കുട്ടികളുടെ കൂട്ടുകാരനാവുക
കുട്ടികളുടെ പരിപാലനത്തെക്കുറിച്ച് ഖലീഫ ഉമര്‍ ഒരിക്കല്‍ പറയുകയുണ്ടായി.'നിങ്ങള്‍ ആദ്യത്തെ ഏഴ് വയസുവരെ കുട്ടികളുമൊത്ത് കളിക്കുക. രണ്ടാമത്തെ ഏഴുവര്‍ഷം അവര്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുക. മൂന്നാമത്തെ ഏഴുവര്‍ഷം അടുത്ത സുഹൃത്താവുക'ഈ മൂന്ന് ഘട്ടങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
ആദ്യത്തെ ഏഴുവര്‍ഷം കുട്ടിയുമൊന്നിച്ച് കളിച്ചാല്‍ മാത്രമെ രണ്ടാമത്തെ ഘട്ടത്തില്‍ കുട്ടി രക്ഷിതാവിന്റെ ഉപദേശനിര്‍ദേശങ്ങള്‍ ശ്രവിക്കുകയുള്ളു. മൂന്നാമത്തെ ഘട്ടം കൗമാരത്തിന്റെയും ആദിയൗവ്വനത്തിന്റെയും തുടക്കമാണ്. കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യത കൂടുതലുള്ള കാലമാണിത്. ഈ ഘട്ടത്തില്‍ ഉത്തമ സുഹൃത്തായി നിന്നുകൊണ്ട് അവരുടെ ആവശ്യങ്ങളും സുഖവും ദു:ഖവും ഒരുപോലെ പങ്കുവെക്കുക. മക്കള്‍ക്ക് വേവലാതികളും ആകുലതകളും പങ്കുവെക്കാനുള്ള അത്താണിയായിരിക്കണം രക്ഷിതാക്കള്‍.
മക്കളെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ മാതാപിതാക്കള്‍ സ്വയം ആത്മവിശ്വാസമുള്ളവരായിരിക്കണം. അവര്‍ക്ക് വേണ്ടത്ര സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരമൊരുക്കണം. മക്കളുടെ കാര്യത്തില്‍ ധൈര്യമുള്ളവരായിരിക്കണം. നമുക്ക് സാധിക്കാത്ത മോഹങ്ങള്‍ അവരിലൂടെ സാധിപ്പിക്കാം എന്ന് കരുതുന്നത് സ്വാര്‍ഥതയാണ്. അവരുടെ മോഹങ്ങള്‍ രൂപപ്പെടുത്തുന്നതിലും വഴികള്‍ ചിട്ടപ്പെടുത്തുന്നതിലും അപ്പുറം അവരുടെ ജീവിതത്തിലേക്ക് അതിക്രമിച്ച് കയറുകയോ അധിനിവേശം നടത്തുകയോ ചെയ്യുന്നത് അപരാധമാണ്.
കുട്ടികള്‍ മുറിയിലിരുന്ന് കളിക്കുകയാണെങ്കിലും അവരുടെ ശ്രദ്ധ മാതാപിതാക്കളുടെ സംസാരത്തിലും കാണും. മറ്റുള്ളവരെ കുറ്റപ്പെടുത്തിയുള്ള സംസാരം ഒരിക്കലും കുട്ടികളുടെ മുന്‍പില്‍വച്ച് പാടില്ല. പരദൂഷണ കുശലങ്ങള്‍ കേട്ട് വളരുന്ന കുട്ടികളും ഇതുപോലെ തന്നെയാകും വളരുക. ഒരാളെ നോവിച്ചിട്ട് നാം ഒന്നും നേടുന്നില്ല. മറ്റുള്ളവരുടെ മക്കളുടെ കാര്യത്തില്‍ അനാവശ്യതാല്‍പര്യം കാണിക്കാതിരിക്കുക. നല്ല പൗരന്‍മാരായി വളര്‍ന്നുവരണമെങ്കില്‍ ചെറുപ്പത്തിലേതന്നെ മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാനും ശീലിപ്പിക്കണം.
കുട്ടിയുമായി സൗഹൃദത്തോടെ സംസാരിക്കണം. അവരുടെ വ്യക്തിത്വം അംഗീകരിക്കണം. കുട്ടിയോട് സംസാരിക്കുക എന്നതല്ല, കുട്ടിയുമായി സംസാരിക്കുക എന്നതാണ് പ്രധാനം. രണ്ടും തമ്മില്‍ വലിയ അന്തരമുണ്ട്. മേലാളന്റെ ഭാഷയില്‍, അധികാരിയുടെ ഭാഷയില്‍ നമ്മള്‍ സംസാരിക്കുകയും കുട്ടി കേട്ട്, അനുസരിച്ച് 'നല്ല കുട്ടി' ആകുകയും ചെയ്യുന്ന ശൈലിയാണ് ഒന്നാമത്തേത്.
അധികാരികളെപോലെ സംസാരിക്കുന്നത് കുട്ടികളില്‍ ഈഗോ വളര്‍ത്തുന്നു. നമുക്ക് തുല്യമായ സ്വതന്ത്ര വ്യക്തിത്വവും ചിന്താശേഷിയുമുള്ള മറ്റൊരാളോടെന്നപോലെ സമശീര്‍ഷതയുടെ ആദരവോടെ സംസാരിക്കുന്നതാണ് രണ്ടാമത്തേത്. അവിടെ ഏക ഭാഷണമല്ല, സംഭാഷണമാണ് നടക്കുന്നത്. രണ്ടുപേരും സംസാരിക്കുന്നു, രണ്ടുപേരും ശ്രദ്ധയോടെ കേള്‍ക്കുന്നു, ശുഭാപ്തി വിശ്വാസം വളര്‍ത്തുന്ന തരത്തിലുള്ള സൗഹൃദ സംഭാഷണങ്ങളില്‍ ഏര്‍പ്പെടേണ്ടത് അനിവാര്യമാണ്. പിതാവും മാതാവും കുട്ടികളും ഉള്‍പ്പെടുന്ന'സംസാരിക്കുന്ന സൗഹൃദസദസാണ്'വീടുകളില്‍ പുനര്‍ജനിക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."