പോട്ടയെക്കാള്‍ ഭീകരം ഗുജറാത്തിലെ നിയമം
പതിനാറു കൊല്ലം മുമ്പ് ഗുജറാത്ത് നിയമസഭയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഒരു ബില്ല് കൊണ്ടുവന്നു. ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ടെററിസം ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം (ജി.സി.ടി.ഒ.സി) എന്ന തീവ്രവാദ വിരുദ്ധ ബില്ലായിരുന്നു അത്. ഒട്ടേറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടനല്‍കിയ ബില്ലിന് അന്നുമുതലുള്ള രാഷ്ട്രപതിമാര്‍ നിയമാനുമതി നല്‍കാതെ വരികയായിരുന്നു. 2015ല്‍ ഗുജറാത്ത് നിയമസഭ പാസാക്കിയ ജി.സി.ടി.ഒ.സി ബില്ലിന് 2019 നവംബര്‍ അഞ്ചിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അംഗീകാരം ലഭിച്ചിരിക്കുകയാണ്.
രാഷ്ട്രപതിയുടെ അനുമതിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞത് മോദിയുടെ സ്വപ്നം സഫലമായി എന്നാണ്. തീവ്രവാദം ഉന്‍മൂലനം ചെയ്യാനും ഗുജറാത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കാനും പൊലിസ് സേനയെ ശക്തിപ്പെടുത്താനും ജി.സി.ടി.ഒ.സി നിയമത്തിനുകഴിയുമെന്നാണ് മന്ത്രി പറയുന്നത്.
എന്നാല്‍ ടാഡ, പോട്ട, മക്കോക്ക, യു.എ.പി.എ പോലെ രാജ്യത്തുള്ള മറ്റു തീവ്രവാദ വിരുദ്ധ നിയമങ്ങളുടെ പ്രവര്‍ത്തന ചരിത്രത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള നിയമജ്ഞര്‍ പറയുന്നത് ജി.സി.ടി.ഒ.സിയും എല്ലാവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുമെന്നാണ്. ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം (ഗുജ്‌കോക്) എന്നായിരുന്നു ജി.സി.ടി.ഒ.സി ആദ്യം അറിയപ്പെട്ടിരുന്നത്. 1999ലെ മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റിന്റെ ചുവടുപിടിച്ചായിരുന്നു ഗുജറാത്ത് കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം നിയമം കൊണ്ടുവന്നത്. നിയമസഭയില്‍ ആദ്യമായി അവതരിപ്പിച്ചതിനുശേഷം മൂന്നുരാഷ്ട്രപതികളാണ് ഈ നിയമത്തിന് അനുമതി നിഷേധിച്ച് തിരിച്ചയച്ചത്.
ചോര്‍ത്തിയെടുത്ത ടെലിഫോണ്‍ സംഭാഷണങ്ങള്‍ പോലും ഒന്നാന്തരം തെളിവായി കണക്കാക്കപ്പെടും എന്നതാണ് ജി.സി.ടി.ഒ.സിയുടെ പ്രധാന വ്യവസ്ഥ. പ്രത്യേകകോടതികള്‍ ഉണ്ടാക്കാനും പ്രത്യേക പ്രോസിക്യൂഷനെ നിയമിക്കാനും നിയമം അനുശാസിക്കുന്നു. കൂടാതെ, പൊലിസ് ഓഫിസര്‍ മുമ്പാകെ പ്രതികള്‍ നല്‍കുന്ന കുറ്റസമ്മത മൊഴികള്‍ പോലും തെളിവായി കണക്കാക്കപ്പെടും. ക്രൂരമര്‍ദനത്തിലൂടെ നേടിയെടുക്കുന്ന കുറ്റസമ്മതമൊഴിയാണെങ്കില്‍ കൂടി അത് തെളിവായി സ്വീകരിക്കപ്പെടും.
ഭിന്നാഭിപ്രായ സ്വാതന്ത്ര്യത്തെ ബലമായി ഇല്ലാതാക്കുന്ന പുതിയൊരു നിയമായുധമാണ് ജി.സി.ടി.ഒ.സി എന്നാണ് ഗുജറാത്തിലെ അഭിഭാഷകനായ ഷംഷാദ് പഠാന്‍ പറയുന്നത്. ഈ നിയമത്തിന്റെ അര്‍ഥ വ്യാപ്തി ഏറെയായതിനാല്‍ മനുഷ്യാവകാശ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ അനായാസം പ്രയോഗിക്കാനാവും. 2015ലെ പട്ടിദര്‍ മുന്നേറ്റത്തിലും ഉനയിലെ ദലിത് മുന്നേറ്റവുമൊക്കെ ഉദാഹരണമായി എടുത്താല്‍ ഇത്തരം ജനകീയ മുന്നേറ്റങ്ങള്‍ക്കെതിരേ തീവ്രവാദത്തിന്റെ പേരില്‍ എളുപ്പത്തില്‍ നിയമനടപടികള്‍ സ്വീകരിച്ച് അടിച്ചമര്‍ത്താനാവും.
പുതിയ നിയമപ്രകാരം 'തുടര്‍ന്നുകൊണ്ടിരിക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനം' എന്നുപറയുന്നത്, നിയമം മൂലം നിരോധിച്ചതും ഒറ്റക്കോ കൂട്ടമായോ പ്രഥമദൃഷ്ട്യാ പൊലിസിനു കേസെടുക്കാന്‍ ആവുന്നതും മൂന്നുവര്‍ഷമോ അതില്‍കൂടുതലോ കാലം ശിക്ഷ ലഭിക്കുന്നതുമായ കുറ്റകൃത്യമാണ്. ക്രിമിനല്‍ നീതിയുടെ പ്രാഥമിക തത്വത്തെ ഹനിക്കുന്നതാണ് ഇതെന്നാണ് അഡ്വ. പഠാന്‍ പറയുന്നത്. കാരണം മാന്യമായ വിചാരണക്ക് മുന്നേ ഒരാള്‍ കുറ്റവാളിയായി അംഗീകരിക്കപ്പെടുന്നതും കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനില്‍ നിന്ന് പ്രതിയില്‍ നിക്ഷിപ്തമാവുകയും ചെയ്യുന്നത് തന്നെ ക്രിമിനല്‍ നീതിക്ക് എതിരാണ്.
മാത്രമല്ല റെക്കോര്‍ഡ് ചെയ്യപ്പെട്ട കുറ്റസമ്മതമൊഴികള്‍ സ്വീകാര്യമായ തെളിവായി കണക്കാക്കപ്പെടുമ്പോള്‍ കൂടുതല്‍ ക്രൂരമായി കുറ്റസമ്മതം നടത്തിക്കാന്‍ പൊലിസ് കാര്യമായി ശ്രമിക്കും എന്നതും കസ്റ്റഡിമരണങ്ങള്‍ ഇനിയും വര്‍ധിക്കുമെന്നതും ഒരു വീഴ്ചയാണ്. ഇത് ശരിക്കും ആശങ്കയുണ്ടാക്കുന്നതാണ്. കാരണം ഇപ്പോള്‍ തന്നെ സംസ്ഥാനത്ത് നിരവധി കസ്റ്റഡിമരണങ്ങള്‍ നടക്കുന്നുണ്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ വാര്‍ഷിക പതിപ്പായ ക്രൈം ഇന്‍ ഇന്ത്യ പ്രസിദ്ധീകരണത്തില്‍ വന്നത് 2001 മുതല്‍ 2016 വരെയുള്ള പതിനാറുകൊല്ലത്തിനുള്ളില്‍ 100ല്‍ കൂടുതല്‍ കസ്റ്റഡി മരണങ്ങള്‍ നടന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. ഈ കാലയളവില്‍ ഗുജറാത്തില്‍ കസ്റ്റഡിയില്‍ മരിച്ചത് 180 പേരാണ്. ഇതില്‍ ഒന്നില്‍ പോലും ഒരു പോലിസുകാരനും ശിക്ഷിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം.
കാഫ്കലാന്റ്: പ്രജുഡീസ്, ലോ, ആന്‍ഡ് കൗണ്ടര്‍ ടെററിസം ഇന്‍ ഇന്ത്യ എന്ന കൃതിയുടെ ഗ്രന്ഥകര്‍ത്താവായ മനീഷസേഥി പറയുന്നത് ഭേദഗതി ചെയ്യപ്പെട്ട യു.എ.പി.എ നിയമത്തെക്കാള്‍ ഭീകരമാണ് ജി.സി.ടി.ഒ.സി എന്നാണ്. കേന്ദ്രനിയമമായ യു.എ.പി.എയില്‍ നിന്ന് വ്യത്യസ്തമായി കസ്റ്റഡി മൊഴികള്‍ സ്വീകാര്യമായ തെളിവാകുന്നത് സാധാരണകാര്യമായിട്ടാണ് ജി.സി.ടി.ഒ.സി എടുക്കുന്നത്. മുന്‍കാലത്തെ രാഷ്ട്രപതിമാര്‍ മൂന്നുതവണ തിരിച്ചയച്ചപ്പോഴും പ്രകടമാക്കിയ എതിര്‍പ്പുകളും ആശങ്കകളും ഇതുവരേയും അഭിസംബോധന ചെയ്യപ്പെട്ടിട്ടില്ല.
മഹാരാഷ്ട്രയെപ്പോലെ ഒരു അധോലോക സാമ്പത്തികരംഗത്തിന്റെ സാന്നിധ്യം ഗുജറാത്തില്‍ ഇല്ലാത്തതുകൊണ്ടുതന്നെ ഒരു സംഘടിതമായ ക്രൈം ശൃംഖലയും ഇവിടെയില്ലെന്നാണ് 2015ല്‍ ജി.സി.ടി.ഒ.സി ഗുജറാത്ത് നിയമസഭയില്‍ പാസായതിനുശേഷം അഹമദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആക്റ്റിവിസ്റ്റായ നിര്‍ഝരി സിന്‍ഹ തന്റെ ലേഖനത്തില്‍ എഴുതിയത്. 'തന്റെ ഭരണകാലത്ത് ഗുജറാത്തിലെ എല്ലാ അണ്ടര്‍വേള്‍ഡ് ലേബികളെയും വിജയകരമായി ഉന്‍മൂലനം ചെയ്തുവെന്ന് മോദി തന്നെ പലഘട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ളതാണെന്നാണ് നിര്‍ഝരി സിന്‍ഹ പറയുന്നത്. ടാഡ,പോട്ട, മക്കോക എന്നീ നിയമങ്ങളുടെ സങ്കരമാണ് ജി.സി.ടി.ഒ.സി എന്നാണ് സിന്‍ഹയുടെ ഭാഷ്യം.
ടാഡയും പോട്ടയുമൊക്കെ ദുരുപയോഗത്തെ തുടര്‍ന്ന് മാറ്റിയതാണ്. ഗോധ്ര കൂട്ടക്കൊലക്കാലത്ത് മുസ്‌ലിംങ്ങള്‍ക്ക് നേരേ യാതൊരു ദാക്ഷിണ്യവുമില്ലാതെ പോട്ട ചുമത്തിയ പൊലിസ് എന്നാല്‍ ഗോധ്രയ്ക്ക് ശേഷം ഉണ്ടായ കലാപം നടത്തിയ ഹിന്ദുക്കള്‍ക്കെതിരേ ഒരു കേസില്‍ പോലും പോട്ട ചുമത്തിയില്ല. അതുപോലെ തന്നെയാണ് മക്കോകയും. ഒരു പ്രത്യേക സമുദായത്തിലെ ആളുകളെ മാത്രമാണ് ആ നിയമം ലക്ഷ്യം വയ്ക്കുന്നത്. അത് മുസ്‌ലിങ്ങളാണ്. ടാഡ ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞ 11 മുസ്‌ലിങ്ങളെ 25 വര്‍ഷത്തിനുശേഷം നിരപരാധികളാണെന്നുകണ്ടെത്തി ഈ വര്‍ഷമാദ്യമാണ് കോടതി വെറുതെ വിട്ടത്.
ജാമ്യം ലഭിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നതാണ് ജി.സി.ടി.ഒ.സിയുടെ ഭീകരമായ മറ്റൊരു വ്യവസ്ഥ. സ്‌പെഷ്യല്‍ കോടതിയുടെ വിവേചനാധികാരമാണ് ഒരാള്‍ക്ക് ജാമ്യം കൊടുക്കണോ വേണ്ടയോ എന്നത്. ഫോണ്‍ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍ തെളിവായി എടുക്കുന്നതോടെ ഒരാളുടെ സ്വകാര്യതയും നഷ്ടപ്പെടുകയാണ്. സ്വകാര്യത ഒരാളുടെ അവകാശമാണെന്ന സുപ്രിംകോടതിവിധിയൊന്നും ഇവിടെ പരിഗണിക്കപ്പെടില്ല.
കസ്റ്റഡിയിലുള്ളയാള്‍ക്ക് എന്തുസംഭവിച്ചാലും സര്‍ക്കരിനും പൊലിസിനും അത് നിയമപരമായി ബാധിക്കുന്നില്ല. നിയമം നടപ്പാക്കുമ്പോള്‍ എന്തുനടന്നാലും സംസ്ഥാനസര്‍ക്കാരിനെയും പൊലിസിനെയും അതിന്റെ നിയമബാധ്യതകളില്‍ നിന്നും ഒഴിവാക്കുന്നതാണ് ജി.സി.ടി.ഒ.സിനിയമത്തിലെ സെഷന്‍ 25. ഇതുതന്നെയാണ് ഈ നിയമത്തിലെ ഏറ്റവും ഗുരുതരമായ കാര്യമെന്നാണ് മനീഷസേഥി വ്യക്തമാക്കുന്നത്. ഭീകരവാദം തടയാനെന്നപേരില്‍ പകപോക്കല്‍ നടത്താനും, നിരപരാധികളെ കുടുക്കാനും, വേട്ടയാടാനും, അന്യായമായി കേസുകളില്‍ കുടുക്കാനും ഈ നിയമം ഉപയോഗിക്കുമ്പോള്‍ അതുപയോഗിക്കുന്നവര്‍ക്ക് മൊത്തം ശിക്ഷയില്‍ നിന്നും ഇളവ് ലഭിക്കുന്നു.
(ദ വയറിന്റെ ഉര്‍ദു വിഭാഗം എഡിറ്ററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."