രാപ്പകല്‍ സമരം 160 ദിവസം: പിന്നോട്ടില്ലെന്ന് സമരക്കാര്‍
അഗളി: അട്ടപ്പാടിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത രാപ്പകല്‍ സമരവുമായി ആദിവാസി ഗോത്ര സംഘടനകള്‍ രംഗത്ത് വന്നിട്ട് നാളുകളേറെയായി. അഗളി 'കില'യുടെ ഗൈയ്റ്റിന് മുന്‍പിലാണ് സമരക്കാരുടെ രാപ്പകല്‍സമരപന്തല്‍ ഉയര്‍ന്നിട്ടുളളത്. അട്ടപ്പാടിയില്‍ എന്‍, ആര്‍, എല്‍, എമ്മിന്റെ ആദിവാസികള്‍ക്ക് പ്രത്യേകമായ പദ്ധതി അട്ടിമറിച്ചുവെന്നാരോപിച്ച് കാട്കാപ്പ, തായ്ക്കുലസംഘം, ആദിവാസി ആക്ഷന്‍ കൗണ്‍സില്‍ എന്നീ സാമുദായിക സംഘടനകള്‍ സംയുക്തമായി നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സമരം നൂറ്റി അറുപത് ദിവസം പിന്നിടുകയാണ്.
മഴയും കൊടുംതണുപ്പും വകവെക്കാതെയും സ്വന്തം വിഭാഗത്തില്‍ നിന്നുതന്നെയുള്ള എതിര്‍പ്പും അവഗണനയും സഹിച്ചാണ് കഴിഞ്ഞ ജൂലെ രണ്ടിന് സമരമാരംഭിച്ചത്. ഇപ്പോള്‍ കേസ് ഹൈകോടതിയുടെ പരിഗണനയിലെന്ന നിര്‍ണ്ണായ ഘട്ടങ്ങളിലൂടെയാണ് പോയികൊണ്ടിരിക്കുന്നത്.
ആദിവാസികളുടെ വികസന കാര്യങ്ങളില്‍ വളരെ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ രാഷ്ട്രീയ വൈരാഗ്യ ബുദ്ധിയോടെ സ്ഥലം മാറ്റുന്നുവെന്നും, വിവിധ ആദിവാസി വികസന പദ്ധതികള്‍ വിവേചനപരമായി കൊള്ളയടിക്കുന്നുവെന്നും ഇവര്‍ പറയുന്നു. കൂടാതെ, അട്ടപ്പാടിയില്‍ 'പെസ' നിയമ പ്രഖ്യാപനം, വനാവകാശ നിയമം, ഭൂസംരക്ഷണ നിയമം എന്നിവ പരസ്യമായി അട്ടിമറിക്കുന്നുവെന്നും ആരോപിച്ചാണ് സമരം.
ആദിവാസികളുടെ പ്രത്യേക പദ്ധതിയിലേക്ക് പി. എം. യു ഉദ്യോഗസ്ഥരായി വിദ്യാസമ്പന്നരായ യുവതീയുവാക്കളെ നിയമിക്കുക, പദ്ധതി നടപ്പിലാക്കി വരുന്ന ആദിവാസി ബ്ലോക് സമിതിക്ക് സര്‍ക്കാര്‍ ഉത്തരവ്‌സമയ ബന്ധിതമായി അനുവദിച്ച് നല്‍കുക, പദ്ധതികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഐ. എ. എസ് ഉദ്യോഗസ്ഥനെതിര നടപടി സ്വീകരിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടുവെക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."