റഷ്യ പുതിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ചു
മോസ്‌കോ: റഷ്യ ആര്‍ട്ടിക് മേഖലയില്‍ പുതിയ ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ചതായി റഷ്യന്‍ വാര്‍ത്താഏജന്‍സി ടാസ് അറിയിച്ചു. ശത്രുവിമാനങ്ങളെ തിരിച്ചോടിക്കാനുപയോഗിക്കുന്ന മിഗ്-31കെ യുദ്ധവിമാനത്തില്‍ നിന്നാണ് കഴിഞ്ഞമാസം മധ്യത്തില്‍ മിസൈല്‍ പരീക്ഷണം നടത്തിയത്.
ഉത്തര മര്‍മാന്‍സ്‌ക് മേഖലയിലെ ഒലെനെഗോര്‍സ്‌ക് വ്യോമതാവളത്തില്‍ നിന്നാണ് മിഗ്-31കെ ഉയര്‍ന്നു പൊങ്ങിയത്. തുടര്‍ന്ന് റഷ്യയുടെ ആര്‍ട്ടിക് കോമി മേഖലയിലെ പെംബോയ് പരിശീലന മൈതാനത്തെ ഭൗമലക്ഷ്യത്തിലേക്ക് മിസൈല്‍ പായിക്കുകയായിരുന്നു.
പുതിയ മിസൈല്‍ 2,000 കി.മീ അകലെയുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ ശേഷിയുള്ളതാണെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ പറയുന്നു. നിലവില്‍ റഷ്യയുടെ ദക്ഷിണ സൈനികഖണ്ഡത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇതിന് ആണവായുധമുള്‍പ്പെടെ വഹിക്കാനാവും.
ഉത്തരധ്രുവത്തില്‍ ആയുധ പരീക്ഷണങ്ങള്‍ നടത്തുന്നത് നല്ലതല്ലെന്ന് ഡച്ച് രഹസ്യാന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം മുന്നറിയിപ്പു നല്‍കിയിരുന്നു. ചൈനീസ് സൈന്യമാണ് ആര്‍ട്ടിക് പ്രദേശം കൂടുതലായി ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.
അതേസമയം റഷ്യ, യു.എസ്, ചൈന എന്നിവയ്ക്കിടയില്‍ വന്‍ശക്തി മത്സരം രൂപപ്പെട്ടിരിക്കുകയാണെന്നും ഇത് ആര്‍ട്ടിക് മേഖലയില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിക്കുമെന്നും ഡച്ച് പ്രതിരോധ ഇന്റലിജന്‍സ് സര്‍വിസ് വാര്‍ഷിക അപായനിര്‍ണയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."