ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കമ്മിഷണറെ നിയമിക്കും
കൊച്ചി: ശബരിമലയിലെ യുവതീ ദര്‍ശനത്തിനെതിരേ സംഘ്പരിവാര്‍ നടത്തിയ ഹര്‍ത്താലിലുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്തി ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ക്ലെയിം കമ്മിഷണറെ നിയമിക്കുമെന്ന് ഹൈക്കോടതി.
ക്ലെയിം കമ്മിഷണര്‍ നിയമനം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് എ.എം ഷെഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹൈക്കോടതി രജിസ്റ്റാര്‍ ജനറലിന് നിര്‍ദേശം നല്‍കി.
കമ്മിഷന്‍ തലപ്പത്ത് സിറ്റിങ് ജഡ്ജി വേണോ വിരമിച്ച ജഡ്ജി വേണോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ച് അറിയിക്കേണ്ടത്. അക്രമങ്ങളിലെ നഷ്ടം കണക്കാക്കാന്‍ അസസര്‍മാരെ നിയമിക്കുന്നതിലും അവരെ സഹായിക്കാനുള്ള ജീവനക്കാരുടെ കാര്യത്തിലും നിലപാട് അറിയിക്കാന്‍ സര്‍ക്കാര്‍ അടക്കമുള്ള കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. നാശനഷ്ടങ്ങളുടെ സ്വഭാവം അനുസരിച്ച് മോട്ടോര്‍ വാഹനവകുപ്പ്, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളില്‍ നിന്നുള്ള എന്‍ജിനീയര്‍മാര്‍ വിലയിരുത്തല്‍ സംഘങ്ങളില്‍ വേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ജനുവരി രണ്ട്, മൂന്ന് തിയതികളില്‍ നടത്തിയ ഹര്‍ത്താലിന് ഉത്തരവാദികളായ ശബരിമല കര്‍മസമിതി, ബി.ജെ.പി, ആര്‍.എസ്.എസ്, ഹിന്ദു ഐക്യവേദി തുടങ്ങിയ സംഘടനകളുടെ നേതാക്കളില്‍ നിന്ന് നഷ്ടം ഈടാക്കി ഇരകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ടി.എന്‍ മുകുന്ദന്‍ അടക്കം നല്‍കിയ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഹര്‍ത്താലില്‍ 99 ബസുകള്‍ തകര്‍ക്കപ്പെട്ടെന്ന് കെ.എസ്.ആര്‍.ടി.സിയും ഹൈക്കോടതിയെ അറിയിച്ചു. 3.35 കോടി രൂപയുടെ നഷ്ടമുണ്ടായി. തകര്‍ന്ന ബസുകള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നഷ്ടം പിന്നെയും കൂടി. പൊതു ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യം തടയപ്പെട്ടു. ഉത്തരവാദികള്‍ക്കെതിരേ നടപടി വേണം. നഷ്ടം കണക്കാക്കി ഈടാക്കാന്‍ സിറ്റിങ്ങ് സുപ്രിം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ ക്ലെയിം കമ്മിഷന്‍ രൂപീകരിക്കണമെന്നും കെ.എസ്.ആര്‍.ടി.സി ആവശ്യപ്പെട്ടു.
ഈ രണ്ടു ദിവസത്തെ ഹര്‍ത്താലുകളില്‍ സംസ്ഥാനത്ത് 215 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വ്യാപകമായ അക്രമമുണ്ടായി. കേസുകളിലെല്ലാം പൊതുസ്വകാര്യസ്വത്തുകള്‍ നശിപ്പിക്കപ്പെട്ടു. പൊതുഖജനാവിനും സ്വകാര്യവ്യക്തികള്‍ക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. അതിനാല്‍ ക്ലെയിം കമ്മിഷണറെ അടിയന്തരമായി നിയമിക്കണമെന്നും സീനിയര്‍ ഗവ. പ്ലീഡര്‍മാരായ പി. നാരായണനും വി. മനുവും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."