12 സമുദായങ്ങള്‍ നാടോടി ഗോത്രവര്‍ഗത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും
പാലക്കാട്: കേരളത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടിരുന്ന 12 സമുദായങ്ങളെ നാടോടി ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ദേശീയ നാടോടി, അര്‍ധ നാടോടി, പട്ടികവര്‍ഗ പഠന കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
കുറവന്‍ (സിദ്ധനര്‍), കവറ, നായാടി, ബോയന്‍, കള്ളാടി, കടയന്‍, ജോഗി, മാവിലാന്‍, മുഖാരി, മൈല, ഗോഡാഗാളി, ഡോംബന്‍ എന്നീ വിഭാഗങ്ങളെയാണ് നാടോടി ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇതോടെ ഇവര്‍ക്ക് പട്ടികവര്‍ഗക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. അടുത്ത മാസത്തോടെ ഗസ്റ്റ് നോട്ടിഫിക്കേഷന്‍ പുറത്തിറക്കുമെന്ന് കമ്മിഷന്‍ ചെയര്‍മാന്‍ ബിഹുരാംജി ഇഡേറ്റ് 'സുപ്രഭാത'ത്തോട് പറഞ്ഞു.
കേരളത്തില്‍ ഭൂപരിഷ്‌കരണ നിയമം നടപ്പാകുന്നതിനുമുന്‍പ് നാടോടികളായി കൈത്തൊഴിലുകള്‍ ചെയ്ത് ഉപജീവനം നടത്തിയിരുന്നവരാണ് ഈ സമുദായങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
നിയമം നടപ്പായതോടെ ഇവര്‍ക്ക് സ്ഥലം പതിച്ചുനല്‍കി. ഇതോടെയാണ് നാടുചുറ്റല്‍ അവസാനിപ്പിച്ച് അതാതു സ്ഥലങ്ങളില്‍ സ്ഥിരതാമസം തുടങ്ങിയത്. ഇതോടെയാണ് ആദിവാസി ഗോത്രങ്ങളായ ഇവരെയെല്ലാം പട്ടികജാതിയില്‍പ്പെടുത്തിയത്.
കേന്ദ്രസര്‍ക്കാര്‍ 2016ലാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ എല്ലാ സംസ്ഥാനങ്ങളിലുമെത്തി തെളിവെടുപ്പ് നടത്തിയാണ് പട്ടികജാതിക്കാരായ 12 വിഭാഗങ്ങളെ നാടോടി ഗോത്രപ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ആദിവാസികളെങ്കിലും പട്ടികജാതി ലിസ്റ്റില്‍ ഉള്‍പ്പെട്ട കുറവന്‍, കവറ സമുദായങ്ങളെക്കുറിച്ച് 2016 നവംബര്‍ 12ന് സുപ്രഭാതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.
തെളിവെടുപ്പ് സമയത്ത് നൊമാഡിക് ട്രൈബ് ക്ഷേമസമിതിക്കുവേണ്ടി ഹാജരായ സംസ്ഥാന ജനറല്‍ സെക്രട്ടറി എലപ്പുള്ളി ബാലസുബ്രഹ്മണ്യന്‍ ഈ റിപ്പോര്‍ട്ട് കമ്മിഷന്‍ മുന്‍പാകെ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."