ഒരുമയോടെ വസിക്കാം, സൗഹൃദം കാക്കാം
മഹത്തായ സാംസ്‌കാരിക പാരമ്പര്യമുള്ള രാജ്യമാണ് ഇന്ത്യ. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ടുവന്ന സൗഹൃദങ്ങളുടെ ആദാന പ്രദാനങ്ങളിലൂടെയാണ് ഇന്ത്യ ലോകത്തിന് മുന്നില്‍ ആ സംസ്‌കൃതിയുടെ ഊര്‍ജം പകര്‍ന്നത്. രാജ്യത്തിന്റെ ഈ സാംസ്‌കാരിക പുരോയാനത്തില്‍ മതമുള്ളവരും ഇല്ലാത്തവരുമെല്ലാം അവരുടേതായ പങ്കുവഹിച്ചിട്ടുണ്ട്.
മധ്യകാല ശതകങ്ങളിലാണ് ഇസ്‌ലാം ഇന്ത്യയില്‍ കടന്നുവരുന്നത്. അതിഥികളായെത്തിയ മത സമൂഹങ്ങളെ ഉള്‍ക്കൊള്ളാനും അവരുടെ ആചാരാനുഷ്ഠാനങ്ങളോട് ചേര്‍ന്നുനില്‍ക്കാനും ഇന്ത്യന്‍ സമൂഹം എക്കാലത്തും മനസ്സു കാണിച്ചിട്ടുണ്ട്. ഇസ്‌ലാം ഇന്ത്യയില്‍ വേരുപിടിക്കുന്ന കാലത്ത് തീര്‍ത്തും സാഹോദര്യത്തിന്റെ സാമൂഹിക സാഹചര്യം ഇന്ത്യന്‍ ജനത ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. രാജ്യത്തിന്റെ പുരോഗതിയിലും വിമോചന പോരാട്ടങ്ങളിലും അവര്‍ അവരുടെ സ്വത്വബോധം നിലനിര്‍ത്തിക്കൊണ്ട് തന്നെ ഇടപെട്ടു.
ഇന്തോ-അറബ് ബന്ധത്തിന്റെ ചിരപുരാണമായ നിര്‍ധരികള്‍ അത്തരം സാംസ്‌കാരിക കൈമാറ്റങ്ങള്‍ക്ക് കരുത്തു പകര്‍ന്നുകൊണ്ടേയിരുന്നു. പക്ഷേ, പുതിയ കാലത്ത് ഇന്ത്യയില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്നത് പലപ്പോഴും നല്ല വാര്‍ത്തകളല്ല. രാജ്യത്ത് നിയമ വിധേയമായി ജീവിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം-ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരേ ചില തല്‍പര കക്ഷികള്‍ അഴിച്ചുവിടുന്ന വിവേചന പ്രവണതകള്‍ നാം കണ്ടില്ലെന്ന് നടിക്കരുത്. രാജ്യത്ത് മുസ്‌ലിംകള്‍ മാത്രമാണ് വേട്ടയാടപ്പെടുന്നതെന്ന പൊതു ധാരണക്കപ്പുറം ന്യൂനപക്ഷങ്ങളുടെ പൊതുജീവിതത്തെ മൊത്തത്തില്‍ ഈ വിവേചനം ബാധിച്ചിട്ടുണ്ടെന്ന യാഥാര്‍ഥ്യം മറക്കരുത്. രാജ്യത്തെ ഏതു പൗരനു നേരെയും ഒറ്റപ്പെടുത്തലുകളോ ശാരീരികാക്രമണങ്ങളോ നീതി നിഷേധമോ ഉണ്ടായാല്‍, അത് രാജ്യത്തിന്റെ മുഴുവന്‍ വേദനയായി രൂപപ്പെട്ടുവരികയാണ് വേണ്ടത്.
വിവേചനങ്ങളും വര്‍ഗീയോപദ്രവങ്ങളും രാജ്യം വിഭാവന ചെയ്യുന്ന പുരോഗതിയേയും വികസന സ്വപ്‌നങ്ങളേയുമാണ് തടസ്സപ്പെടുത്തുന്നത്. ലോക രാജ്യങ്ങള്‍ക്കിടയില്‍ കീര്‍ത്തി കേട്ട ഇന്ത്യയുടെ യശസ്സാണ് ഇതിലൂടെ നഷ്ടമാകുന്നത്. തത്വത്തില്‍ ഓരോ കലാപങ്ങളിലൂടയും വര്‍ഗീയ ചേരിതിരിവിലൂടെയും പൗര നഷ്ടം മാത്രമല്ല സംഭവിക്കുന്നത്. രാജ്യ പുരോഗതി കൂടിയാണ്. ആ അര്‍ഥത്തില്‍, ഇത്തരം പ്രശ്‌നകലുഷിത സാഹചര്യമൊരുക്കുന്നവര്‍ സാമുദായിക ശത്രുക്കള്‍ മാത്രമല്ല രാജ്യ ദ്രോഹികള്‍ കൂടിയാണ്.
ഇന്ത്യയിലെ മുസ്‌ലിം സമൂഹവും നേതൃത്വങ്ങളും ഇത്തരമൊരു സാഹചര്യത്തില്‍ അനുവര്‍ത്തിക്കേണ്ട രീതി ശാസ്ത്രത്തെകുറിച്ച് വലിയ ആലോചനകള്‍ നടന്നിട്ടില്ല എന്നുവേണം കരുതാന്‍. പലപ്പോഴും വലിയ വായില്‍ ഫാസിസ്റ്റ് വിരുദ്ധ പ്രകോപനങ്ങള്‍ സൃഷ്ടിച്ച് സ്വന്തം സമുദായത്തിന് ആവേശം പകരുന്നതില്‍ ഒതുങ്ങിപ്പോവുകയാണ് പലരും. ഒരു ഫാസിസ്റ്റിനെയോ വര്‍ഗീയ വാദിയെയോ വിമര്‍ശിക്കേണ്ടി വരുമ്പോള്‍ പോലും സാമാന്യ വത്കരണമാണ് നടത്തുന്നത്. യഥാര്‍ഥത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഒരിക്കലും ദൈവ വിശ്വാസിയല്ല. അവന്‍ മത വിരോധിയും മതമില്ലാത്തവനുമാണെന്ന കാഴ്ചപ്പാടാണ് രൂപപ്പെടേണ്ടത്.
സമൂഹത്തില്‍ തികഞ്ഞ സെക്കുലറിസ്റ്റായി പേരെടുത്തവര്‍ പോലും മറക്കുപിന്നിലിരുന്ന് വര്‍ഗീയത പണിയുന്നവരും തീവ്രമായി കാര്യങ്ങളെ സമീപിച്ച് രംഗം വഷളാക്കുന്നവരും രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇത്തരം കപട നാടകങ്ങളെ തിരിച്ചറിഞ്ഞ് ജനാധിപത്യപരമായി നേരിടേണ്ട സാഹചര്യമാണ് ഇന്നുള്ളത്. സംഭവങ്ങളെ പര്‍വതീകരിച്ച് ഭീതിയുടെയും അരക്ഷിതാവസ്തയുടെയും പുകമറ സൃഷ്ടിച്ച് തങ്ങളുടെ ഉദ്ദേശ്യങ്ങളിലേക്ക് സമൂഹത്തെ പാകപ്പെടുത്തുകയാണവര്‍. എല്ലാ മത വിഭാഗങ്ങളിലും അത്തരം ചില ഫിഗറുകളെ കാണാം. അവരുടെ വികാര പ്രകടനങ്ങള്‍ക്ക് അതേ രീതിയിലോ അതിലപ്പുറമോ മറുപടി മറുപക്ഷത്ത് നിന്നും ഉയരും. രണ്ട് കൂട്ടരും ആ അര്‍ഥത്തില്‍ ഒരേ തൂവല്‍ പക്ഷികളാണ്. വേദികളിലും സോഷ്യല്‍ മീഡിയകളിലും വൈറലാകുന്ന ഈ വിഡ്ഢിത്തരങ്ങള്‍ വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്.
രാജ്യം അകപ്പെട്ട ഇത്തരമൊരു അപകട സന്ധിയിലാണ് ജീവസ്സുറ്റ ഒരു പ്രസ്ഥാനമെന്ന നിലക്ക് എസ്.കെ.എസ്.എസ്.എഫ് ദേശീയോദ്ഗ്രഥന കാംപയിനുമായി മുന്നോട്ടുവരുന്നത്. കേവലമൊരു ഉപരിപ്ലവ കസര്‍ത്തല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ബുദ്ധിപരവും ആസൂത്രിതവുമായ ഇടപെടലിലൂടെ ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ തിരിച്ച് പിടിക്കുക എന്നതാണ് ഇതിലൂടെ എസ്.കെ.എസ്.എസ്.എഫ് ലക്ഷ്യം വക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്തംബര്‍ മുപ്പതു വരെ രണ്ടു മാസക്കാലം നീണ്ടു നില്‍ക്കുന്ന പ്രചാരണത്തിലൂടെ വര്‍ഗീയത തുടച്ചു നീക്കുന്നതിനായി എല്ലാ വിഭാഗം മത സമുദായങ്ങളുമായി സഹകരിച്ചു പ്രചാരണങ്ങള്‍ നടത്തുക, വിദ്വേഷ പ്രചാരണങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിക്കുക, അതിന് വസ്തുനിഷ്ഠമായി മറുപടി നല്‍കുന്ന വിഡിയോ ക്ലിപ്‌സ് തയ്യാറാക്കുക, ആഗസ്ത് 15ന് 4 മണിക്ക് 150 മേഖലാ കേന്ദ്രങ്ങളില്‍ ഫ്രീഡം സ്‌ക്വയര്‍ നടത്തുക, ചരിത്രത്തിലെ സൗഹൃദ മാതൃകകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുക,
പൊതു ജനങ്ങള്‍ക്കിടയില്‍ സൗഹൃദാനുഭവങ്ങളുടെ രചനാ മത്സരം നടത്തുക, ശാഖാ തലങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങളേയും ഉള്‍പ്പെടുത്തി 'നാട്ടുമുറ്റം' രൂപീകരിക്കുക. പരിസ്ഥിതി, വിദ്യാഭ്യാസം,ആരോഗ്യം എന്നീ മേഖലകളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് കാംപയിന്റെ ഭാഗമായി സംഘടന നിര്‍വഹിക്കാന്‍ ഉദ്ധേശിക്കുന്നത്.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."