കിറ്റുകള്‍ പൂഴ്ത്തിവച്ച സംഭവം: റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനായി ജില്ലാ ഭരണകൂടം നല്‍കിയ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ചത് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ സാംബശിവറാവു ഉത്തരവിട്ടു.
ദുരന്തനിവാരണ അതോറിറ്റി തലവനായ ഡപ്യൂട്ടി കലക്ടര്‍, അഡിഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ക്കാണ് കലക്ടര്‍ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. യു.ഡി.എഫ് നേതാക്കള്‍ കലക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഞായറാഴ്ച രാത്രിയാണ് കാരശ്ശേരിയിലെയും കറുത്തപറമ്പിലെയും സാംസ്‌കാരിക നിലയങ്ങളില്‍ സൂക്ഷിച്ച ദുരിതാശ്വാസ കിറ്റുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. രാത്രി കിറ്റുകള്‍ കടത്തുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് തങ്ങള്‍ സാംസ്‌കാരിക നിലയം താഴിട്ടുപൂട്ടുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
തുടര്‍ന്ന് യു.ഡി.എഫ് നേതാക്കളും സ്ഥലത്തെത്തി. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സെക്രട്ടറി വൈ.പി മുഹമ്മദ് അഷ്‌റഫ് സ്ഥലത്തെത്തി സാംസ്‌കാരിക നിലയങ്ങള്‍ സീല്‍ ചെയ്യുകയായിരുന്നു.
അതേസമയം തങ്ങള്‍ക്ക് ആവശ്യമുള്ളതില്‍ നിന്നു വളരെ കുറവ് കിറ്റുകള്‍ ലഭിച്ച സാഹചര്യത്തിലാണ് വിതരണം ചെയ്യാതെ സൂക്ഷിച്ചതന്നായിരുന്നു പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."