'പാര്‍ലമെന്റ് ആക്രമണത്തിലെ ശരിയായ പ്രതികളെ പിടികൂടലാണ് എസ്.എ.ആര്‍ ഗീലാനിക്കുള്ള നീതി' - അരുന്ധതി റോയ്
ന്യൂഡല്‍ഹി: പാര്‍ലമെന്റ് ആക്രമണത്തിന് പിന്നിലെ ശരിയായ പ്രതികളെ പിടികൂടുമ്പോള്‍ മാത്രമേ അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രൊഫ എസ്.എ.ആര്‍ ഗീലാനിക്ക് നീതി കിട്ടൂവെന്ന് പ്രമുഖ എഴുത്തുകാരി അരുന്ധതി റോയ്. മുപ്പതോളം സംഘടനകളുടെ കൂട്ടായ്മയായ സി.എ.എസ്.ആര്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
നീതിക്ക് വേണ്ടി നിര്‍ഭയം നിലകൊണ്ട വ്യക്തിയായിരുന്നു ഗീലാനിയെന്നും അവര്‍ അഭിപ്രായപ്പെട്ടു.
'ഭീകരവാദ സംഘടനയുമായി ഒരു ബന്ധവുമില്ലെങ്കിലും പൊതു മനസാക്ഷിയെ തൃപ്തിപെടുത്താന്‍ വധശിക്ഷ വിധിക്കുന്നുവെന്നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ അവര്‍ പറഞ്ഞത്. നമുക്ക് ഇപ്പോഴുമറിയില്ല പാര്‍ലമെന്റ് ആക്രമണവുമായി ബബന്ധപ്പെട്ട് ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അത് നാം ഒരിക്കലും മറക്കരുത്'- അരുന്ധതി റോയി ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് പുറമെ ഗീലാനിയുടെ കുടുംബാംഗങ്ങളും, സഹപ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. എല്ലാം നഷ്ടപ്പെട്ട നിമിഷത്തില്‍ ഗീലാനിയായിരുന്നു കൂടെയുണ്ടായിരുന്നതെന്ന് മാവോയിസ്റ്റ് ബന്ധമാരോപിച്ച് തടവില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല പ്രൊഫസര്‍ ജി.എന്‍ സായിബാബയുടെ ഭാര്യ വസന്ത കുമാരി ഓര്‍ത്തെടുത്തു. ഗീലാനി ബാക്കിയാക്കിയ നീതിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടു പോകുമെന്ന് പ്രതിജ്ഞ എടുക്കുകയാണ് അദ്ദേഹത്തനുള്ള ശരിയായ ശ്രദ്ധാഞ്ജലിയെന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ ഹാനി ബാബു പറഞ്ഞു.
കുറ്റവിമുക്കനാക്കപ്പെട്ട സഹതടവുകാരന്‍ യാസീന്‍ പട്ടേല്‍, ഡോക്യുമെന്ററി സംവിധായകന്‍ സഞ്ജയ് കക്ക്, ഡല്‍ഹി സര്‍വകലാശാല ടീച്ചേഴ്‌സ് പ്രസിഡന്റ് നന്ദിത നരൈന്‍, സര്‍വകലാശാല മുന്‍ അധ്യാപകന്‍ മധുപ്രസാദ് എന്നിവരും അനുസ്മരണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."