കോളജ് അധ്യാപികയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തെ ലൗ ജിഹാദാക്കി മാറ്റാന്‍ സംഘ് പരിവാര്‍ നീക്കം, പൊലിസ് അന്വേഷണം വൈകിപ്പിച്ചതായും പരാതി
പൊന്നാനി: കോളജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം നഗ്‌നദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തെ ലൗ ജിഹാദെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമം. യുവതിയെ മതം മാറ്റിയതാണ് ലൗ ജിഹാദെന്ന ആരോപണവുമായി സംഘ്പരിവാര്‍ ചാനല്‍ രംഗത്തുവരാന്‍ കാരണം.
കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ കോളജില്‍ അധ്യാപകനാണ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡിപ്പിച്ചത്. യുവതിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യക്യാമറയില്‍ പകര്‍ത്തിയ ശേഷം കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തു. ഫോണ്‍ നമ്പറും അഡ്രസും നല്‍കിയതോടെ യുവതിയുടെ വാട്‌സാപ്, ഫേയ്‌സ്ബുക്ക് അക്കൗണ്ടുകളിലേക്ക് ആയിരക്കണക്കിന് അശ്ലീല കോളുകളും സന്ദേശങ്ങളുമാണെത്തുന്നത്.
പ്രതിയായ കോളജ് അധ്യാപകന്‍ അജ്മാനിലെ വസ്ത്രനിര്‍മാണ യൂണിറ്റിലെ അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ്. വിദേശത്തുള്ള പ്രതി ദൃശ്യങ്ങളും സന്ദേശങ്ങളും അപ്പ്്‌ലോഡ് ചെയ്തതിന്റെ തെളിവുകളും ലഭിച്ചിട്ടുണ്ട്.
രണ്ടു പേരുടെ വ്യക്തിപരമായ കാര്യത്തെയാണ് ലൗ ജിഹാദായി വ്യാഖ്യാനിക്കുന്നത്. പ്രണയത്തിനൊടുവിലാണ് യുവതി മതം മാറിയതെത്രെ. ഇങ്ങനെ മതം മാറ്റിയതിന് പിന്നില്‍ ഇയാള്‍ പണം സമ്പാദിച്ചതായും സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ജനം ടി.വിയാണ് ഇതിനെ ലൗ ജിഹാദായി പ്രചരിപ്പിക്കുന്നത്. വിവാഹത്തില്‍ നിന്ന് യുവാവ് പിന്മാറിയതോടെ യുവതി ഭീഷണിപ്പെടുത്തിയെന്നും ഇതോടെ യുവാവ് സ്വകാര്യ ദൃശ്യങ്ങള്‍ നെറ്റില്‍ പങ്കുവെക്കുകയുമാണ് ഉണ്ടായതെത്രെ. ഇത്തരമൊരു സംഭവത്തെ വര്‍ഗീയനിറം നല്‍കി പ്രചരിപ്പിക്കുകയാണ് സംഘ് പരിവാര്‍ കേന്ദ്രം. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാള്‍ക്കെതിരേ പൊലിസ് ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കി. സംഭവത്തില്‍ പൊന്നാനി പൊലിസ് അന്വേഷണം ആരംഭിച്ചു.
വിദേശത്തേക്ക് കടന്ന പ്രതിക്കെതിരേ യുവതി ആദ്യം കുറ്റിപ്പുറം പൊലിസില്‍ പരാതി നല്‍കിയെങ്കിലും ഇര മരിക്കുന്ന സംഭവങ്ങളില്‍ മാത്രമേ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനാവൂ എന്ന നിലപാടായിരുന്നു പൊലിസ് സ്വീകരിച്ചതത്രെ. തുടര്‍ന്ന് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.
കുറ്റിപ്പുറത്തെ കോളജില്‍ അധ്യാപികയായിരുന്ന യുവതിയെ പൊന്നാനിയിലെ ഒരുകോളജില്‍ അധ്യാപകനായിരുന്ന മുഹമ്മദ് ഹാഫിസ് വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. നാല് വര്‍ഷത്തോളം പ്രണയത്തിലായിരുന്നു ഇവര്‍. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ യുവതി മതം മാറുകയും ചെയ്തു.
നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ മുഹമ്മദ് ഹാഫിസ് പ്രതിയായിരുന്നിട്ടും ഇതൊന്നും അന്വേഷിക്കാനോ പീഡനപരാതിയില്‍ നടപടിയെടുക്കാനോ കുറ്റിപ്പുറം പൊലിസ് തുനിഞ്ഞിരുന്നില്ലെന്നും ആരോപണമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."