ബഹ്‌റൈനില്‍ കരിഞ്ചന്തയില്‍ വിസ വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ വ്യാപക പരാതി
മനാമ: ബഹ്‌റൈനില്‍ കരിഞ്ചന്തയില്‍ വിസ വില്‍പന നടത്തുന്ന സംഘം വ്യാപകമെന്ന് ആക്ഷേപം. ഇത്തരം വ്യാജ നിര്‍മാണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ബഹ്‌റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) ആണ് ശക്തമായി ഇതിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.
അനധികൃത തൊഴിലാളികള്‍ ഈ വിസ വാങ്ങി നിര്‍മാണ കോണ്‍ട്രാക്ടര്‍മാരായി ജോലി ചെയ്യുകയാണെന്നും ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരക്കാര്‍ വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ഈ മേഖലയില്‍ കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ (സി.ആര്‍) അനുവദിക്കും മുമ്പ് മതിയായ അന്വേഷണം നടത്തണമെന്നും ബി.സി.സി.ഐ കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സി.ആര്‍ എടുത്ത് വിസ വില്‍പന നടത്തി സ്ഥാപനം അടച്ചുപൂട്ടുക എന്നതാണ് ഇവരുടെ രീതിയെന്ന് കമ്മിറ്റി ചെയര്‍മാന്‍ ഈസ അല്‍ റഫിഈ വ്യക്തമാക്കി.
ഇത് വിപണിയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കരാറുകാരുടെ വലിയ സാന്നിധ്യമാണ് സൃഷ്ടിച്ചത്. വിസ കച്ചവടം അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ട്. ഇപ്പോള്‍ നിയമപ്രകാരം ജോലി ചെയ്യുന്നവര്‍ അനധികൃത തൊഴിലാളികളുമായി മത്സരിക്കേണ്ട സാഹചര്യമാണുള്ളത്.
നിര്‍മാണ മേഖലയിലെ കരാറുകാരും കമ്പനികളും സി.ആറിന് അപേക്ഷിക്കുേമ്പാള്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണ്.നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിസ വില്‍പനക്കാര്‍ വെല്ലുവിളിയാണ്. നിലവില്‍ 20,000ത്തിലധികം കരാറുകാര്‍ക്ക് സി.ആറുണ്ട്. ഇതില്‍ പലതും സജീവമല്ല. ഇക്കാര്യത്തില്‍ ജോര്‍ഡന്‍ മാതൃക പിന്തുടരുന്നത് നന്നാകും. അവിടെ, പ്രാദേശിക കോണ്‍ട്രാക്ടര്‍മാരുടെ സൊസൈറ്റിയാണ് അപേക്ഷകള്‍ തീര്‍പ്പാക്കുന്നത്.അതിനുശേഷം മാത്രമേ ലൈസന്‍സ് ലഭിക്കൂ. ഇത് ബഹ്‌റൈനിലും നടപ്പാക്കാവുന്നതാണ്. ഇവിടെ ബഹ്‌റൈന്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിക്കും ബി.സി.സി.െഎക്കും അപേക്ഷകള്‍ വിലയിരുത്താനാകും.
ഈ പ്രാഥമിക പരിശോധനക്ക് ശേഷം മന്ത്രാലയത്തിന് സി.ആറിനായി സമര്‍പ്പിക്കുമ്പോള്‍ തട്ടിപ്പ് തടയാനാകും. അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ കാര്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പുതിയ ഫ്‌ലെക്‌സിബിള്‍ വര്‍ക് പെര്‍മിറ്റ് ഇതിന്റെ ഭാഗമാണെന്നും ബി.സി.സി.െഎ ട്രഷറര്‍ കൂടിയായ അല്‍റഫഈ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."