വിവരങ്ങള്‍ ഇനി വിരല്‍തുമ്പില്‍
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ ഇനി വിവരങ്ങള്‍ വിരല്‍തുമ്പില്‍. തളിപ്പറമ്പ് നഗരസഭയിലെ എല്ലാ കെട്ടിടങ്ങളുടെയും വീടുകളുടെയും ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ആവശ്യക്കാരുടെ വിരല്‍തുമ്പില്‍ എത്തുന്ന ഐ.പി.എം.എസ് (ഇന്റലിജന്റ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സിസ്റ്റം) പദ്ധതി നടപ്പിലാക്കാനാണ് തളിപ്പറമ്പ് നഗരസഭ ഒരുങ്ങുന്നത്. സംസ്ഥാനത്ത് പത്തനംതിട്ട, കളമശേരി, നെയ്യാറ്റിന്‍കര നഗരസഭകളില്‍ ഈ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സിയായ ഊരാളുങ്കല്‍ ലേബര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കായി പഠനക്ലാസ് നടത്തിയിരുന്നു. അടുത്ത ഘട്ടത്തില്‍ സാറ്റലൈറ്റ് സംവിധാനത്തിന്റെ സഹായത്തോടെ നഗരസഭയുടെ ഭൂപടം തയാറാക്കിയ ശേഷം ആസ്തി നിര്‍ണയവും നടത്തും. ഇതിനായി പ്രത്യേക ഏജന്‍സിയുടെ നേതൃത്വത്തില്‍ ഓരോ വീടുകളിലും എത്തി അന്‍പതോളം ചോദ്യങ്ങള്‍ക്ക് ഉത്തരം തയാറാക്കും.
തുടര്‍ന്ന് വീടിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിക്കും. വസ്തുവിന്റെ അതിര്‍ത്തിയും ഇതില്‍ ഉള്‍പ്പെടുത്തും. നഗരസഭയിലെ റോഡുകള്‍, പുഴകള്‍ എന്നിവയും ജനസാന്ദ്രതയും ഇതില്‍ ഉള്‍പ്പെടുത്തും. വീടുകള്‍ക്ക് നഗരസഭ നല്‍കുന്ന നമ്പറുകള്‍ പലപ്പോഴും പലതരത്തിലാകുന്നതിനാല്‍ ഭൂമിയുടെ അക്ഷാംശങ്ങള്‍ക്ക് അനുസരിച്ച് നമ്പര്‍ നല്‍കുന്നതിനാല്‍ ഒരു നമ്പറില്‍ ഒരു വീടുമാത്രമേ ഉണ്ടാവുകയുളളു. ഇവ ഉള്‍പ്പെടുത്തി നഗരസഭയ്ക്കായി പ്രത്യേക വെബ് പേജും നിര്‍മിക്കും. നഗരസഭയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അപേക്ഷ നല്‍കാന്‍ എത്തുന്നവരുടെ വീട്ട്‌നമ്പര്‍ ഉദ്യോഗസ്ഥര്‍ ഈ വെബ്‌പേജില്‍ നല്‍കിയാല്‍ അവരുടെ വീടിന്റെ ഫോട്ടോ ഉള്‍പ്പെടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ആവശ്യക്കാര്‍ക്ക് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ലഭ്യമാകും. ഈ വീടിനെയും വീട്ടുകാരെയും സംബന്ധിച്ച അന്‍പതോളം വിവരങ്ങളും ഇതോടൊപ്പം ഉണ്ടാകുമെന്നതിനാല്‍ മറ്റു വിവരശേഖരണത്തിനും അന്വേഷണങ്ങള്‍ക്കുമായി ഉദ്യോഗസ്ഥര്‍ക്ക് അലയേണ്ടി വരില്ല. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ പ്രസ്തുത സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ഉദ്യോഗസ്ഥര്‍ക്കു മനസിലാക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ അപേക്ഷയുടെ വിവരങ്ങള്‍ എസ്.എം.എസ് വഴി അപേക്ഷകന് നല്‍കാന്‍ സാധിക്കുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. നഗരസഭയില്‍ അടയ്‌ക്കേണ്ട വിവിധ ഫീസുകളും മറ്റും ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനും ഈ സംവിധാനം വളരെ എളുപ്പമാകും. 25,000 വീടുകളുള്ള നഗരസഭയില്‍ ഈ പദ്ധതി നടപ്പിലാക്കുവാന്‍ 25 ലക്ഷത്തോളം രൂപയാണു ചെലവാകുന്നത്. ഈ സംവിധാനം നടപ്പില്‍ വരുന്നതോടെ കുറ്റമറ്റ നിലയില്‍ നഗരസഭയുടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കും. ഈ പദ്ധതി ആരംഭിക്കാന്‍ കൗണ്‍സില്‍ യോഗം ഏകകണ്ഠമായാണ് തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."