കംപ്യൂട്ടര്‍ പണിമുടക്കി: ഡെല്‍റ്റ എയറിന്റെ സര്‍വിസുകള്‍ മുടങ്ങി
വാഷിങ്ടണ്‍: അമേരിക്കന്‍ വിമാനക്കമ്പനിയായ ഡെല്‍റ്റ എയര്‍ലൈനിന്റെ ആഗോള തലത്തിലുള്ള സര്‍വിസുകള്‍ക്ക് തടസം നേരിട്ടു. കംപ്യൂട്ടര്‍ ശൃംഖലയിലെ തകരാറാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി തടസമാണ് സര്‍വിസുകളെ ബാധിച്ചത്. ലോകത്തെ വിവിധ വിമാനത്താവളങ്ങളിലായി ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം സര്‍വിസ് പുനഃരാരംഭിച്ചതായി ഡെല്‍റ്റ എയര്‍ലൈന്‍സ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
ഡെല്‍റ്റയുടെ കംപ്യൂട്ടര്‍ ശൃംഖല പ്രവര്‍ത്തിക്കുന്ന അറ്റ്‌ലാന്റയില്‍ വൈദ്യുതി മുടങ്ങിയതാണ് സര്‍വിസുകളെ ബാധിച്ചതെന്ന് കമ്പനി ട്വീറ്റ് ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ യാത്രക്കാരുമായി പറക്കുന്ന മൂന്നാമത്തെ വിമാന സര്‍വിസാണ് ഡെല്‍റ്റ. ഡെല്‍റ്റയുടെ സര്‍വിസുകള്‍ വൈകിയാണ് യാത്രതിരിക്കുന്നതെന്നും എയര്‍പോര്‍ട്ടിലേക്ക് പോകുന്നതിനു മുന്‍പ്് സ്റ്റാറ്റസ് പരിശോധിക്കണമെന്നും എയര്‍ലൈന്‍സ് യാത്രക്കാരോട് അഭ്യര്‍ഥിച്ചു.
എന്നാല്‍ ആഭ്യന്തര സര്‍വിസുകളെ ബാധിച്ചിട്ടില്ലെന്നാണ് കമ്പനി പറയുന്നത്. 180 ദശലക്ഷം യാത്രക്കാരാണ് ഡെല്‍റ്റ എയര്‍ലൈന്‍സിനെ പ്രതിവര്‍ഷം ആശ്രയിക്കുന്നത്. 80,000 പേരാണ് കമ്പനിയില്‍ ജോലിചെയ്യുന്നത്. 1920ലാണ് കമ്പനി സര്‍വിസ് തുടങ്ങിയത്. ഇതു രണ്ടാം തവണയാണ് കമ്പനിക്ക് കംപ്യൂട്ടര്‍ തകരാറിനെ തുടര്‍ന്ന് സര്‍വിസ് മുടങ്ങുന്നത്. കഴിഞ്ഞ മാസം 2000 സര്‍വിസുകളും സമാന തകരാറിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."