ഭവന നിര്‍മാണം പാതിവഴിയില്‍ നിലച്ചു; ആദിവാസി കുടുംബങ്ങള്‍ ദുരിതത്തില്‍
മാനന്തവാടി: ഭവന നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ ദുരിതത്തിലായി ആദിവാസി കുടുംബങ്ങള്‍. എ.ടി.എസ്.പി പദ്ധതി പ്രകാരം 2013- 14ല്‍ തൊണ്ടര്‍നാട്ടില്‍ പണിയ വിഭാഗങ്ങള്‍ക്കായി അനുവദിച്ച 20ഓളം വീടുകളാണ് പണി പൂര്‍ത്തിയാകാത്ത അവസ്ഥയില്‍ നില്‍ക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍ ആദിവാസികള്‍ മാത്രമായുള്ള സൊസൈറ്റി രൂപീകരിച്ച് ഭവന നിര്‍മാണം അവരെ ഏല്‍പ്പിക്കുകയായിരുന്നു.
എന്നാല്‍ 20 വീടുകളുടെയും നിര്‍മാണം ലിന്റില്‍ പൊക്കത്തില്‍ നിര്‍ത്തിയിട്ട് വര്‍ഷം മൂന്നായി. എന്നിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് കോളനിവാസികള്‍ കുറ്റപ്പെടുത്തുന്നു. ഉള്ള കൂര പൊളിച്ചതോടെ നിര്‍മാണത്തിലിരിക്കുന്ന വീടിനടുത്ത് ചെറിയ ഷെഡുണ്ടാക്കിയാണ് മഴയും, വെയിലും കൊണ്ട് രോഗികളും വൃദ്ധരും ഉള്‍പ്പെടെ താമസിക്കുന്നത്. ഇക്കാലയളവില്‍ അനുവദിച്ചതുള്‍പ്പെടെ വിവിധ പദ്ധതികളിലായി 250ഓളം വീടുകള്‍ പൂര്‍ത്തിയായി വരുമ്പോഴും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാന്‍വേണ്ടി വിഭാവനം ചെയ്ത വീടുകള്‍ ഇതുവരെ പൂര്‍ത്തിയാകാത്തത് വിരോധാഭാസമാകുകയാണ്.
തൊണ്ടര്‍നാട്ടിലെ കേളോം കോളനിയിലും നിരവില്‍പ്പുഴയിലുമാണ് ഭവന പദ്ധതി പൂര്‍ത്തിയാകാത്തത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കേളോം കോളനിയിലെ വിദ്യാര്‍ഥി പനിപിടിച്ച് മരിച്ചിരുന്നു.
ഇതേതുടര്‍ന്ന് വിവിധ വകുപ്പുകള്‍ കോളനിയില്‍ കയറിയിറങ്ങിയതല്ലാടെ വീട് പണി പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടില്ല. പഞ്ചായത്ത് ഭരണ സമിതിയുടെ അനുമതിപോലും ആവശ്യമില്ലാത്തതിനാല്‍ സൊസൈറ്റി ഭാരവാഹികളായ പ്രസിഡന്റും, സെക്രട്ടറിയും ചേര്‍ന്ന് പണി പൂര്‍ത്തിയാകുന്നതിന് മുന്‍പേ ബില്ല് മാറി പണവുമായി പോയതായി കോളനിവാസികള്‍ പറയുന്നു. പണിപൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുന്നവരോട് മുടന്തന്‍ ന്യായങ്ങള്‍ പറയുന്ന കരാറുകാരായ സൊസൈറ്റി ഭാരവാഹികള്‍ ബില്ല് മാറിയ പണമുപയോഗിച്ച് പ്രദേശത്ത് വാഴകൃഷി ചെയ്യുകയാണെന്നും കോളനിക്കാര്‍ ആരോപിച്ചു. ബന്ധപ്പെട്ട ട്രൈബല്‍ വകുപ്പും, ജില്ലാ ഭരണകൂടവും ഇവര്‍ക്കെതിരേ വേണ്ട നടപടികളെടുത്ത് വീടുപണി പൂര്‍ത്തിയാക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്താനൊരുങ്ങുകയാണ് ഗുണഭോക്താക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."