ഇസ്ലാം സ്വീകരിച്ച പെണ്‍കുട്ടിയെ ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടു
കൊച്ചി: സ്വമേധയാ ഇസ്ലാം സ്വീകരിച്ചു മതപഠനത്തിനായി വീടു വിട്ടിറങ്ങിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
കാസര്‍കോട് ഉദുമ കരിപ്പോടി കണിയാമ്പാടിയിലെ ആതിര എന്ന ആയിശയെയാണ് ഹൈക്കോടതി രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്. മതവിശ്വാസം പിന്തുടരാന് സൗകര്യമൊരുക്കാമെന്ന വീട്ടുകാരുടെ ഉറപ്പ് പരിഗണിച്ചാണു പെണ്‍കുട്ടിയുടെ മാതാവ് ആശ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹരജിയില്‍ കോടതിയുടെ ഉത്തരവ്.
സ്വന്തം ഇഷ്ടപ്രകാരമാണു മതപഠനത്തിനു പോയതെന്നും ഐ.എസില്‍ ചേര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്നും പെണ്‍കുട്ടി ഹൈക്കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ പെണ്‍കുട്ടിക്കും കുടുംബത്തിനും നിയമപരമായ സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു.
കഴിഞ്ഞ ജൂലൈ 10നാണ് ആതിരയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുറിയില്‍ നടത്തിയ പരിശോധനയില്‍ കത്ത് കണ്ടെത്തിയിരുന്നു. ഇസ്ലാം മതത്തില്‍ ചേരാന്‍ പോവുകയാണെന്നാണു കത്തില്‍ വ്യക്തമാക്കിയിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍നിന്നാണ് പെണ്‍കുട്ടിയെ ബേക്കല്‍ പൊലിസ് കണ്ടെത്തിയത്. കോടതിയില്‍ ഹാജരാക്കിയ യുവതി മറ്റാരുടെയും പ്രേരണയുണ്ടായിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണു മതം മാറിയതെന്നും വ്യക്തമാക്കി. സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിക്കണമെന്ന യുവതിയുടെ വാദം കോടതി സ്വീകരിച്ചു. തുടര്‍ന്ന് യുവതിയെ പരവനടുക്കത്തെ മഹിളാ മന്ദിരത്തിലേക്കു വിട്ടിരുന്നു. വീണ്ടും കോടതിയില്‍ ഹാജരാക്കപ്പെട്ട യുവതി ഇസ്ലാം വിശ്വാസപ്രകാരം ജീവിക്കാന്‍ അനുവദിക്കുകയാണെങ്കില്‍ മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ തയാറാണെന്ന് അറിയിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."