സെന്റ് ജോണ്‍സ് കോളജ് ഓഫ് നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് ഏറെ ശ്രദ്ധയാകര്‍ഷിച്ചു.
ആരോഗ്യ ബോധവല്‍ക്കരണ കിയോസ്‌കുകള്‍ മുഖാന്തരം എച്ച്.ഐ.വി ബോധവല്‍ക്കരണ പ്രദര്‍ശനത്തോടൊപ്പം ലഘുലേഖകളും വിതരണം ചെയ്തു. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, സെന്റ് ജോണ്‍സ് സ്‌കൂള്‍ ഓഫ് നഴ്‌സിങ്, ഗവ. ഐ.ടി.ഐ, ഐ.എച്ച്.ആര്‍.ഡി, ഗവ. കോളജ് വിദ്യാര്‍ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, റെഡ് ക്രോസ് സൊസൈറ്റി, കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി, ആര്‍ഷഭാരത് സുരക്ഷാ പ്രോജക്ട് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്ദേശറാലിയിലും ബോധവല്‍ക്കരണ പരിപാടികളിലും പങ്കാളികളായി.
കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ നടന്ന റെഡ് റിബണ്‍ കാംപയിന്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കട്ടപ്പന ഡിവൈ.എസ്.പിക്ക് റെഡ് റിബണ്‍ നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എയ്ഡ്‌സ്ദിന സന്ദേശറാലി ഡിവൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. എയ്ഡ്‌സ് പ്രതിരോധ, ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലം മുതല്‍ നടപ്പാക്കി പുതുതലമുറയ്ക്ക് ഇക്കാര്യങ്ങളില്‍ കൃത്യമായ അവബോധം ഉണ്ടാക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പന ടൗണ്‍ ചുറ്റി നടന്ന സന്ദേശ റാലി നഗരസഭാ മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പൊതുസമ്മേളനത്തിന് മുന്നോടിയായി എച്ച്.ഐ.വി ബാധിതരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ അനുഭവങ്ങളും രോഗബാധിതരോട് സമൂഹത്തിനുള്ള കാഴ്ചപ്പാടും വിവരിച്ചു.
എയ്ഡ്‌സ് ബോധവല്‍ക്കരണ ഭാഗമായി സംഘടിപ്പിച്ച ചെറുനാടക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കട്ടപ്പന സെന്റ് ജോണ്‍സ് നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനികള്‍ സമ്മാനര്‍ഹമായ നാടകം വേദിയിലവതരിപ്പിച്ചു. എയ്ഡ്‌സ് പകരുന്ന വഴികളായ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചിന്റെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ തുടങ്ങിയവയും രോഗാണുവായ റിട്രോവൈറസ്, രോഗലക്ഷണങ്ങള്‍, രോഗം നിര്‍ണ്ണയിക്കുന്ന ടെസ്റ്റുകള്‍, പ്രതിരോധ മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ചും ലളിതമായ രീതിയില്‍ വിശദീകരിച്ചു നഴ്‌സിങ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച നാടകം എയ്ഡ്‌സ് ബോധവല്‍ക്കരണത്തിന്റെ നേര്‍ക്കാഴ്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."