ഡിവൈ.എസ്.പി ഓഫിസിലെ പരിശോധന: ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിനെ സ്ഥലം മാറ്റി
കോഴിക്കോട്: താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസില്‍ പരിശോധന നടത്തിയതിന്റെ പ്രതികാരമെന്നോണം ധനകാര്യ വിഭാഗം ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന് സ്ഥലം മാറ്റമെന്ന് ആരോപണം.
കോഴിക്കോട് റൂറല്‍ എ.ആര് ക്യാംപിലെ സീനിയര്‍ പൊലിസ് ഓഫിസര്‍ക്കെതിരെയാണ് പ്രതികാര നടപടി. കൊയിലാണ്ടി നമ്പ്രത്തുകരയിലെ ക്യാംപില്‍നിന്നു ജില്ലാ അതിര്‍ത്തിയായ ചോമ്പാല പൊലിസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. നടപടി സേനാംഗങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ജില്ലാ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ താമരശ്ശേരി ഡിവൈ.എസ്.പി ഓഫിസില്‍ പരിശോധന നടത്തിയത്.
പതിവ് പരിശോധനയുടെ ഭാഗമായി ഡിവൈ.എസ്.പി ഓഫിസിലെത്തിയ സംഘം പ്രധാനപ്പെട്ട ചില ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടിസും നല്കി. ഇതിനിടയിലാണ് ധനകാര്യ വിഭാഗത്തിലെ സെക്ഷന്‍ ഓഫിസറായ ജീവനക്കാരിയുടെ ഭര്‍ത്താവിന് അപ്രതീക്ഷിത സ്ഥലമാറ്റമുണ്ടായിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ ഓഫിസിലെത്തിയപ്പോഴാണ് ഡ്യൂട്ടി ഓഫിസിലെ റൈറ്ററായ ഇയാളെ സ്ഥലം മാറ്റിയതായി അറിയുന്നത്. എ.ആര് അസിസ്റ്റന്റ് കമാണ്ടന്റ് വാക്കാല്‍ ഇദ്ദേഹത്തെ സ്ഥലം മാറ്റുകയായിരുന്നു. എത്രയും പെട്ടെന്ന് ചോമ്പാല പൊലിസ് സ്റ്റേഷനില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന നിര്‍ദേശമാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് ചോമ്പാലയില്‍ ചുമതലയേല്‍ക്കുകയായിരുന്നു. ഡ്യൂട്ടി ഓഫിസില്‍ റൈറ്റര്‍മാരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്മാരെ സാധാരണ സ്ഥലം മാറ്റാറില്ല.
ജില്ലയിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് സ്ഥലം മാറ്റമെന്നും ആക്ഷേപം ഉയരുന്നുണ്ട്. അതേസമയം സ്ഥലംമാറ്റത്തില്‍ അസ്വാഭാവികതയില്ലെന്ന് റൂറല്‍ ജില്ലാ പൊലിസ് അസോസിയേഷന് സെക്രട്ടറി മുഹമ്മദ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."