വരട്ടാറില്‍ വീണ്ടും മാലിന്യം തള്ളി
ചെങ്ങന്നൂര്‍: ജനകീയ കൂട്ടായ്മയിലൂടെ വീണ്ടെടുത്ത വരട്ടാറില്‍ വീണ്ടും മാലിന്യം തള്ളി. പ്ലാസ്റ്റിക് ചാക്കുകളില്‍ പ്രാവിന്‍ കൂടിനു സമീപമുള്ള ആറാട്ടുകടവിലാണ് മാലിന്യം തള്ളിയത്. ഇറച്ചിക്കോഴിയുടേയും മത്സ്യ മാംസാദികളുടേയും മാലിന്യമാണ് നദിയില്‍ തള്ളിയത്.
നദിയില്‍ നേരിയ ഒഴുക്കുള്ളതിനാല്‍ ചാക്കുകെട്ടുകള്‍ മഴുക്കീറിനു സമീപം വഞ്ചിമൂട്ടില്‍ക്കടവ് ചപ്പാത്തില്‍ തടഞ്ഞു നിന്നു.
അസഹ്യമായ ദുര്‍ഗന്ധം വമിച്ചപ്പോഴാണ് നാട്ടുകാര്‍ ഇടപെട്ട് ഇതിന്റെ ഉറവിടംഅന്വേഷിച്ച് കണ്ടെത്തിയത്. ചപ്പാത്തിലെ മാന്‍ഹോള്‍ പൈപ്പില്‍ തടഞ്ഞിരുന്ന മാലിന്യ കെട്ടുകള്‍ സമീപവാസികളായവര്‍ ഇടപെട്ട് നീക്കിക്കളഞ്ഞ് ഒഴുക്ക് പൂര്‍വസ്ഥിതിയിലാക്കി. തുടര്‍ന്ന് നദിയില്‍ ക്ലോറിനേഷനും നടത്തി.
ഇതിനു മുന്‍പും വരട്ടാറ്റിലെ ആറാട്ടുകടവില്‍ മാലിന്യം തള്ളിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്. പാലത്തില്‍ നിന്നും തള്ളുന്ന മാലിന്യം വഞ്ചിമൂട്ടില്‍ കടവ് ചപ്പാത്തിലാണ് വന്ന് തടഞ്ഞു കിടക്കുന്നത്. ആയതിനാല്‍, ഇവിടെയുള്ളവരാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്.
മൂന്ന് പതിറ്റാണ്ട് മുന്‍പ് കൈയേറ്റത്താല്‍ഒഴുക്ക് നിലച്ച് മാലിന്യവാഹിനിയായ വരട്ടാറിനെ ഏറെ നാളത്തെ പരിശ്രമഫലമായി ആണ് ജനകീയ കൂട്ടായ്മയിലൂടെ പുനരുജ്ജീവിപ്പിച്ചത്. വന്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കിയ പദ്ധതി നദി വീണ്ടെടുപ്പായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ ജലസ്‌ത്രോതസുകളിലും മാതൃകയാക്കി നവീകരിക്കുകയുണ്ടായി.
2018 -ലെ കേരള ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്റ്റ് അനുസരിച്ച് അഞ്ചു വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് ജലാശയങ്ങളില്‍ മാലിന്യം തള്ളുന്നത്. പ്രാവിന്‍ കൂടിനു സമീപമുള്ള വരട്ടാര്‍ പാലത്തില്‍ സി.സി ടി.വി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."