നായനാര്‍ കോളനിയില്‍ ദുരിതക്കാഴ്ച
കെ.പി ശോമിത്ത്
തലശ്ശേരി: ഒന്ന് ശരിക്ക് കിടന്നുറങ്ങിയിട്ട് നാളുകളായി, രാത്രിയായാല്‍ കക്കൂസ് മാലിന്യത്തിന്റെ ദുര്‍ഗന്ധമാണ്, എത്ര പരാതി നല്‍കിയിട്ടും കാര്യമില്ല... തലശ്ശേരി നായനാര്‍ കോളനി നിവാസികളുടെ വാക്കുകളാണിത്. ചേരി നിര്‍മാജന പദ്ധതിയുടെ ഭാഗമായി കെട്ടിപ്പണിത ഫ്‌ളാറ്റാണ് നല്ലൊരു കക്കൂസ് ടാങ്ക് പോലുമില്ലാതെ മത്സ്യത്തൊഴിലാളി ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുന്നത്. ഫണ്ടുകള്‍ പാസാവുകയല്ലാതെ യാതൊന്നും ഇവിടെ നടക്കുന്നില്ലെന്നാണു പ്രദേശവാസികളുടെ ആരോപണം. പഴയ പൊട്ടിയൊലിക്കുന്ന സേഫ്റ്റി ടാങ്ക് ഇതുവരെ മാറ്റി നിര്‍മിച്ചിട്ടില്ല. മുന്‍പുണ്ടായിരുന്ന കെട്ടിടം പൊളിച്ചാണ് പുതിയ ഫ്‌ളാറ്റ് നായനാര്‍ കോളനിയില്‍ നിര്‍മിച്ചത്. 72 കുടുംബങ്ങള്‍ മുന്‍പ് ഇവിടെ താമസിച്ചിരുന്നു. എന്നാല്‍ പുതിയ ഫ്‌ളാറ്റ് നിര്‍മിച്ചപ്പോള്‍ 24 കുടുംബങ്ങള്‍ പുറത്താണ്. ഇനിയും ഒരു കെട്ടിടം നിര്‍മിച്ചാല്‍ മാത്രമേ 24 കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കൂ. അതേസമയം കെട്ടിടം നിര്‍മിക്കാനുള്ള ആര്‍ജവം നഗരസഭ കാണിക്കുന്നില്ലെന്നാണ് കോളനി നിവാസികള്‍ പറയുന്നത്. സേഫ്റ്റി ടാങ്ക് ഇല്ലാത്തതാണ് രൂക്ഷപ്രശ്‌നമായി കുടുംബങ്ങള്‍ അനുഭവിക്കുന്നത്. പഴയ കക്കൂസ് ടാങ്ക് പൊട്ടി മാലിന്യം ഓവുചാലിലൂടെ കടലിലേക്ക് ഒഴുകുന്നതാണു പതിവ്. രാത്രിയായാല്‍ ദുര്‍ഗന്ധം ഇരട്ടിയാകും. നഗരസഭക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പഴയ സേഫ്റ്റി ടാങ്ക് ക്ലീന്‍ ആക്കുകയല്ലാതെ പുതിയൊരു ടാങ്ക് നിര്‍മിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്രദേശത്തെ വൃത്തിയില്ലായ്മ പകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുന്നുണ്ട്.
കൂടാതെ കുടിവെള്ള ലഭ്യതക്കുറവും കോളനി നിവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു. കുടുംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ ആവശ്യമുള്ള വെള്ളം സ്വരൂപിക്കാന്‍ വാട്ടര്‍ ടാങ്കില്ലാത്ത അവസ്ഥയാണ്.
സമീപത്തെ പൊതുകിണറില്‍നിന്നാണ് പൈപ്പ് വഴിയും തലയില്‍ ചുമന്നും ഫ്‌ളാറ്റുകളില്‍ വെള്ളം എത്തിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ പ്രക്ഷോഭത്തിനിറങ്ങാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."