ശബരിമലയില്‍ കാണിക്ക കുറഞ്ഞെന്ന ആരോപണം തള്ളി ദേവസ്വം പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല കാണിക്ക വരവ് കുറഞ്ഞെന്നും ആളുകള്‍ കുറഞ്ഞെന്നുമുള്ള ആരോപണങ്ങള്‍ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രങ്ങള്‍ അറിയാത്തവരാണ് ഇപ്പോള്‍ ആള് കുറഞ്ഞെന്ന് പറയുന്നത്. കഴിഞ്ഞ ദിവസം മാത്രം 1.05 കോടി രൂപ കാണിക്കയായി കിട്ടി. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതി യഥാര്‍ഥത്തില്‍ ദേവസ്വം ബോര്‍ഡിനെ സഹായിക്കാന്‍ വേണ്ടിയുള്ളതാണ്. അവരുമായി കൂടിക്കാഴ്ച നടത്തി. ദേവസ്വംബോര്‍ഡും സര്‍ക്കാരും ലക്ഷ്യമാക്കുന്നത് ഭക്തര്‍ക്ക് ഒരു മിനിറ്റെങ്കിലും അയ്യപ്പനെ ദര്‍ശിക്കാന്‍ സാധിക്കണമെന്നതാണ്. സര്‍ക്കാര്‍ വരുത്തിയ ചില ക്രമീകരണങ്ങള്‍ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനത്തിന് സൗകര്യമൊരുക്കിയെന്നാണ് വരുന്നവരെല്ലാം പറയുന്നത്. മാധ്യമങ്ങളുടെയും അന്ധമായ രാഷ്ട്രീയമുള്ളവരുടെയും തെറ്റായ പല പ്രചാരണങ്ങളും നടക്കുന്നുണ്ട്. സര്‍ക്കാരും ബോര്‍ഡും ഹൈക്കോടതിയും പരസ്പര പൂരകങ്ങളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. നിരോധനാജ്ഞ നീക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.
ശബരിമലയില്‍ പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഈ ബോര്‍ഡ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കാനന ക്ഷേത്രം എന്ന തനിമ നിലനിര്‍ത്തി തന്നെ മുന്നോട്ട് പോകും. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റില്ല. അതേസമയം അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. അടുത്ത വര്‍ഷം നിലയ്ക്കല്‍ മുതല്‍ പമ്പ വരെ പൂര്‍ണമായും ബാറ്ററി വാഹനങ്ങളാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."