പ്രതിഷേധക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും
പാരീസ്: ഇന്ധന തീരുവയ്‌ക്കെതിരേ പ്രതിഷേധവുമായി ഇറങ്ങിയ 'മഞ്ഞക്കുപ്പായ'ക്കാരോടു ചര്‍ച്ച നടത്താനൊരുങ്ങി ഫ്രാന്‍സ് സര്‍ക്കാര്‍. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തണമെന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിനോട് ആവശ്യപ്പെട്ടു. മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തതിനു ശേഷം സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിഷേധക്കാരെ നേരിടാനായി സുരക്ഷാ സന്നാഹങ്ങളൊരുക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന അഭ്യൂഹം പ്രസിഡന്റിന്റെ ഓഫിസ് തള്ളി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതു സംബന്ധിച്ചു ചര്‍ച്ച ചെയ്തിട്ടില്ലെന്നു മന്ത്രാലയം അറിയിച്ചു. രണ്ടാഴ്ച മുന്‍പു തലസ്ഥാനമായ പാരിസില്‍ പതിനായിരങ്ങളുടെ പ്രകടനത്തോടെയാണ് 'മഞ്ഞക്കുപ്പായ' പ്രക്ഷോഭം ആരംഭിച്ചിരുന്നത്. പ്രക്ഷോഭത്തിനിടെ ഇതിനകം നാലു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 23 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 133 പേര്‍ക്കു പരുക്കേറ്റു. ആറു കെട്ടിടങ്ങളും 112 വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.
പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാക്രോണ്‍ ഇന്ധന തീരുവ വര്‍ധിപ്പിച്ചത്. എന്നാല്‍, ജനജീവിതത്തെ ദുസഹമാക്കുന്നതാണ് തീരുമാനമെന്നു പറഞ്ഞ് ഒരു സംഘം സമൂഹമാധ്യമങ്ങള്‍ വഴി പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. വഴി നവംബര്‍ 17നാണ് 'മഞ്ഞക്കുപ്പായ പ്രക്ഷോഭം' എന്ന പേരില്‍ പാരിസില്‍ പുതിയ സമരപരിപാടിക്കു തുടക്കമായത്.
അന്നത്തെ പ്രക്ഷോഭത്തില്‍ മൂന്നു ലക്ഷത്തോളം പേര്‍ പങ്കെടുത്തതായാണ് വിവരം. പ്രസിഡന്റിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ വസതിയുമടക്കം തന്ത്രപ്രധാന മേഖലയായ ചാംപ്‌സ് എലിസീസില്‍നിന്നാണ് പ്രക്ഷോഭങ്ങള്‍ തുടങ്ങിയത്. ഇതു പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. കൃത്യമായ നേതൃത്വം പ്രക്ഷോഭത്തിനില്ല. തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകര്‍ മുതല്‍ തീവ്ര വലതുപക്ഷ ദേശീയവാദികളും പ്രക്ഷോഭത്തില്‍ പങ്കാളികളാണ്.
സമരക്കാര്‍ പ്രതീകാത്മകമായി മഞ്ഞ ജാക്കറ്റുകള്‍ ധരിച്ചായിരുന്നു പ്രക്ഷോഭത്തിനെത്തിയത്. ഇതിനാലാണ് സമരം 'മഞ്ഞക്കുപ്പായ പ്രക്ഷോഭം' എന്ന പേരില്‍ അറിയപ്പെട്ടത്. ഫ്രാന്‍സില്‍ ഗതാഗത നിയമപ്രകാരം ഡ്രൈവര്‍മാര്‍ മഞ്ഞ നിറത്തിലുള്ള ജാക്കറ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് ഇതു നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."