തുറസായ സ്ഥലത്ത് മൃതദേഹങ്ങള്‍ കത്തിക്കുന്നത് തടയാന്‍ കൂട്ടായശ്രമം വേണമെന്ന് കോടതി
കൊച്ചി: കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ തുറസായ സ്ഥലത്ത് മൃതദേഹങ്ങള്‍ കത്തിക്കുന്നതു തടയാന്‍ സര്‍ക്കാരിന്റെയും നഗരസഭയുടെയും ജനപ്രതിനിധികളുടെയും കൂട്ടായ ശ്രമം വേണമെന്ന് ഹൈക്കോടതി. കണ്ണൂര്‍ പയ്യാമ്പലം സ്വദേശിനി എന്‍.പി ശ്രീമതി നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
മൃതദേഹങ്ങള്‍ തുറസായ സ്ഥലത്ത് കത്തിക്കുന്നതുമൂലം പ്രദേശവാസികള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സാമൂഹ്യ ഉള്‍ക്കാഴ്ചയോടുകൂടിയ നടപടിയുണ്ടാവണമെന്ന് കോടതി പറഞ്ഞു. ഇതിനായി നഗരസഭ പദ്ധതി തയാറാക്കി സമയബന്ധിതമായി നടപ്പാക്കണം. ആറുമാസത്തിനുള്ളില്‍ കണ്ണൂര്‍ നഗരസഭ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരു ദിവസം എട്ടു മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ കഴിയുന്ന വൈദ്യുത ശ്മശാനം നിര്‍മിച്ചെങ്കിലും മൃതദേഹങ്ങള്‍ തുറസായ സ്ഥലത്ത് കത്തിക്കുന്നത് തുടരുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചില സമുദായങ്ങള്‍ വൈദ്യുത ശ്മശാനം ഉപയോഗിക്കാനാവില്ലെന്നും മതപരമായ വിശ്വാസം അനുസരിച്ച് തുറസായ സ്ഥലത്തുതന്നെ മൃതദേഹം കത്തിക്കണമെന്നും നിലപാടെടുത്തതിനാലാണ് ഇതു തുടരേണ്ടി വന്നതെന്ന് നഗരസഭ അറിയിച്ചു.
തുടര്‍ന്ന് നഗരസഭാ കൗണ്‍സില്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു.
കഴിഞ്ഞ 60 വര്‍ഷമായി പയ്യാമ്പലത്ത് തുറസായ സ്ഥലത്താണ് മൃതദേഹം കത്തിക്കുന്നതെന്നും ഇതു പെട്ടെന്നു തടഞ്ഞാല്‍ സമുദായ പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കുമെന്നും ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. വൈദ്യുത ശ്മശാനം ഉപയോഗിക്കണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമുദായ പ്രവര്‍ത്തകരും ഹൈക്കോടതിയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."