എട്ടു വിദ്യാര്‍ഥികളെ പീഡിപ്പിച്ച കായികാധ്യാപകന് കസ്റ്റഡിയില്‍, ഇയാള്‍ക്കെതിരേ മുമ്പും പരാതി ഉയര്‍ന്നിട്ടും പൂഴ്ത്തി
കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കായികാധ്യാപകന് കസ്റ്റഡിയില്‍. പയ്യാവൂരിലെ സ്വകാര്യ സ്കൂളിലെ എട്ടു വിദ്യാര്‍ഥികളെയാണ് അധ്യാപകന് പീഡിപ്പിച്ചതായി പരാതിയുയര്‍ന്നത്. രണ്ടാഴ്ച മുമ്പ് ഈ സ്കൂളിലെ 200 ഓളം വിദ്യാര്‍ഥികളെ കൗണ്‍സിലിങിന് വിധേയമാക്കിയതോടെയാണ് അധ്യാപകനെതിരേ വിദ്യാര്‍ഥികള്‍ ശക്തമായ പരാതി ഉയര്‍ത്തിയത്. ജില്ലാ ലീഗല്‍ സര്‍വിസ് അതോറിറ്റിയും കൗണ്‍സലിംഗില്‍ പങ്കെടുത്തിരുന്നു. പരാതി സത്യമാണെന്നു ബോധ്യമായതോടെ അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ അധ്യാപകനെതിരായ വിദ്യാര്‍ഥികളുടെ പരാതി സ്കൂള്‍ അധികൃതര്‍ പൊലീസിന് കൈമാറിയിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെയാണ് ചൈല്‍ഡ് ലൈന്‍ പരാതി കണ്ണൂര്‍ എസ്.പിക്ക് കൈമാറിയത്.
ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.പിയുടെ നിര്‍ദേശപ്രകാരമാണ് കായികാധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ മുമ്പും ഇത്തരത്തിലുള്ള പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ സ്കൂളിലെത്തി വിദ്യാര്‍ഥികളെ കൗണ്‍സിലിങിന് വിധേയമാക്കിയത്.
അതേ സമയം ഏറ്റുമാനൂരിലെ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണം ചെയ്തതിന് അറസ്റ്റിലായ അധ്യാപകനെതിരെ നേരത്തെയും സമാന പരാതി ലഭിച്ചിട്ടും പൊലിസില്‍ അറിയിക്കാതെ സ്കൂള്‍ അധികൃതര്‍ പരാതി പൂഴ്ത്തുകയായിരുന്നുവെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. കൗണ്‍സിലറോടാണ് വിദ്യാര്‍ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."