മന്ത്രി ജലീലിന്റെ ബന്ധുനിയമനം: പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനത്തിന്റെ പേരില്‍ പ്രതിപക്ഷം തുടര്‍ച്ചയായ അഞ്ചാം ദിവസവും നിയമസഭ ബഹിഷ്‌കരിച്ചു. സഭാ നടപടികളുമായി സഹകരിക്കുമെന്ന് തുടക്കത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചെങ്കിലും അടിയന്തര പ്രമേയ നോട്ടിസിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വാക്കൗട്ട് നടത്തിയ ശേഷം ഭരണപക്ഷത്തുനിന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നായിരുന്നു ബഹിഷ്‌കരണ പ്രഖ്യാപനം ഉണ്ടായത്.
മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമനം ഗൗരവമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടി കെ. മുരളീധരനാണ് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. നഗ്നമായ നിയമലംഘനം നടത്തിയ മന്ത്രി ജലീലിനെ മുഖ്യമന്ത്രി വെള്ളപൂശാനാണ് ശ്രമിക്കുന്നതെന്ന് മുരളീധരന്‍ ആരോപിച്ചു.
ബന്ധു നിയമനത്തിന്റെ പേരില്‍ ഇ.പി ജയരാജനെ രണ്ടുവര്‍ഷം മന്ത്രിസഭയില്‍നിന്നു മാറ്റിനിര്‍ത്തിയ മുഖ്യമന്ത്രി ബന്ധുനിയമനത്തിനായി നിയമം പോലും മാറ്റിയെഴുതിയ മന്ത്രിയെ സംരക്ഷിക്കുകയാണ്. കോടതി വിധി വന്ന് രാജിവയ്ക്കുന്നതിനെക്കാള്‍ ഇപ്പോള്‍ രാജിവച്ച് പുറത്തുപോകുന്നതാണ് ജലീലിന് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.
രാഷ്ട്രീയ ദുഷ്ടലാക്കോടെ തനിക്കെതിരേ നടത്തുന്ന ദുഷ്പ്രചാരണമാണ് ബന്ധുനിയമനമെന്ന് മന്ത്രി ജലീല്‍ പറഞ്ഞു. ഐന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെന്നു തെളിഞ്ഞാല്‍ പൊതുജീവിതവും രാഷ്ട്രീയ ജീവിതവും അവസാനിപ്പിക്കാന്‍ തയാറാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു.
ചിലന്തി വലവിരിക്കുംപോലെയാണ് മന്ത്രി ജലീല്‍ ബന്ധുനിയമനം നടത്തിയതെന്ന് വാക്കൗട്ടിന് മുന്‍പ് നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തിനാണ് ഇ.പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതെന്നു ചോദിച്ച ചെന്നിത്തല, അതിനെക്കാള്‍ വലിയ തെറ്റാണ് ജലീല്‍ കാണിച്ചതെന്നു ചൂണ്ടിക്കാട്ടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന സര്‍ക്കാര്‍ ബന്ധുനിയമന വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തുന്നതായി പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും മന്ത്രി ജലീലിന്റെ ബന്ധു നിയമനത്തെ നിശിതമായി വിമര്‍ശിച്ചു. യോഗ്യതയുള്ള ഒരാള്‍ക്കുവേണ്ടി യോഗ്യത നിര്‍ണയിച്ചു കൊടുത്തതാണ് ഈ നിയമനത്തിലെ അഴിമതിയെന്ന് അദ്ദേഹം പറഞ്ഞു. വാക്കൗട്ട് പ്രഖ്യാപിക്കുന്നതിനു മുന്‍പ് ലീഗ് എം.എല്‍.എമാര്‍ ബാനറുമായി സ്പീക്കറുടെ ചേംബറിനു മുന്നിലേക്ക് പോയതോടെ എം.കെ മുനീര്‍ ഇരുന്നു. സ്പീക്കര്‍ പലതവണ നിലപാട് ചോദിച്ചെങ്കിലും മുനീര്‍ മറുപടി പറഞ്ഞില്ല.
ഇതിനിടെ ഭരണപക്ഷത്തുനിന്നുള്ള എം.എല്‍.എമാര്‍ പ്രതിപക്ഷത്തിനുനേരെ ആക്രോശിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ തിരിച്ചെത്തി. എം.എല്‍.എമാരെ സ്പീക്കറുടെ ഇരിപ്പിടത്തിനു മുന്നില്‍നിന്ന് തിരിച്ചുവിളിച്ച ശേഷം, സഹകരണ മന്ത്രി ഭരണപക്ഷ എം.എല്‍.എമാരെ പ്രകോപിപ്പിക്കുകയാണെന്നും അതിനാല്‍ സഭ ബഹിഷ്‌കരിക്കുകയാണെന്നു പറഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
അതേസമയം ശബരിമല വിശയത്തില്‍ എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറയ്ക്കല്‍ അബ്ദുല്ല, ജയരാജ് എന്നിവര്‍ നിയമസഭാ കവാടത്തിനു മുന്നില്‍ നടത്തുന്ന സത്യഗ്രഹം ഇപ്പോഴും തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."