മന്ത്രിമാരുടെ വിദേശയാത്രക്കെതിരേ വടിയെടുത്ത് ഹൈക്കോടതി, കോടതി അലക്ഷ്യ കേസില്‍ സര്‍ക്കാരിന്റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതെന്നും കോടതി
കൊച്ചി: മന്ത്രിമാരെല്ലാം വിദേശയാത്രക്കുപോയി സംസ്ഥാനത്ത് ജനങ്ങളെ ബന്ദികളാക്കുകയാണെങ്കില്‍ പിന്നെ എന്തിനാണ് കോടതി ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ മൂന്നു മന്ത്രിമാരും ചീഫ് സെക്രട്ടറിയടക്കം 12 ഓളം പേരടങ്ങുന്ന സംഘമാണ് ജപ്പാന്‍ സന്ദര്‍ശനത്തിലുള്ളത്. ഇതേ തുടര്‍ന്നാണ് കോടതി മന്ത്രിമാരുടെ ഉല്ലാസ യാത്രക്കെതിരേ രംഗത്തെത്തിയത്.
വിദേശ യാത്രയിലാണ് ഇവര്‍ക്ക് താല്‍പര്യമെന്ന് കോടതി വിമര്‍ശിച്ചു. സര്‍ക്കാറിനെ ഉദ്യോഗസ്ഥര്‍ ബന്ദി ആക്കിയിരിക്കുകയാണെങ്കില്‍ പിന്നെ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശിച്ചത്.
സര്‍ക്കാരിനെതിരായ കോടതി അലക്ഷ്യ കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ വിമര്‍ശനം. നാളികേര വികസന കോര്‍പറേഷനുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ ആണ് സര്‍ക്കാരിന് വിമര്‍ശനം.
നാളികേര വികസന കോര്‍പറേഷനിലെ ജീവനക്കാരുടെ ശമ്പളകുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും മൂന്നു മാസത്തിനകം കൊടുത്ത് തീര്‍ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത് ഒരു വര്‍ഷം മുമ്പാണ്. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരുനടപടിയും ഉണ്ടാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.
സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെങ്കില്‍ കോടതി ഉത്തരവുകള്‍ ഇറക്കുന്നതില്‍ അര്‍ഥമില്ല. സര്‍ക്കാരിന്റെ നടപടികള്‍ മനുഷ്യത്വമില്ലാത്തതാണെന്നും സര്‍ക്കാര്‍ ബ്യൂറോക്രസിയുടെ തടവിലാണെങ്കില്‍ ഒന്നും പറയാനില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."