ചിന്നൂസിന്റെ കൈതാങ്ങ്: അര്‍ഷിന ഇനി ലൈബ്രറിയില്‍ പോകും
കുറ്റ്യാടി: ഇരുന്നിടത്തു നിന്ന് ഒന്നങ്ങാന്‍ പോലും കഴിയാത്ത അര്‍ഷിനയുടെ വലിയ ആഗ്രഹമായിരുന്നു പരസഹായം കൂടാതെ വീടിനടുത്തുള്ള ലൈബ്രറിയിലേക്ക് പോകാന്‍ ഒരു ഇലക്ട്രിക് വീല്‍ചെയര്‍ എന്നുള്ളത്. തളീക്കര പുന്നോള്ളതില്‍ ഹമീദിന്റെ മകള്‍ അര്‍ഷിനയുടെ ആ വലിയ ആഗ്രഹം സഫലീകരിച്ചിരിക്കുകയാണ് ചിന്നൂസ് എന്ന വാട്‌സ് ആപ് കൂട്ടായ്മ.
സെലിബ്രല്‍ പള്‍സി ബാധിച്ച് കഴുത്തിന് താഴെ തളര്‍ന്ന അര്‍ഷിനയുടെ ചങ്ങാത്തം പുസ്തകങ്ങളോടാണ്. പഠന സമയം കഴിഞ്ഞാല്‍ പിന്നെ അക്ഷരങ്ങളുടെ താരാപഥങ്ങളിലേക്ക് ഊളിയിട്ടിറങ്ങും. നന്നായി വായിക്കുന്ന അര്‍ഷിനയ്ക്ക് ഇതുവരെ സഹോദരി അസ്മിനയായിരുന്നു ലൈബ്രറിയില്‍ നിന്നു പുസ്തകങ്ങള്‍ എടുത്തു നല്‍കിയിരുന്നത്. എന്നാല്‍ അസ്മിനയുടെ വിവാഹം കഴിഞ്ഞതോടെ അതു മുടങ്ങി.
ഇതിനിടെ അര്‍ഷിനയുടെ ആഗ്രഹം അറിഞ്ഞ ചിന്നൂസ് വാട്ആപ് കൂട്ടായ്മ കൈത്താങ്ങാകുകയായിരുന്നു. പേരാമ്പ്ര സി.കെ.ജി കോളജില്‍ ഒന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിനിയായ അര്‍ഷിനയെ രണ്ടു വയസുകാരിയെപൊലെ ഉമ്മ ശരീഫ എടുത്താണ് കോളജിലേക്ക് കൊണ്ടു പോകുന്നതും വരുന്നതും.
ഭിന്നശേഷി ദിനാചരണത്തില്‍ തളീക്കര എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നസീര്‍ വീല്‍ചെയര്‍ അര്‍ഷിനയ്ക്ക് നല്‍കി. ചടങ്ങ് സി.ഐ എന്‍. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി അശ്വതി അധ്യക്ഷായി. ചടങ്ങില്‍ എഴുത്തുകാരന്‍ നവാസ് മൂന്നാംകൈയുടെ മൂന്ന് പുസ്തകങ്ങള്‍ സമ്മാനമായി നല്‍കി.
പ്രധാനാധ്യാപകന്‍ മധുസൂധനന്‍, മേനിക്കണ്ടി അബ്ദുല്ല മാസ്റ്റര്‍, അഡ്വ. ജമാല്‍, പി.കെ നവാസ്, നവാസ് മൂന്നാംകൈ, അബ്ദുല്ല സല്‍മാന്‍, നാസര്‍ തയ്യുള്ളതില്‍, കെ.കെ അമ്മത്, കെ.വി ജമീല വി.കെ റിയാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."