ആര്യന്പാടത്ത് ഏക്കറുകളോളം പാടശേഖരം നശിക്കുന്നു
കരുനാഗപ്പള്ളി: തൊടിയൂര്‍ ആര്യന്പാടത്ത് സ്ഥാപിച്ച പമ്പ് ഹൗസില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന് ലഭിച്ചില്ല. ഇതുകാരണം ഏക്കറുകളോളം പാടശേഖരം കൃഷി ചെയ്യാനാകാതെ കിടക്കുന്നു. 1998ലാണ് ആര്യന്‍പാടത്തെ കൃഷിയ്ക്കായി പമ്പ് ഹൗസ് നിര്‍മിച്ചത്. 20 കുതിരശക്തിയുള്ള മോട്ടോറും സ്ഥാപിച്ചു.
പമ്പ് ഹൗസിലേക്ക് വൈദ്യുതി കണക്ഷന് നല്‍കുന്നതിനായി ട്രാന്‍സ്ഫോര്‍മറും 11 കെ.വി. ലൈനും സജ്ജീകരിച്ചു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷന് ലഭിച്ചില്ല. ഇതിനായി കെ.എസ്.ഇ.ബി.യ്ക്ക് നല്‍കേണ്ട തുക അടക്കാത്തതാണ് തടസം. വര്‍ഷങ്ങളായി ഉപയോഗമില്ലാതെ മോട്ടോറും, ട്രാന്‍സ്ഫോര്‍മറും നാശത്തിന്റെ വക്കിലുമാണ്. പമ്പ് ഹൗസ് പ്രവര്‍ത്തനക്ഷമാക്കിയാല്‍ മാത്രമേ ആര്യന്‍പാടത്തെ ഏക്കറുകളോളം പാടശേഖരത്തില്‍ പൂര്‍ണതോതില്‍ കൃഷി ചെയ്യാനാകൂ. പുഞ്ചപ്പാടത്തില്‍ നിന്നും ആവശ്യാനുസരണം വെള്ളം ആര്യന്പാടത്തേയ്ക്ക് കയറ്റുന്നതിന് വേണ്ടിയാണ് പമ്പ് സ്ഥാപിച്ചത്. നിലവിലെ സാഹചര്യത്തില്‍ ആര്യന്പാടത്ത് കൃഷി ചെയ്താല്‍ ആവശ്യാനുസരണം വെള്ളം ലഭിക്കില്ല.
വേനല്‍കാലത്ത് കൃഷി വരണ്ടുണങ്ങുന്നതിന് ഇതു കാരണമാകുന്നു. മഴക്കാലത്ത് പാടശേഖരത്തിലെ വെള്ളം പമ്പ് ചെയ്ത് കളയുന്നതിനും സാധിക്കുന്നില്ല. ആര്യന്പാടത്ത് കൃഷി ചെയ്യാന്‍ തയ്യാറാണെന്ന് കര്‍ഷകര്‍ പറയുന്നു. 350 ഏക്കറിലധികം പാടശേഖരമാണ് ഇവിടെ കൃഷി ചെയ്യാതെ കിടക്കുന്നത്. ഇടയ്ക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് കൃഷി നടക്കുന്നത്. അതു പലപ്പോഴും കര്‍ഷകര്‍ക്ക് വിളവ് കൊയ്യാന്‍ സാധിക്കാറുമില്ല. ഒരുകാലത്ത് തൊടിയൂരിന്റെ പ്രധാന കാര്‍ഷിക മേഖലയായിരുന്നു ആര്യന്പാടം.
പിന്നീട് കൃഷി നിലച്ചു തുടങ്ങി. ഈ കാലത്താണ് കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി പമ്പ് ഹൗസ് സ്ഥാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."