കെ.എസ്.ആര്.ടി.സിയെ രക്ഷിക്കണം; സി.ഐ.ടി.യു സമരം തുടങ്ങി
തിരുവനന്തപുരം: ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ രൂക്ഷമായി വിമര്‍ശിച്ച് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്. മന്ത്രിപദം കേവലം പദവിയായി കൊണ്ടുനടന്നാല്‍ പോര, ഭരണം നടക്കുന്നുണ്ടെന്ന് ജനങ്ങളെയും തൊഴിലാളികളെയും ബോധ്യപ്പെടുത്തണം. വേറെ വലിയ ജോലിയൊന്നുമില്ലല്ലോ, കെ.എസ്.ആര്.ടി.സി വകുപ്പല്ലേയുള്ളൂ. തൊഴിലാളികള്‍ക്കെതിരേ ശത്രുക്കള്‍ നടത്തുന്ന തെറ്റായ ആരോപണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന പണിയല്ല മന്ത്രിയെടുക്കേണ്ടതെന്നും ആനത്തലവട്ടം പറഞ്ഞു.
കെ.എസ്.ആര്.ടി.സിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്.ടി.ഇ.എ (സി.ഐ.ടി.യു) സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്യവേയാണ് ആനത്തലവട്ടം മന്ത്രിക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്തിയത്.
എല്ലാ വകുപ്പുകള്‍ക്കും ശമ്പളം കൊടുക്കുകയും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ക്ക് മാത്രം നല്‍കാതിരിക്കുകയും ചെയ്യുന്നത് എങ്ങനെ ന്യായീകരിക്കാനാകും.
ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികള്‍ പൊതുഖജനാവിലെ പണം തിന്നു മുടിക്കുന്നുവെന്നാണ് വ്യാപക പ്രചാരണം.
കൂലി കിട്ടാതെ പണിയെടുക്കാനാവില്ല. സ്ഥാപനം പ്രതിസന്ധിയിലായത് തൊഴിലാളികളുടെ കുറ്റം കൊണ്ടല്ലെന്നും ആനത്തലവട്ടം പറഞ്ഞു.
കെ.എസ്.ആര്.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഏറെ വിമര്ശനമേല്ക്കേണ്ടിവന്ന സാഹചര്യത്തിലാണ് സി.ഐ.ടി.യു യൂനിയന്‍ സെക്രട്ടറിയേറ്റ് നടയില്‍ സമരം ആരംഭിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം ശമ്പളം വൈകിയപ്പോള്തന്നെ മറ്റു യൂനിയനുകള്‍ സമരം ആരംഭിച്ചെങ്കിലും ശമ്പളം ലഭിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ സമരം ആരംഭിച്ചതും തൊഴിലാളികള്‍ക്കിടയില്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. തൊഴിലാളികള്‍ക്കിടയില്‍ യൂനിയന്റെ വിശ്വാസ്യത നിലനിര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സമരത്തിന് അവര്‍ക്ക് തീരുമാനിക്കേണ്ടിവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."