HOME
DETAILS

സാഹചര്യങ്ങളാണ് വില്ലന്‍

  
backup
July 31 2017 | 23:07 PM

olichottam-series-part-12

ഉമര്‍ ഫൈസി മുക്കം
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി


പെണ്‍കുട്ടികളുടെ ഒളിച്ചോട്ടം എന്നത് പുതിയതൊന്നുമല്ല. അത് കാലാന്തരങ്ങളില്‍ ഒരുപാട് പരിഷ്‌കരണത്തിന് വിധേയമായിട്ടുണ്ട് എന്നു മാത്രം. ഇഷ്ടമുള്ള ആണിനെ തെരഞ്ഞെടുക്കാന്‍ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്കും മറിച്ച് ആണ്‍കുട്ടിക്കും അവകാശമുണ്ട്. അതിന് നിയമപരിരക്ഷയുമുണ്ട്. ഹാദിയ എന്ന പെണ്‍കുട്ടിക്ക് മാത്രമാണ് ഈ പരിരക്ഷ കിട്ടാതെ പോയത് എന്നത് ഒറ്റപ്പെട്ട വിഷയം. വീട്ടില്‍ വേണ്ടത്ര സ്‌നേഹം കിട്ടാത്തതു കൊണ്ടാണ് പോകുന്നത് എന്ന കണ്ടെത്തല്‍ പൂര്‍ണമായും ശരിയല്ല. ഒറ്റപ്പെട്ട കേസുകള്‍ അങ്ങനെയുണ്ടാവാം. നല്ല സ്‌നേഹവും സൗകര്യവും ഐശ്വര്യവും ഒത്ത കുടുംബത്തില്‍ നിന്ന് ഒളിച്ചോട്ടമുണ്ടാവുന്നുണ്ട്. സമയത്ത് വിവാഹം ചെയ്തു കൊടുക്കാത്തതുമല്ല കാരണം. നല്ല ബന്ധം ഉറപ്പിച്ച് കല്യാണത്തലേന്ന് ഓടിപ്പോയവരുണ്ട്. കല്യാണം കഴിഞ്ഞ് മധുവിധുവിനിടയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്.
എല്ലാ ജീവികളിലുമെന്ന പോലെ സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷിക്കപ്പെടുന്ന ഘര്‍ഷണ ശക്തി ഉള്‍ക്കൊള്ളുന്ന വികാരജീവിയാണ് മനുഷ്യന്‍. വിശപ്പും ദാഹവും പോലെത്തന്നെ ശമനം കാണേണ്ടുന്ന വികാരമാണ് കാമവും. എല്ലാ വികാരങ്ങള്‍ക്കും ശമനമാര്‍ഗങ്ങളുണ്ട്. മറ്റു ജീവികളില്‍ നിന്നു വ്യത്യസ്തമായ ശമനരീതിയാണ് മനുഷ്യലോകം അംഗീകരിച്ചുവന്നിട്ടുള്ളത്. എല്ലാ മതങ്ങള്‍ക്കും ഈ മേഖലയില്‍ കാഴ്ചപ്പാടുകളും ആ വഴിക്കുള്ള നിയന്ത്രണങ്ങളുമുണ്ട്. മതമില്ലാത്തവര്‍ക്കും അംഗീകരിക്കേണ്ടിവരുന്ന വഴികളാണവ.
ലോകത്ത് കഴിഞ്ഞ കാലങ്ങളില്‍ നിലനിന്നിരുന്ന സ്ത്രീപുരുഷ അച്ചടക്കം ഘട്ടംഘട്ടമായി മാറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അന്യസ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ സ്പര്‍ശിക്കുന്നതും ഒരുമിച്ചിരിക്കുന്നതും വര്‍ധിച്ചുവരികയാണ്. പരസ്യചുംബനം അവകാശമായി മാറി. സ്ത്രീകളുമായി യഥേഷ്ടം അടുക്കാനും തൊടാനും പിടിക്കാനും കഥപറയാനും ചിരിക്കാനും പാടാനും തുള്ളാനും ഒക്കെ അവസരമുണ്ടായാല്‍ പിന്നീട് ശേഷിക്കുന്നതിലേക്ക് വലിയ അകലമൊന്നും ഉണ്ടാകില്ലല്ലോ.
ഒളിച്ചോട്ടം ഉണ്ടാവുന്നതിനു കാരണം അമിതസ്വാതന്ത്ര്യം ഇരുകൂട്ടര്‍ക്കും ലഭിക്കുന്നു എന്നതാണ്. മാതാപിതാക്കളോടോ മറ്റു കുടുംബാംഗങ്ങളോടൊ ഇടപഴകുമ്പോള്‍ ലഭിക്കാത്ത സുഖം ആണും പെണ്ണും കൂടുമ്പോള്‍ ഉണ്ടാകുമെന്ന് അറിയാത്ത ഷണ്ഡന്മാരല്ലല്ലോ നമ്മളാരും. അത് ഭ്രാന്തമാവുമ്പോള്‍ കുടുംബവും അമ്മയും പിതാവുമൊന്നും പ്രശ്‌നമാവാതെ പോകുന്നു. സ്വന്തം മക്കള്‍ കോളജിലേക്കാണ് എന്നു പറഞ്ഞ് രാവിലെ പോയാല്‍ പിന്നെ തിരിച്ചെത്തുന്നതിനുള്ളില്‍ എവിടെയൊക്കെ ബന്ധപ്പെടുന്നുവെന്നും എന്തൊക്കെ ചെയ്യുന്നുവെന്നും ശ്രദ്ധിക്കാതിരിക്കുന്നതും തന്റെ കുട്ടികളെക്കുറിച്ച് അമിതമായ ശുഭാപ്തിവിശ്വാസം പുലര്‍ത്തുന്നതുമാണ് വലിയ അപകടത്തിലേക്ക് കുട്ടികളെ എത്തിക്കുന്നത്. എല്ലാ ഭാഗത്തുനിന്നുമുള്ള ശ്രദ്ധയാണ് വേണ്ടത്.

സ്‌നേഹപ്രകടനത്തിന് പിശുക്ക് അരുത്

 

ശൈഖ് മുഹമ്മദ് കാരക്കുന്ന്
ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍


മക്കള്‍ പ്രണയത്തിന്റെ ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ ഏറ്റവും കൂടുതല്‍ പങ്കുവഹിക്കാന്‍ കഴിയുക മാതാപിതാക്കള്‍ക്കാണ്. ചില നിര്‍ദേശങ്ങള്‍ ഇവിടെ കുറിക്കുന്നു.
മക്കളുടെ ശൈശവം നഷ്ടപ്പെടുത്താതിരിക്കുക. പ്രശസ്ത ചിന്തകനായ റൂസോയുടെ വാക്കുകള്‍ മറക്കാതിരിക്കുക: 'സ്‌നേഹസമ്പന്നയായ മാതാവേ, നിന്റെ കുഞ്ഞ് വഴിവക്കില്‍ വളര്‍ന്നുവരുന്ന കുരുന്നു ചെടിപോലെയാണ്. തെരുവില്‍ മേയുന്ന കന്നുകാലികള്‍ അതിന്റെ ഇളം മസ്തിഷ്‌കം കടിച്ചുതിന്നും. അത്തരമൊരാപത്ത് നിന്റെ കുട്ടിയെ ബാധിക്കാതിരിക്കണമെങ്കില്‍ കുഞ്ഞിനു ചുറ്റും വേലികെട്ടുക. കൊച്ചുകുഞ്ഞിന്റെ തണ്ടുറക്കാത്തതിനാല്‍ സമൂഹത്തിന്റെ കരുത്തുറ്റ കാറ്റേറ്റ് അതിന്റെ നിസര്‍ഗഭാവം നഷ്ടമാകുന്നു. അതിനാല്‍ കുട്ടിക്ക് അഞ്ചുവയസാകുന്നതുവരെ നീ തന്നെ ഉത്തരവാദിത്വബോധത്തോടെ അതിനെ പോറ്റിവളര്‍ത്തുക. കുഞ്ഞിന് ന്യായമായി ലഭിക്കേണ്ട ശൈശവം നഷ്ടമായാല്‍ പിന്നീട് ആര്‍ക്കും ഒരിക്കലും അത് തിരിച്ചുകൊടുക്കാന്‍ കഴിയില്ല.'
ശൈശവം മാതാവിനോടൊത്ത് കഴിച്ചുകൂട്ടാന്‍ കുട്ടികള്‍ക്ക് അവസരം കിട്ടണം. അവരുടെ സ്വഭാവ സംസ്‌കരണത്തിനും നൈസര്‍ഗിക കഴിവുകളുടെ സ്വാഭാവിക വളര്‍ച്ചക്കും മാതാപിതാക്കളുമായുള്ള വൈകാരിക അടുപ്പത്തിനും അതനിവാര്യമാണ്. ശൈശവത്തില്‍ തന്നെ മാതാവില്‍ നിന്നകന്നുകഴിയുന്നവര്‍ ഒരുതരം അരക്ഷിത ബോധത്തിനും മാനസിക വൈകല്യങ്ങള്‍ക്കും അടിപ്പെടുന്നു.
വീട്ടില്‍ ശാന്തവും സന്തോഷവുമായ അന്തരീക്ഷമൊരുക്കാന്‍ മാതാപിതാക്കള്‍ ജാഗ്രതപുലര്‍ത്തണം. അവര്‍ക്കിടയില്‍ എത്രതന്നെ അഭിപ്രായവ്യത്യാസമുണ്ടെങ്കിലും കുട്ടികളുടെ മുന്‍പില്‍ വച്ച് അത് പ്രകടിപ്പിക്കുകയോ പരസ്പരം കലഹിക്കുകയോ അരുത്. വീടിന്റെ ശാന്തതയ്ക്കും കുടുംബത്തിന്റെ ഭദ്രതയ്ക്കും ഭംഗംവരുത്തുന്ന ഒന്നും സംഭവിക്കുകയില്ലെന്ന് മാതാപിതാക്കള്‍ ദൃഢനിശ്ചയം ചെയ്യണം.
കൊച്ചുകുട്ടികളോട് പോലും ഉമ്മ ഉപ്പയുടെയോ ഉപ്പ ഉമ്മയുടെയോ കുറ്റമോ കുറവോ പറയരുത്. അങ്ങനെ ചെയ്താല്‍ രണ്ടുപേരും ചീത്തയാണെന്ന് കുട്ടികള്‍ മനസില്‍ വിധിയെഴുതും. അതവരുടെ സ്വഭാവത്തെയും സമീപനത്തെയും സാരമായി ബാധിക്കും.
മനസില്‍ സ്‌നേഹമുള്ള അപൂര്‍വം ചിലരെങ്കിലും സ്‌നേഹം പ്രകടിപ്പിക്കാന്‍ അങ്ങേയറ്റം പിശുക്ക് കാണിക്കുന്നവരാണ്. സ്‌നേഹം ഉണ്ടായാല്‍ പോരാ, അത് പ്രകടിപ്പിക്കുക കൂടി ചെയ്യണം.
മാതാപിതാക്കളില്‍ നിന്ന് ആത്മസ്പര്‍ശമുള്ള സ്‌നേഹമനുഭവിക്കുന്ന മക്കള്‍ എപ്പോഴും അവരോട് ഇണക്കവും അടുപ്പവുമുള്ളവരായിരിക്കും. കിട്ടാവുന്ന സമയവും സന്ദര്‍ഭവും ഉപയോഗിച്ച് അവരുടെ കൂടെ കഴിയണം.
സ്‌നേഹം മനസിലൊളിപ്പിച്ച് പുറത്ത് പ്രകടിപ്പിക്കാതിരുന്നാല്‍ മക്കള്‍ക്ക് അതനുഭവിക്കാന്‍ അവസരം ലഭിക്കില്ല. അതോടെ അവര്‍ മാതാപിതാക്കള്‍ക്ക് തന്നോട് സ്‌നേഹമില്ലെന്ന് വിധിയെഴുതും. അങ്ങനെ അവരുമായി അകലാന്‍ തുടങ്ങും.

ജാഗ്രതയോടെ കാവലിരിക്കണം

 

എം.സി മായിന്‍ ഹാജി
മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി


പത്തു മാസം വേദന സഹിച്ച് നൊന്തു പ്രസവിച്ച മതാപിതാക്കളെ ഒഴിവാക്കി ഒരു നിമിഷം പരിചയപ്പെട്ടവരുടെ കൂടെ പോവുന്നത് ലോകത്തിലെ തന്നെ ഏറ്റവും വലിയ നന്ദികേടാണ്. കുടുംബത്തിന്റേയും രക്ഷിതാക്കളുടേയും സമ്മതമില്ലാതെ അന്യരുടെ കൂടെ ഇറങ്ങിപ്പോയവരില്‍ ബഹുഭൂരിപക്ഷത്തിന്റേയും ജീവിതം ദുരന്തമാണെന്നുള്ളത് നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. കാമുകന്‍ ഒഴിവാക്കുന്നതും വീട്ടുകാരുടെ പീഡനവും ഒക്കെയായി വഴിയാധാരമാവുന്നവര്‍ നിരവധി പേരാണ്. ഇത്തരം കെണിയില്‍ പെടുന്നവര്‍ ആത്മഹത്യ വരെ ചെയ്യുന്നവരുണ്ട്. ഇത്തരം നിരവധി സംഭവങ്ങളിലേക്കാണ് സുപ്രഭാതത്തിന്റ പരമ്പര വെളിച്ചം വീശിയത്. മാനവരക്തവുമായി വരുന്ന ചിലരുണ്ട്. അവരുടെ കൂടെയുള്ളവര്‍ ആരേയെങ്കിലും പ്രണയിച്ചു വിവാഹം കഴിച്ചാല്‍ പെണ്‍കുട്ടിയുടെ മതം അനുസരിച്ചല്ല വിവാഹം നടത്തുന്നത്. ചെറുപ്പക്കാരന്റെ മതത്തിലേക്ക് അവളെ മാറ്റുകയും ആ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ആചാരങ്ങള്‍ പ്രകാരം കല്യാണം നടത്തുകയും ചെയ്യുകയാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമ്മുടെ പെണ്‍കുട്ടികള്‍ നല്ല ജാഗ്രത പുലര്‍ത്തുന്നവരാവണം. മാതാപിതാക്കള്‍ മക്കള ജാഗ്രതയുള്ളവരാക്കി മാറ്റുകയും ചെയ്യണം.

 

വീട്ടകങ്ങള്‍ സുന്ദരമാകണം


ടി.പി അബ്ദുല്ലക്കോയ മദനി
കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ്


കേരളത്തില്‍ ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒളിച്ചോട്ടം ഒരു സാമൂഹിക ദുരന്തമാണ്. കേവല മത ബന്ധിത ചര്‍ച്ചകളാക്കി മാറ്റാനുള്ള മാധ്യമ ശ്രമങ്ങള്‍ക്കിടയില്‍ സുപ്രഭാതം വേറിട്ട ഇടപെടല്‍ നടത്തിയത് ഏറെ ശ്രദ്ധയര്‍ഹിക്കുന്നു. യഥാര്‍ഥത്തില്‍ ഒളിച്ചോടുന്നവര്‍ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നും ജീവിതത്തില്‍ നിന്നുമാണ് ഒളിച്ചോടുന്നത്. എല്ലാം തിരിച്ചറിയുമ്പോഴേക്കും എല്ലാം നഷ്ടപ്പെട്ടിരിക്കും. സ്‌കൂള്‍ തലം മുതല്‍ കോളജ് കാംപസ് വരെ പ്രണയകഥകളാല്‍ സമ്പന്നമാണ്. അത് സാര്‍വത്രികമാക്കാന്‍ സിനിമാ സീരിയല്‍ ഇടപെടലും കൂടിയാവുമ്പോള്‍ എത്രമാത്രം അപകടകരമാണ് സ്ഥിതിയെന്നത് നാം തിരിച്ചറിയുന്നില്ല. കാംപസ് പ്രണയങ്ങള്‍ തീര്‍ത്തും അരക്ഷിത ബോധമുള്ള ഒരു സമൂഹത്തെയാണ് സൃഷ്ടിക്കുന്നത്. അതിന് പുറമെ സമൂഹത്തിന്റെ കെട്ടുറപ്പിനെ അതു നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഒളിച്ചോട്ടങ്ങളുടെ സ്വയം നരകം തീര്‍ത്ത ഒരുപാട് അനുഭവങ്ങള്‍ സുപ്രഭാതം വായനക്കാരുടെ മുന്നില്‍ വച്ചത് ഇനിയെങ്കിലും ചിന്തിക്കുന്ന ഒരു സമൂഹത്തെ പിടിച്ചുലക്കേണ്ടതാണ്.
മക്കളുടെ ഭാവി നിര്‍ണയിക്കുന്നത് സമൂഹവും രക്ഷിതാക്കളുമാണ്. നമ്മുടെ മക്കള്‍ക്കു ശരിയായ മതപഠനം നല്‍കുകയും അതോടൊപ്പം അവരുടെ വിചാരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണം. മനശാസ്ത്രപരമായ സമീപനമാണ് ഫലം ചെയ്യുക. അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയും അവരുടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യണം. വീട്ടകങ്ങള്‍ ശാന്തമായ ഇടമായി മാറണം.


ഭരണകൂടവും സാംസ്‌കാരിക പ്രവര്‍ത്തകരും ഉണര്‍ന്നിരിക്കണം

എന്‍.കെ അബ്ദുല്‍ അസീസ്
ഐ.എന്‍.എല്‍, കേരള.സെക്രട്ടറി


സാമൂഹിക പ്രതിബദ്ധത പുലര്‍ത്തുക എന്ന ധര്‍മം പാലിച്ചുകൊണ്ട് സുപ്രഭാതം പരമപ്രധാനമായ ഒരുവിഷയം പൊതുജന ശ്രദ്ധയിലേക്കും ചര്‍ച്ചയിലേക്കും കൊണ്ടുവന്നത് ഏറെ അഭിനന്ദനാര്‍ഹമാണ്. കേരളീയ പൊതുസമൂഹം കാലാകാലമായി ഉയര്‍ത്തിപ്പിടിക്കുന്ന സമാധാനപരമായ മതനിരപേക്ഷ അന്തരീക്ഷത്തിന് കടുത്ത വെല്ലുവിളിയാണ് ഇത്തരം സംഭവങ്ങള്‍. മിശ്രവിവാഹങ്ങളോ പ്രണയ വിവാഹങ്ങളോ നമ്മുടെ സമൂഹത്തില്‍ പുത്തരിയല്ല. ദേശീയ നേതാക്കളില്‍ ഹുമയൂണ്‍ കബീര്‍, കെ.ആര്‍ നാരായണന്‍ മുതല്‍ രാജീവ് ഗാന്ധിവരെയുള്ളവര്‍ മിശ്രവിവാഹിതരാണ് എന്നുള്ളത് സാന്ദര്‍ഭികമായി ഓര്‍ക്കേണ്ടതുണ്ട്.
ലൗ ജിഹാദ് എന്ന പ്രചണ്ഡമായ പ്രചാരണത്തിലൂടെ ആരംഭിച്ച് സംഘ്പരിവാര്‍ നടപ്പാക്കിയ വിവാഹത്തിലെ രാഷ്ട്രീയ അജണ്ടയാണ് പുതിയ സാഹചര്യത്തിന് തുടക്കമിട്ടത്. മുസ്‌ലിം പെണ്‍കുട്ടികള്‍ ധാരാളമായി പ്രണയബദ്ധരായി അന്യമതസ്തരോടൊപ്പം പോവുകയും ആര്യസമാജത്തില്‍ വന്ന് മതം മാറുകയും ചെയ്യുന്നത് ബോധപൂര്‍വം മറച്ചുവച്ചു ലൗജിഹാദിന്റെ പേരില്‍ പെരുപ്പിച്ച് കാണിച്ചുകൊണ്ടാണ് ഈ അജണ്ട നടപ്പാക്കാന്‍ ഒരുവിഭാഗം പൊലിസ് ഉദ്യോഗസ്ഥരെ പോലും ഇവര്‍ ഉപയോഗിച്ചത് എന്നത് വളരെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതുണ്ട്.

എല്ലാ കുട്ടികള്‍ക്കും കൗണ്‍സലിങ് നല്‍കണം

തൊടിയൂര്‍ കുഞ്ഞുമുഹമ്മദ് മൗലവി
ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി

പെണ്‍കുട്ടികളുടേയും ആണ്‍കുട്ടികളുടേയും ഒളിച്ചോട്ടം ഇന്നു വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഇതിനു പരിഹാരം കൃത്യമായ ബോധവല്‍ക്കരണമാണ്. കുടുംബത്തില്‍ നിയന്ത്രണവും അച്ചടക്കവുമാണ് വേണ്ടത്. മഹല്ലു ജമാഅത്തുകളും പണ്ഡിതന്മാരും മതസംഘടനകളും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കൃത്യമായ ക്ലാസും കൗണ്‍സലിങും നല്‍കണം. അവരുടെ സാംസ്‌കാരിക തനിമയും അടയാളങ്ങളും നിലനിര്‍ത്താന്‍ അവരെ ബോധവല്‍ക്കരിക്കുകയും പഠിപ്പിക്കുകയും ചെയ്യണം. ഇതിനായി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കി ആവിഷ്‌കരിക്കുകയാണ് ചെയ്യേണ്ടത്. രക്ഷിതാക്കളും കുട്ടികളും തമ്മില്‍ നല്ല ആത്മബന്ധം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതുണ്ട്. കുട്ടികളുടെ മാനസികാവസ്ഥ നന്നായി അറിയുന്നവരായിരിക്കണം രക്ഷിതാക്കള്‍.


അറിവും അച്ചടക്കവുമാണ് പ്രധാനം

പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്
സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി


കുടുംബത്തില്‍ നിന്നു ഒളിച്ചോടുകയും അവരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന് വര്‍ധിച്ചു വരുന്നുണ്ട്. മതപരമായ ബോധവും സാമൂഹികമായ തിരിച്ചറിവും ഇല്ലാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പോറ്റി വളര്‍ത്തിയ മാതാപിതാക്കളേയും സംരക്ഷിച്ച കുടുംബങ്ങളേയും ഉപേക്ഷിച്ച് ഒരു നിമിഷം പരിചയപ്പെട്ട വ്യക്തിയുടെ കൂടെ നമ്മുടെ കുട്ടികളില്‍ പലരും ഇറങ്ങി പ്പോകുന്നത് അവര്‍ക്കു മതിയായ സാംസ്‌കാരിക ബോധവും അറിവും നല്‍കാത്തതു കൊണ്ടാണ്. വിശ്വാസികള്‍ ആരാണെന്നും അവരുടെ കടമയും കടപ്പാടും ആരോടാണെന്നുമുള്ള തിരിച്ചറിവ് നഷ്ടപ്പെടുമ്പോഴാണ് ഇതുപോലുള്ള കണ്ണു നനയ്ക്കുന്ന സംഭവങ്ങളുണ്ടാവുന്നത്.
ഇതിനു പരിഹാരം കണ്ടെത്തേണ്ടത് നാം എന്ന വ്യക്തിയും നമ്മള്‍ എന്ന കുടുംബവും സമൂഹവുമാണ്. ഒളിച്ചോട്ടത്തിന് പലപ്പോഴും അവസരം ഉണ്ടാക്കി നല്‍കുന്നത് മുതിര്‍ന്നവരാണ്. ചെറുപ്രായത്തില്‍ തന്നെ സാങ്കേതിക മികവുള്ള മൊബൈല്‍ ഫോണുകളാണ് നമ്മുടെ മക്കള്‍ ഉപയോഗിക്കുന്നത്. അതു പരിശോധിക്കാനോ നിയന്ത്രിക്കാനോ രക്ഷിതാക്കള്‍ പലപ്പോഴും മുതിരാറില്ല. അനന്തര ഫലങ്ങള്‍ ഓര്‍ത്ത് സങ്കടപ്പെടാറാണ് പതിവ്. സങ്കടപ്പെടുന്നതിനു പകരം കൃത്യമായ ഇടപെടലാണ് വേണ്ടത്. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കിയിട്ടു വേണം ഇടപെടാന്‍. അവരുമായി തുറന്നു സംസാരിക്കുകയും അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്യാനാണ് ശ്രമിക്കേണ്ടതെന്നാണ് ഒരു അധ്യാപകന്‍ എന്ന നിലയിലെ എന്റെ അനുഭവങ്ങള്‍ പറയുന്നത്.
ചെറുപ്രായത്തില്‍ കൃത്യമായ രീതിയില്‍ മതപഠനം നല്‍കുകയും ആ ബോധം ജീവിതത്തിലുടനീളം തുടര്‍ന്നുകൊണ്ടു പോവാനുള്ള പ്രാപ്തി അവര്‍ക്കു നല്‍കുകയും ചെയ്യണം. പ്രാഥമികമായി ഈ കടമ ചെയ്യേണ്ടത് ഒരോരുത്തരുടേയും കുടുംബം തന്നെയാണ്. വീട്ടില്‍ നിന്നു പഠിക്കുന്ന ചര്യകളും ജീവിത ശീലങ്ങളും തന്നെയാണ് ഓരോ വ്യക്തിയെയും രൂപപ്പെടുത്തുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.എഫ്.ഐ.ഒ നടപടിയില്‍ പുതുതായി ഒന്നുമില്ല; ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടന്നുവെന്ന വാദം പൊളിഞ്ഞു: മുഹമ്മദ് റിയാസ്

Kerala
  •  2 months ago
No Image

ആലപ്പുഴയില്‍ വിജയദശമി ആഘോഷങ്ങള്‍ക്കിടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ചു; പരാതിയുമായി കുടുംബം

Kerala
  •  2 months ago
No Image

ന്യൂനമര്‍ദ്ദം: സംസഥാനത്ത് മഴ ശക്തമാകും, എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'മദ്രസകള്‍ അടച്ചുപൂട്ടും, ഇല്ലെങ്കില്‍ മറ്റു വഴികള്‍ തേടും' ആവര്‍ത്തിച്ച് പ്രിയങ്ക് കാന്‍ഗോ

National
  •  2 months ago
No Image

മൊകേരി കോളജിലെ കൊലവിളി മുദ്രാവാക്യം; 60 ഓളം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പട്ടിണിക്കിട്ടും കൊന്നൊടുക്കി ഇസ്‌റാഈല്‍; ഉപരോധം മൂലം ഒരാഴ്ചക്കിടെ ഗസ്സയില്‍ വിശന്നു മരിച്ചത് 200ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago