സമാധാനം പുനഃസ്ഥാപിക്കാന്‍ ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് അറുതിവരുത്താനായി തിരുവനന്തപുരത്ത് സര്‍വകക്ഷി യോഗവും വിവിധ ജില്ലകളില്‍ സമാധാന ചര്‍ച്ചയും നടക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത സി.പി.എം, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളുടെ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
തലസ്ഥാന നഗരിയില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടെ ഒരാള്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പി. സദാശിവം മുഖ്യമന്ത്രിയെയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെയും വിളിച്ചുവരുത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇന്നലെ രാവിലെ ഇരു വിഭാഗം നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.
ഈ മാസം ആറിന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്താണ് സര്‍വകക്ഷിയോഗം ചേരുക. കൂടാതെ ഇന്ന് തിരുവനന്തപുരത്തും കോട്ടയത്തും ഈ മാസം അഞ്ചിന് കണ്ണൂരിലും ഇരു വിഭാഗം പ്രാദേശിക നേതാക്കളെ വിളിച്ച് സമാധാന ചര്‍ച്ചകളും നടത്തും. കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങളെ കുറിച്ച് ഇരു വിഭാഗത്തില്‍നിന്നും അഭിപ്രായങ്ങള്‍ കേട്ടതിനുശേഷമാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി സമാധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ഒരു വിധത്തിലുമുള്ള അക്രമസംഭവങ്ങളും ഇരു വിഭാഗത്തില്‍നിന്നും ഉണ്ടാകരുതെന്നും യോഗത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. രണ്ടു കൂട്ടരും അണികളില്‍ സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ ബോധവല്‍ക്കരണ നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മൂന്നു മാസം മുന്‍പ് കണ്ണൂരില്‍ വിളിച്ചുചേര്‍ത്ത സമാധാന ചര്‍ച്ചകളില്‍ എടുത്ത തീരുമാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടി ഓഫിസുകള്‍, വീടുകള്‍ തുടങ്ങിയവ ആക്രമിക്കരുതെന്ന അന്നത്തെ യോഗതീരുമാനം ഇരു വിഭാഗവും ലംഘിച്ചു. തിരുവനന്തപുരത്തുണ്ടായതു നിര്‍ഭാഗ്യകരമായ സംഭവമാണ്. പല കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും വീടുകള്‍ക്കും ബി.ജെ.പി ഓഫിസിനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീടിനും നേരെ ആക്രമണമുണ്ടായി. ഈ സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പാര്‍ട്ടികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ സി.പി.എമ്മിനെ പ്രതിനിധീകരിച്ച് കോടിയേരി ബാലകൃഷ്ണന്‍, മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി എന്നിവരാണ് ചര്‍ച്ചയ്‌ക്കെത്തിയത്. ബി.ജെ.പിയെ പ്രതിനിധീകരിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ എം.എല്‍.എ, ജില്ലാ സെക്രട്ടറി അഡ്വ. സുരേഷ്, ആര്‍.എസ്.എസിനെ പ്രതിനിധീകരിച്ച് പ്രാന്ത കാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ദക്ഷിണ മേഖല പ്രാന്തകാര്യവാഹക് പ്രസാദ് ബാബു എന്നിവരാണ് പങ്കെടുത്തത്. യോഗശേഷം മുഖ്യമന്ത്രിയും കോടിയേരിയും കുമ്മനവും മാധ്യമപ്രവര്‍ത്തകരെ കണ്ട് നിലപാട് വിശദീകരിച്ചു.
കണ്ണൂരില്‍ സംഘര്‍ഷസമയത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലെ തീരുമാനങ്ങള്‍ക്കു വിപരീതമായ കാര്യങ്ങളാണ് തിരുവനന്തപുരത്തും കോട്ടയത്തുമൊക്കെ നടന്നതെന്നും അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടത്തുന്ന ഉഭയകക്ഷി ചര്‍ച്ചകളിലും സര്‍വകക്ഷി യോഗത്തിലും സി.പി.എം പൂര്‍ണമായി സഹകരിക്കുമെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കുന്നതിന് ബി.ജെ.പിയും ആര്‍.എസ്.എസും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."